ഇന്ത്യയിൽ ആദ്യമായി നാർക്കോ അനാലിസിസിന് വിധേയനായ നക്സലൈറ്റ്. രാഷ്ട്രപതിയുടെ ഒപ്പോടെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട വ്യക്തി, അഞ്ചുവർഷത്തോളം ഉരുട്ടലുൾപ്പെടെ പോലീസിന്റെ കൊടിയ മർദനങ്ങൾക്ക് വിധേയനായ വ്യക്തി. ആലക്കോടിനു സമീപം കാർത്തിക പുരത്ത് പി.ടി.തോമസ് എന്ന പഴയകാല നക്സലൈറ്റുണ്ട്. പഴയതൊന്നും ഓർമിച്ചെടുക്കാൻപോലും ഇഷ്ടമില്ലാത്ത ചങ്ങനാശ്ശേരിക്കാരൻ..

ധ്യാപകനും എഴുത്തുകാരനുമായ കെ.എസ്.വിനോദാണ് പറഞ്ഞത്, പി.ടി.തോമസ് കാര്‍ത്തികപുരത്തു തന്നെയുണ്ടെന്ന്. കുന്നിന്‍ചെരിവിലെ കൊച്ചുവീട്ടില്‍ വേണമെങ്കില്‍ പോയി സംസാരിക്കാം. പക്ഷേ പഴയതൊന്നും പറയാന്‍ പി.ടി. തോമസിന് ഇപ്പോള്‍ താത്പര്യമില്ല. അതിന് കാരണവും അദ്ദേഹം പറയും. ഇപ്പോള്‍ അപ്രസക്തമെന്നു പറഞ്ഞ് കാലം കുഴിച്ചുമൂടിയ ഓര്‍മകളാണത്. വെടിയേറ്റുവീണ ചുവന്ന കിളിക്കൂട്ടങ്ങളുടെ ഫോസിലുകളെക്കുറിച്ച് ചരിത്രമെഴുതിയിട്ട് എന്തുകാര്യം എന്നായിരിക്കാം തോമസിന്റെ മനസ്സിലിരിപ്പ്.

40 വര്‍ഷം മുന്‍പ് വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ പെരുവഴികളും ഒറ്റയടിപ്പാതകളും ഇരുള്‍വഴികളും കണ്ടറിഞ്ഞ വ്യക്തിയാണ് തോമസ്. അദ്ദേഹത്തെപ്പോലെ എത്രയോ പേര്‍. അവരെല്ലാം വഴിപിരിഞ്ഞു പലവഴികളിലായി. ഒറ്റപ്പെട്ട തുരുത്തുകളായും വേരുകള്‍ മുറ്റിയ ഒറ്റമരമായും അവശേഷിച്ചു. ഒരിക്കല്‍ ജ്വലിച്ച ചില പന്തങ്ങള്‍ പിന്നീട് ആധ്യാത്മികതയുടെ നിലവിളക്കിന്റെ നെയ്ത്തിരിയായി മാറി ജീവിക്കുന്നു.

ആരവങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഇന്ന് പുതിയ തലമുറയ്ക്ക് രസിപ്പിക്കുന്ന കഥകള്‍ മാത്രമാണ്. കഥ പറയാനും കേള്‍ക്കാനും താത്പര്യമില്ലാത്ത തോമസ് അതുകൊണ്ടുതന്നെ അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

