ഇരിട്ടി : ഒരുവർഷം മുൻപ്‌ നൽകിയ അനുമതിയുമായി ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽനിന്ന് ചൂരൽ മുറിച്ചുകടത്തുന്നത് വിവാദമായതോടെ പുരധിവാസ മിഷൻ അധികൃതർ തടഞ്ഞു.

ആദിവാസികൾക്ക് പതിച്ചുനൽകിയ ബ്ലോക്ക് 13-ൽ ഉൾപ്പെടെ വിവിധ ബ്ലോക്കുകളിൽനിന്നാണ് ചൂരൽ മുറിച്ചത്. ഇത് അനധികൃതമാണെന്ന് ആരോപണം ഉയർന്നതോടെ ചൂരൽ കയറ്റിയ നാഷണൽ പെർമിറ്റ് ലോറി പുനരധിവാസ മിഷൻ സൈറ്റ് മാനേജറുടെ നിർദേശപ്രകാരം ആറളം ഫാമിന്റെ കക്കുവയിലെ ചെക്പോസ്റ്റിൽ ഒരുദിവസം മുഴുവൻ തടഞ്ഞുവെച്ചു. ഫാമിൽ ഭൂമി ലഭിച്ച ഗുണഭോക്താക്കൾ കളക്ടർക്ക് നൽകിയ പാരാതിയെ തുടർന്ന് ചൂരൽ മുറിക്കുന്നത് നിയമവിരുദ്ധമായിട്ടല്ലെന്ന് മനസ്സിലായതോടെ തടഞ്ഞുവെച്ച ലോറി വിട്ടുനൽകുകയും മുറിക്കാൻ അനുമതി നൽകുകയും ചെയ്തു.

മേഖലയിൽ കാട്ടാനശല്യം രൂക്ഷമാവുകയും ഫാമിൽനിന്ന് തുരത്തുന്ന ഇവ പുരനധിവാസ മേഖലയിൽ ചൂരൽ വളർന്നുനില്ക്കുന്ന പ്രദേശത്താണ് താവളമാക്കുന്നതെന്നും മനസ്സിലാക്കി.

ചൂരൽ മുറിക്കാൻ അനുമതി തേടി നിരവധിതവണ ഗുണഭോക്താക്കൾ കളക്ടർക്കും വനംവകുപ്പിനും അപേക്ഷ നൽകിയിരുന്നു. മേഖലയിലെ താമസക്കാരുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലാക്കി അധികൃതർ ചുരൽ മുറിക്കാൻ അനുമതി നൽകി. 2020-ൽ തലശ്ശേരി സബ് കളക്ടറാണ് മുറിക്കാൻ അനുമതി നൽകിയത്. സബ് കളക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുറിക്കുന്ന ചൂരൽ ഫാമിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വനംവകുപ്പും അനുമതി നൽകി. കോവിഡിനെ തുടർന്ന് ചൂരൽ മുറിക്കൽ നടക്കാതെ പോയി. പഴയ ഉത്തരവുമായി മുറിക്കൽ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.

പ്രൊമോട്ടർമാർ മേൽനോട്ടം വഹിക്കും

:ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽനിന്ന് മുറിക്കുന്ന ചൂരലിന്റെ വില കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല എസ്.ടി. പ്രൊമോട്ടർമാർക്കായിരിക്കും. 10 എണ്ണം അടങ്ങുന്ന ഒരു ചൂരൽക്കെട്ടിന് 20 രൂപ നിരക്കിൽ താമസക്കാർക്ക് നൽകണം. ഇത് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രൊമോട്ടർമാരുടെ ചുമതലയെന്ന് ടി.ആർ.ഡി.എം. സൈറ്റ് മാനേജർ പി.പി. ഗിരീഷ് പറഞ്ഞു. കാട്ടാനശല്യം രൂക്ഷമാകുന്നതും കാലാകാലം നശിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ചൂരൽ വിൽക്കുന്നതിലൂടെ ആദിവാസികൾക്ക് വരുമാനമുണ്ടാകുമെന്ന് കരുതിയാണ് വില്പനയ്ക്ക് അനുമതി നൽകിയത്. വിവാദത്തിന് ഒരടിസ്ഥാനവും ഇല്ല. ഒരുവർഷം മുൻപ്‌ നൽകിയ ഉത്തരവ് പുതുക്കിക്കിട്ടുന്നതിന് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പഴയ ഉത്തരവ് നിലനില്ക്കുന്നതിനാൽ പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ലഭിച്ചിട്ടും വർഷങ്ങളായി താമസം തുടങ്ങാത കുടുംബങ്ങളുടെ ഭൂമിയിലാണ് ചൂരൽ വളന്ന് പന്തലിച്ചുനില്ക്കുന്നത്. മേഖലയിലെ കാട്ടാനശല്യത്തിന് പ്രധാന കാരണം കാടാണെന്നും അതുകൊണ്ട് വെട്ടിത്തെളിക്കണമെന്നും കാണിച്ച് നിരവധി പരാതികൾ ആദിവാസി പുനരധിവാസമിഷനും ജില്ലാ ഭരണകൂടത്തിനും ലഭിച്ചിരുന്നു. ഇതിനൊപ്പമാണ് ചൂരൽ മുറിക്കാനുള്ള അനുമതി തേടിയുള്ള പുനരധിവാസ മേഖലയിലെ ഗുണഭോക്താക്കളുടെ പരാതിയും ലഭിക്കുന്നത്.