ചിറ്റാരിപ്പറമ്പ്: അരലക്ഷം രൂപയുടെ ഫണ്ട് തിരിമറി നടത്തിയതിന് ചിറ്റാരിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ജീവന്‍ലാലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ ചിറ്റാരിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ വികലാംഗര്‍ക്കുള്ള ഉപകരണ വിതരണ നിര്‍ണയ ക്യാമ്പുമായി ബന്ധപ്പെട്ടാണിത്.
198 പേര്‍മാത്രം പങ്കെടുത്ത ക്യാമ്പില്‍ 320 പേര്‍ പങ്കെടുത്തെന്നും ഇവര്‍ക്ക് ബിരിയാണി വിതരണംചെയ്തുവെന്നും രേഖയുണ്ടാക്കി സര്‍ക്കാര്‍ ഫണ്ട് ദുരുപേയാഗംചെയ്‌തെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെയും (വിജിലന്‍സ്) ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അന്വേഷണങ്ങളില്‍ ബോധ്യമായിരുന്നു. 320 ഭക്ഷണപ്പൊതിയുടെ വിലയില്‍നിന്ന് 198 എണ്ണത്തിന്റെ വിലയായ 24,750 രൂപ ഒഴിവാക്കി ബാക്കി 15,250 രൂപ ബാധ്യതയായി കണക്കാക്കി ഡോ. ജീവന്‍ലാലില്‍നിന്ന് തിരിച്ചുപിടിക്കും. അദ്ദേഹത്തിന്റെ വാര്‍ഷികവേതനവര്‍ധന ഒരുവര്‍ഷത്തേക്ക് തടയാനും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ശുപാര്‍ശചെയ്തിട്ടുണ്ട്.