ശുദ്ധസന്ന്യാസിയുടെ നിര്‍മമത്വത്തില്‍നിന്നുകൊണ്ട് ശാന്തവും സ്വച്ഛവുമായ ഒരു ചിരിയിലൊതുക്കിമാത്രമേ പഴയ നക്‌സലൈറ്റായ തോമസ് ആരോടും സംസാരിക്കാറുള്ളൂ. നാട്ടുകാരനായ വിനോദിന് പി.ടി. അങ്ങനെ മനസ്സില്‍നിന്ന് മിന്നിമറയുന്ന കൊള്ളിയാന്‍ പ്രതിഭാസമല്ല. മറിച്ച് മിന്നല്‍പുരണ്ട ഇടിനാദങ്ങളുടെ ഓര്‍മകള്‍കൂടിയാണ്. അതിനാലാവാം വിനോദിന്റെ 'ആത്മക്കുരുതിയുടെ വേനല്‍' എന്ന നോവലില്‍ (മികച്ച നോവലിനുള്ള പുരസ്‌കാരം നേടിയ കൃതി) പി.ടി. തോമസ് പി.ടി.സ്റ്റീഫന്‍ എന്ന കഥാപാത്രമായി വരുന്നത്. എഴുത്തുകാരന്‍ കഥാപാത്രത്തെ തേടിപ്പോകുന്ന ഒരു പുതുമ കൂടിയുണ്ട് ആലക്കോട് വഴി കാര്‍ത്തികപുരത്തേക്കുള്ള ഞങ്ങളുടെ യാത്രയില്‍.

പോക്കുവെയില്‍ ചാഞ്ഞിറങ്ങിയ ചെരിഞ്ഞ പ്രദേശം. കൊടിയ ചൂടില്‍ കരിഞ്ഞു മഞ്ഞച്ചുപോയ മരങ്ങള്‍ക്കിടയിലെ ചെറിയ വീടിനുമുന്നില്‍ പി.ടി. ഇരിപ്പുണ്ട്. കഷണ്ടി കയറിയ തല, നരച്ച താടി, കട്ടിക്കണ്ണട. പരമശാന്തനായ ഒരു മനുഷ്യന്‍. ഇയാളാണോ ഇന്ത്യയില്‍ ആദ്യമായി പോലീസ് നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയ വ്യക്തി. കൊടിയ മര്‍ദനങ്ങള്‍ക്കും ഉരുട്ടലിനും വിധേയമായപ്പോള്‍ പോലും സഹപ്രവര്‍ത്തകരെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാതെ പോലീസുകാരുടെ അരിശം മുഴുവന്‍ ഏറ്റുവാങ്ങിയ ശരീരത്തിനുടമ. ജയറാം പടിക്കല്‍ എന്ന പോലീസ് ഓഫീസറുടെ ക്രോധനിര്‍ദേശങ്ങള്‍ക്കുമുന്നില്‍ നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയനായ പി.ടി.തോമസ്.

PT Thomas
പി.ടി തോമസ്

1970-കളില്‍ കേരളത്തിലുണ്ടായ നക്‌സലൈറ്റ് വിപ്ലവങ്ങളിലെ ചോരപുരണ്ട ആക്ഷന്‍ സമരങ്ങളിലോ തലവെട്ട് സംഭവങ്ങളിലോ ഒന്നും പി.ടി.തോമസ് ഇല്ല. മറിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഉള്‍പ്പെടെ സഹപ്രവര്‍ത്തകര്‍ ആശയപോരാട്ടത്തിലായിരുന്നു. പോലീസ് അത്തരക്കാരെ വേട്ടയാടിയത് അതുകൊണ്ടുതന്നെ. ആയുധത്തേക്കാള്‍ മുറിവുണ്ടാക്കുന്നതാണ് ആശയങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. നക്‌സലൈറ്റ് വിപ്ലവത്തിന്റെ ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പലപ്പോഴും തോമസും അന്ന് സഹപ്രവര്‍ത്തകനായിരുന്ന പ്രമുഖ എഴുത്തുകാരന്‍ എം.സുകുമാരനെപ്പോലുളളവരും ആയിരുന്നു. അതു കൊണ്ടുതന്നെയാണ് ഒരുരാത്രിയില്‍ താമസിക്കുന്ന മുറിയില്‍വെച്ച് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ പി.ടി.തോമസ് അറസ്റ്റുചെയ്യപ്പെടുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം നക്‌സല്‍വേട്ടയ്ക്ക് നേതൃത്വം നല്‍കിയ ജയറാം പടിക്കലിന്റെ പോലീസിന്റെ കൈയില്‍ അഞ്ചരക്കൊല്ലത്തോളം ജയിലില്‍. കൊടിയ മര്‍ദന പരീക്ഷണങ്ങള്‍. ഏജീസ് ഓഫീസില്‍ ചെറുപ്രായത്തില്‍ ജോലിക്കു ചേര്‍ന്ന അദ്ദേഹം ഉയര്‍ന്ന പോസ്റ്റില്‍ വിരമിക്കേണ്ടയാളായിരുന്നു. പക്ഷേ ഇരുപത്തിരണ്ടാം വയസ്സില്‍ ജയിലിലേക്കും അവിടെനിന്ന് പിരിച്ചുവിടലിലേക്കും പിന്നീട് തുടര്‍ച്ചയായ സമരങ്ങളിലേക്കും വഴിമാറ്റപ്പെട്ടു ആ ജീവിതം.

'കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് എന്റേത് അത്ര വലിയ പങ്കൊന്നുമല്ല. അതുകൊണ്ടുതന്നെ എനിക്ക് അത്ര വലിയ സാഹസങ്ങളൊന്നും പറയാനുമില്ല'-പി.ടി.തോമസ് പറഞ്ഞു. ഉള്‍വലിയുന്ന പ്രകൃതമാണ് ഇപ്പോള്‍ എന്റേത്- അദ്ദേഹം ചിരിക്കുന്നു.

നക്‌സലൈറ്റ് ഗൂഢാലോചനയുടെ പേരില്‍ പി.ടി.തോമസിനെ ജോലിയില്‍നിന്ന് പരിച്ചുവിടുന്നതില്‍ത്തന്നെ ഒരു അപൂര്‍വതയുണ്ട്. ഭരണഘടനയുടെ 311-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലാണ് പിരിച്ചുവിടല്‍. പ്രസിഡന്റ് നേരിട്ട് ഒപ്പിട്ട ഒരുത്തരവ്. രണ്ടുപേരെ അങ്ങനെ പിരിച്ചുവിടുന്നുണ്ട്. അന്ന് വി.വി.ഗിരിയായിരുന്നു രാഷ്ട്രപതി. 1968-ല്‍ ഏജീസ് ഓഫീസുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ സമരങ്ങളുടെ വേലിയേറ്റമായിരുന്നു. ബംഗാളിലും കേരളത്തിലും സമരങ്ങള്‍ കുറേക്കൂടി അക്രമാസക്തമാണ്. സമരക്കാരില്‍ ചിലര്‍ മരിക്കുന്നുണ്ട്. പോലീസ് മര്‍ദനങ്ങളുടെ കഥകള്‍ എവിടെയുമുണ്ട്. ഏജീസ് ഓഫീസില്‍ ഘൊരാവോ നടക്കുന്നുണ്ട്. പോലീസ് അതിനെയൊക്കെ ശക്തമായി നേരിടുന്നുണ്ട്. ഏജീസ് ഓഫീസ് യൂണിറ്റിലെ സമരം കുറേക്കൂടി കടുത്തതായി പോലീസിനു തോന്നി. അതുകൊണ്ടുതന്നെ ഈ സമരത്തിനുപിന്നിലെ നക്‌സലൈറ്റ് സ്വാധീനം പോലീസിന് വ്യക്തമായിരുന്നു. കേരളത്തിലെ പലസ്ഥലത്തും നടക്കുന്ന ആക്ഷനുകളിലെ ബൗദ്ധികശക്തികള്‍ ഏജീസ് ഓഫീസ് കേന്ദ്രീകരിച്ചുള്ളതാണെന്ന് പോലീസ് സംശയിച്ചു. അന്ന് ഏജീസ് ഓഫീസ് യൂണിയന്റെ പ്രസിഡന്റ് ത്രിവിക്രമന്‍ പിള്ള എന്നയാളായിരുന്നു. നല്ല ഉശിരുള്ള ചെറുപ്പക്കാരന്‍. അദ്ദേഹത്തെയും പി.ടി.തോമസിനെയും ഒന്നിച്ചാണ് രാഷ്ട്രപതി നേരിട്ട് പിരിച്ചുവിടുന്നത്.

