തിമിരി : കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും അധ്യാപകരുടെയും ജീവനക്കാരുടെയും അടിക്കടിയുള്ള സ്ഥലംമാറ്റവും തിമിരി ഗവ. യു.പി. സ്കൂൾ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി.

മലയോരമേഖലയിലെ ഏറ്റവും പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ആലക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഈ സ്കൂൾ. എന്നാൽ പശ്ചാത്തല സൗകര്യത്തിൽ ഏറെ പിന്നിലാണ്. ആയിരത്തോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഇവിടെ നിലവിൽ ഏഴാംതരം വരെ 120-ഓളം കുട്ടികൾ മാത്രമാണുള്ളത്. ഇതിൽത്തന്നെ പലരും ടി.സി. വാങ്ങി മറ്റ് സ്കൂളുകളിലേക്ക് മാറുന്നു. പഞ്ചായത്തിലെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നാണിത്. ദരിദ്രരുടെ മക്കളാണ് വിദ്യാർഥികളിലേറെയും.

തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സ്കൂളായതിനാൽ ദൂരദേശങ്ങളിൽനിന്ന് നിയമനം നേടിയെത്തുന്നവർ ഒരുവർഷം തികയുംമുൻപേ സ്ഥലംമാറ്റം നേടിപ്പോകുന്നു. അധ്യയന വർഷത്തിന്റെ പകുതിയിലുള്ള സ്ഥലംമാറ്റം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നു. നിലവിൽ രണ്ട് താത്‌കാലിക അധ്യാപകർ സ്കൂളിൽ ജോലിചെയ്യുന്നുണ്ട്. സ്ഥിര അധ്യാപകരിൽ ഒരാൾ അവധിയിലാണ്. രണ്ടുമാസം മുൻപ് നിയമിതനായ ഓഫീസ് അസിസ്റ്റന്റാകട്ടെ വന്നതിനേക്കാൾ വേഗത്തിൽ സ്ഥലംമാറി പോയി.

പഠനം പഴയ കെട്ടിടത്തിൽ

:സമീപത്തെ മറ്റ് സർക്കാർ വിദ്യാലയങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളാലും അനുബന്ധ സൗകര്യങ്ങളിലും സമ്പന്നമായിട്ടും തിമിരി സ്കൂളിന് പറയത്തക്ക മാറ്റമൊന്നുമില്ല. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തണലിൽ മറ്റു വിദ്യാലയങ്ങൾ പടർന്ന് പന്തലിക്കുമ്പോൾ ഇരിക്കാൻ മരത്തണൽ തേടേണ്ട ഗതികേടിലേക്കാണ് ഇവിടത്തെ കുട്ടികൾ. മുൻപ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരിക്കുകയാണ്. കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, പ്രീ- പ്രൈമറി ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികളും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. എട്ടുവർഷംമുൻപ് നിർമിച്ച സ്മാർട്ട് ക്ലാസ് മുറി കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടങ്ങൾക്കും കാലപ്പഴക്കമുണ്ട്. അപകടാവസ്ഥയിലായ ഒരു കെട്ടിടം പഞ്ചായത്ത് ഫണ്ടിൽ അറ്റകുറ്റപ്പണി നടത്തി.

സ്കൂൾ വികസനത്തിനായി മന്ത്രിമന്ദിരങ്ങൾ വരെ കയറിയിറങ്ങി. നിവേദനം നൽകി മടുത്തപ്പോൾ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പി.ടി.എ. അത്യാവശ്യ കാര്യങ്ങൾ ചെയ്തു. ശൗചാലയം പി.ടി.എ. ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത് ഒരു ഉദാഹരണമാണ്.