ചിറ്റാരിപ്പറമ്പ്: ചുണ്ടയിലെ സി.പി.എം. പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പ്രേമനെ വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ പോലീസ് കണ്ടെടുത്തു. എടയാര്‍ വിഷ്ണുക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച വടിവാളാണ് പോലീസ് കണ്ടെത്തിയത്. മുംബൈ വിമാനത്താവളത്തില്‍വെച്ച് പോലീസ് പിടികൂടി റിമാന്‍ഡിലായ മുഖ്യപ്രതി പേരാവൂര്‍ വെള്ളാര്‍വള്ളിയിലെ തെക്കുമ്പാടന്‍ പ്രജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി ചിറ്റാരിപ്പറമ്പിലും കണ്ണവത്തും എത്തിയപ്പോഴാണ് പ്രതി പ്രേമനെ വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ ഒളിപ്പിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുത്തത്. വട്ടോളിയിലെ കുയ്യലാട്ട് പോലീസ് തിരച്ചില്‍നടത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടെത്തിയില്ല. 2015 ഫിബ്രവരി 25-ന് രാത്രി ടൗണില്‍ വെട്ടേറ്റ പ്രേമന്‍ 26-ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ ഒമ്പത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ പ്രതികള്‍ റിമാന്‍ഡിലാണ്.