അന്നത്തെ അറസ്റ്റിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പി.ടി.യുടെ മുഖത്ത് ഓര്‍മകള്‍ കനപ്പെടുന്നു. അന്ന് ജയിലില്‍ പിടിച്ചാല്‍ പ്രത്യേകിച്ചും നക്‌സലൈറ്റുകാരെ പിടിച്ചാല്‍ എന്തു സംഭവിക്കുമോ അതെല്ലാം സംഭവിച്ചു. മരിക്കാത്തതിനാല്‍ ഇേപ്പാള്‍ സംസാരിക്കുന്നു -അദ്ദേഹം ചിരിച്ചു.

നാര്‍ക്കോ അനാലിസിസ്

അറസ്റ്റ് ചെയ്യപ്പെട്ടശേഷം ക്രൂരമായ പീഡനങ്ങള്‍ക്കിരയായ പി.ടി.യില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ജയറാം പടിക്കലിന്റെ പോലീസ് നാര്‍ക്കോ അനാലിസിസിന് വിധേയമാക്കി 'ട്രൂത്ത് സിറം' എന്നാണ് അതിന് അക്കാലത്തുണ്ടായ മറ്റൊരു പേര്. ഞരമ്പുകളെയും ബോധത്തെയും തളര്‍ത്തി മനസ്സില്‍ ഒളിച്ചുവെച്ച കാര്യങ്ങള്‍ ചില രാസവസ്തു കുത്തിവെച്ച് പുറത്തുകൊണ്ടുവരുന്നതാണ് നാര്‍ക്കോ അനാലിസിസ്.

അന്ന് അത് കേട്ടുകേള്‍വിമാത്രമുള്ള ഒന്നായിരുന്നു. പാതിബോധം നഷ്ടപ്പെടുന്നതോടെ മനസ്സില്‍ സൂക്ഷിച്ച സത്യങ്ങള്‍ വ്യക്തി അറിയാതെ പുറത്തുവരുത്തുക എന്നതാണ് നാര്‍ക്കോ അനാലിസിസിന്റെ രീതി. സോഡിയം പെന്റാതോള്‍ എന്ന രാസവസ്തുവാണെത്ര കുത്തിവെക്കുക.

അറസ്റ്റിനുശേഷം നിരന്തരമര്‍ദനങ്ങള്‍ക്ക് വിധേയമാക്കിയിട്ടും പി.ടി.യില്‍നിന്ന് ഒരു വിവരവും പോലീസിന് ലഭിച്ചില്ല. കോടതിയില്‍ ഹാജരാക്കാതെയാണ് കസ്റ്റഡിയില്‍ മര്‍ദനം തുടര്‍ന്നത്. പിന്നീട് ശരീരം തകര്‍ന്നപ്പോള്‍ അവര്‍ പി.ടി.യെ ചികിത്സയ്ക്ക് വിധേയമാക്കി. ആരോഗ്യം തിരിച്ചുതന്നത് മറ്റൊന്നിനുമല്ല നാര്‍ക്കോ അനാലിസിസിനു വേണ്ടിയാണെന്ന് പിന്നീട് മനസ്സിലായി. ഞാന്‍ ഒന്നും പറഞ്ഞില്ലെന്നാണ് തോന്നുന്നത്.

