അഞ്ചരക്കണ്ടി : കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിലെ സി.ഐ.എസ്.എഫ്. ജീവനക്കാരനാണെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് ഫോൺ വിളിച്ച് ഭക്ഷണത്തിന് ഓർഡർ നൽകി ഹോട്ടലുടമയെ പറ്റിച്ചു.

25 പേർക്ക് ആവശ്യമായ ഭക്ഷണം റെഡിയാക്കാൻ ആവശ്യപ്പെട്ട്‌ വ്യാഴാഴ്ച പത്തുമണിയോടെയാണ് ഫോൺ വഴി വിളിയെത്തിയത്. 15 ബിരിയാണി, 45 പൊറോട്ട, ചിക്കൻഫ്രൈ, ചില്ലിചിക്കൻ എന്നിങ്ങനെ നിരവധി വിഭവങ്ങൾക്കാണ് ഓർഡർ നൽകിയത്. ആവശ്യപ്പെട്ടവ റെഡിയാക്കി ഹോട്ടലുടമ കാത്തിരുന്നിട്ടും പാഴ്സൽ എടുക്കാൻ വിളിച്ചുപറഞ്ഞയാൾ എത്തിയില്ല. കഴിഞ്ഞ ദിവസം അഞ്ചരക്കണ്ടിയിലെ സാഗർ ഹോട്ടലിലാണ് സംഭവം. രാവിലെ 10.30-ഓടെ വിളിച്ചാണ് ഭക്ഷണം ബുക്കുചെയ്തത്. ഹോട്ടലുടമ ആവശ്യമായ സാധനങ്ങൾ വാങ്ങി ആഹാരം പാകംചെയ്ത ശേഷം വിളിച്ചറിയിച്ചു. ആഹാരമെടുക്കാൻ ആളെ അയക്കാമെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ്, വരുന്ന ആളുടെ വണ്ടി അപകടത്തിൽപ്പെട്ടെന്നും മറ്റൊരു വണ്ടി അയക്കാമെന്നും പറഞ്ഞു. പക്ഷേ, പണം കൊടുത്തയക്കാൻ ഇപ്പോൾ പറ്റില്ലെന്നും അക്കൗണ്ടിൽ അയക്കാമെന്നും പറഞ്ഞു. ഹോട്ടലുടമയുടെ ആധാർ കാർഡ് നമ്പർ എ.ടി.എം. കാർഡിന്റെ വിശദാംശങ്ങൾ തുടങ്ങി പലതും ഇയാൾ ആവശ്യപ്പെട്ടു. പക്ഷേ, ഉടമ ഇതൊന്നും നൽകിയില്ല. ഹോട്ടലുടമയുടെ വാട്സാപ്പിൽ സി.ഐ.എസ്.എഫ്. ജീവനക്കാരന്റെ ഐ.ഡി. കാർഡും മറ്റും നേരത്തേ അയച്ചുനൽകിയിരുന്നു.

അയാളുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചപ്പോൾ കൂടുതലൊന്നും പറയാതെ കോൾ കട്ട് ചെയ്തു. ഏറെനേരം കഴിഞ്ഞാണ് പറ്റിക്കപ്പെട്ടത് ഹോട്ടലുടമ തിരിച്ചറിഞ്ഞത്.

സംഭവം സംബന്ധിച്ച് ഹോട്ടലുടമ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.