നക്‌സലൈറ്റുകാരായ പലരെയും ഒളിവില്‍ പാര്‍പ്പിച്ചു, ഗൂഢാലോചന നടത്തി, ഒളിവിലെ നേതാക്കളെ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചു, ആശയപ്രചാരണം നടത്തി, യൂണിയന്‍ സംഘടിപ്പിച്ചു തുടങ്ങിയവയായിരുന്നു പി.ടി. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കണ്ടെത്തിയ കുറ്റങ്ങള്‍. അക്കാലത്ത് കേരളത്തില്‍ നടക്കുന്ന നക്‌സലൈറ്റ് ആക്ഷനുകളെക്കുറിച്ച് പൂര്‍ണവിവരങ്ങള്‍ എനിക്ക് ലഭ്യമായിരുന്നുവെന്നും അവര്‍ കരുതി. അന്ന് നക്‌സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ എവിടെയായിരുന്നുവെന്നും അവര്‍ക്ക് അറിയണമായിരുന്നു.

ജയിലിലെ രാത്രികള്‍

1971 മുതല്‍ 1976 അവസാനം വരെയായിരുന്നു ജയിലില്‍. പൂജപ്പുര ജയിലിലെ അഞ്ചുവര്‍ഷവും ഒറ്റമുറിയില്‍. നഗരൂര്‍ കുമ്മിള്‍ കേസിലെ എല്ലാ പ്രതികളും അന്നു ജയിലിലുണ്ട്. കൊങ്ങാട്ടും വെള്ളത്തൂവലിലും താവത്തും തൃശ്ശിലേരിയിലും ഒക്കെ വര്‍ഗശത്രുക്കള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായി.

ജയിലിലെ കടുത്ത മര്‍ദനങ്ങള്‍ ആരോടും ദേഷ്യമൊന്നും ഉണ്ടാക്കിയില്ല- പോലീസിനോടുപോലും. കാരണം അതൊക്കെ ഒരു എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമാണ്. പോലീസുകാരോട് എന്തിനു ദേഷ്യപ്പെടണം- അദ്ദേഹം ചോദിക്കുന്നു.

പക്ഷേ ജയില്‍ എനിക്ക് ഒരു അനുഭവമായിരുന്നു. തടവില്‍ കിടക്കുമ്പോഴാണ് നമുക്ക് പുറത്തെ ആകാശത്തോടും വെളിച്ചത്തോടും പ്രകൃതിയോടും ഒരുതരം ആര്‍ത്തി തോന്നുക. കാര്‍ത്തികപുരത്തെ ഈ മലഞ്ചെരിവും നീലാകാശവും നല്‍കുന്ന സമൃദ്ധിയെ താരതമ്യപ്പെടുത്തുമ്പോഴാണ് അന്നത്തെ ജയിലില്‍ രാത്രി അപൂര്‍വമായി കാണുന്ന ആകാശദൃശ്യത്തിന്റെ മനോഹാരിത ഓര്‍മവരിക. ജയിലില്‍ രാത്രി മുറിയിലും പുറത്തും എന്നും വെളിച്ചം കാണും. ചിലപ്പോള്‍ രാത്രി വിളക്കുപോയാല്‍ പുറത്ത് തെളിഞ്ഞ ആകാശം കാണാം- നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. അവിടെത്തന്നെ നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നു. പക്ഷേ പെട്ടെന്ന് വിളക്ക് വരും. അതോടെ തീരും രാത്രിയുടെ ആകാശം. ഒന്നു പവര്‍കട്ട് വന്നെങ്കില്‍ എന്ന് പലപ്പോഴും രാത്രി ഞാന്‍ അന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു. പവര്‍കട്ട് വരുമ്പോള്‍ മറ്റു പല തടവുകാര്‍ ഒച്ചവെക്കുമ്പോള്‍ ഞാന്‍ ഇരുട്ടിനെ ആഗ്രഹിച്ചു. മറ്റൊന്നിനുമല്ല. തെളിഞ്ഞ ആകാശം നോക്കിയിരിക്കാന്‍.

ആകാശത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം ജയിലില്‍നിന്ന് പുറത്തുവന്നപ്പോള്‍ ഒരിക്കല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ഒറ്റയ്ക്ക് ദൂരങ്ങളില്‍ സഞ്ചരിച്ചു. 40 വര്‍ഷം മുന്‍പുള്ള ഓര്‍മയാണ്. ഒരു സൂര്യഗ്രഹണമാണ്. ഇന്ത്യയിലാണ് അതിന്റെ സമ്പൂര്‍ണദൃശ്യം വ്യക്തമായി പ്രകടമായത്. ഒഡീഷയിലെ പുരിയില്‍ തുടങ്ങി കര്‍ണാടകത്തിലെ കൊങ്കണിലും ഈ ദൃശ്യം ഭംഗിയായി കാണാന്‍ കഴിഞ്ഞു. ആകാശദൃശ്യങ്ങളോടുള്ള എന്തോ തടുക്കാനാവാത്ത ആഗ്രഹംകൊണ്ടാവും ഒറ്റയ്ക്ക് കൊങ്കണിലേക്ക് ചെറിയ ഒരു റേഡിയോ സംഘടിപ്പിച്ച് യാത്രയായി. അക്കാലം ഗ്രഹണവിവരങ്ങള്‍ റേഡിയോവില്‍ ലൈവായിരുന്നു. വിജനമായ കുന്നിന്‍മുകളില്‍ ഒറ്റയ്ക്കിരുന്ന് സൂര്യഗ്രഹണം ആസ്വദിച്ചുകണ്ടു. അതൊക്കെ എന്തിനായിരുന്നുവെന്ന് എനിക്കറിയില്ല.

നാടകം, സിനിമ

ചങ്ങനാശ്ശേരിയിലാണ് പഴയ കുടുംബവീട്. ജയിലില്‍നിന്ന് വിടുമ്പോള്‍ കൂട്ടാന്‍ ഏട്ടനാണ് വന്നത്. ജയില്‍ വിട്ടശേഷം നാട്ടിലധികം നിന്നില്ല. യാത്രയാണ്. ഒപ്പം സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനവും. തോട്ടങ്ങളിലും ആദിവാസിമേഖലകളിലും മറ്റും നടക്കുന്ന സമരത്തില്‍ പങ്കെടുക്കും. പരസ്യമായ പ്രവര്‍ത്തനമല്ല മറിച്ച് ഒരുതരം പ്രച്ഛന്നമായ രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു. സിനിമ, നാടകം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും മുഴുകി. സിനിമാക്കാരന്‍ ജോണ്‍ എബ്രഹാമിനെപ്പോലുള്ള ആള്‍ക്കാരുമായി അങ്ങനെയാണ് ബന്ധം.

ജോണിന്റെ പ്രത്യേകത അയാള്‍ എത്തുന്ന സ്ഥലമാണ് അയാളുടെ ഇടം എന്നുള്ളതാണ്. മണ്ണിരയെപ്പോലെ അയാള്‍ പ്രദേശത്തിന്റെ ആര്‍ദ്രതയിലേക്ക് താണുപോവും. ജോണിന്റെ 'നായ്ക്കളി' എന്ന നാടകത്തിനൊപ്പം ഞാനുമുണ്ടായിരുന്നു.

കടപ്പുറത്ത് പന്തങ്ങള്‍ കൊളുത്തിവെച്ചാണ് നാടകം. അന്ന് കവി അയ്യപ്പനൊക്കെ നാടകത്തിനെത്തുമായിരുന്നു. മറ്റൊരു മറക്കാനാവാത്ത ആള്‍ എം.സുകുമാരനാണ്. കരുത്തിന്റെ എഴുത്തുകാരന്‍. ഏജീസ് ഓഫീസിലെ ജോലിയില്‍നിന്ന് പുറത്തായി പിന്നെ പാര്‍ട്ടിയില്‍നിന്നും. അവസാനം ഒറ്റപ്പെട്ട് ഇരുന്ന് എഴുതുകയായിരുന്നു. ശരിക്കും രാഷ്ട്രീയത്തില്‍ പേനമുക്കി എഴുതിയ വ്യക്തിയാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ ശേഷക്രിയ എന്ന നോവലിന്റെ പ്രസിദ്ധീകരണം അധികാരികള്‍ തടയാന്‍ നോക്കിയിട്ടും കഴിഞ്ഞില്ല- പി.ടി.തോമസ് പറഞ്ഞു.

കാസര്‍കോട് വനപ്രദേശമായ വായ്ക്കാനത്ത് സി.പി.ഐ.എം.എല്ലിന്റെ നേതൃത്വത്തില്‍ നടന്ന സമരം. തുടര്‍സമരത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം ആ വനപ്രദേശത്ത് താമസിച്ചു. ശരിക്കും വനത്തില്‍ത്തന്നെ സമരം വിജയമായിരുന്നു. വനത്തിലെ ജീവിതം എന്നെ അത്ഭുതപ്പെടുത്തി. ആദിവാസികളുടെ വീട്ടില്‍ രാത്രി വിളക്കില്ല. സന്ധ്യയാവുംമുമ്പെ അവര്‍ ഭക്ഷണം കഴിച്ചു കിടന്നുറങ്ങും. മണ്ണെണ്ണവിളക്ക് കാണുന്നതുതന്നെ അവരെ പഠിപ്പിക്കാനായി ഞങ്ങള്‍ വിളക്ക് കൊണ്ടുപോയപ്പോഴാണ്.

ചണനൂല്‍ താലി

പീന്നിടുള്ള യാത്രയിലാണ് ആലക്കോട്ടുകാരി ശാന്തയെ പരിചയപ്പെടുന്നത്. കൂടെ ഒരാള്‍ വേണമെന്നു തോന്നിയപ്പോള്‍ അവളെ ജീവിതത്തിലേക്ക് വിളിച്ചു. അതായിരുന്നു എന്റെ വിവാഹം. ശാന്തയെ ജീവിതത്തിലേക്ക് വിളിക്കുമ്പോള്‍ സാക്ഷികളായി ചില പ്രവര്‍ത്തകരുണ്ടായിരുന്നു. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരായിരുന്നു അവര്‍. കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു വിവാഹമല്ലേ ഒരു മാലയിടലൊക്കെ വേണ്ടേ. ആ സമയം വീട്ടുമുറ്റത്ത് ഒരുചാക്ക് കിടപ്പുണ്ടായിരുന്നു. അതില്‍ നിന്ന് ഒരുനൂല്‍ പറിച്ചെടുത്ത് അവളുടെ കഴുത്തില്‍ കെട്ടി. അതുപോരേ വരണമാല്യമായി. മതിയെന്ന് അവളും പറഞ്ഞു. അതുതന്നെ വിവാഹം. ഓര്‍മകളില്‍ പി.ടി.തോമസ് ചിരിച്ചു. അത് വലിയ വിപ്ലവമൊന്നുമല്ല. അപ്പോള്‍ തോന്നി അത്രമാത്രം.

മാറ്റത്തിന്റെ കാലം

കാര്‍ത്തികപുരം എനിക്ക് വളരെയിഷ്ടമാണ്. മനസ്സില്‍ ഇപ്പോള്‍ പഴയ വിപ്ലവചിന്തയൊന്നും കാര്യമായി ഇല്ല. പ്രവര്‍ത്തനവുമില്ല. എന്നാല്‍ അക്കാലത്തേത് ഒന്നും തെറ്റെന്ന് തോന്നിയിട്ടില്ല. അക്കാലം അത് ശരിയായിരുന്നുവെന്ന് പറയാം. ഇക്കാലം ശരിയല്ലെന്നും.

ജീവിതത്തിന്റെ ഏറ്റവും ലളിതമായ ചര്യയിലൂടെ കടന്നുപോകുന്നു. ലോകം മാറിയതിനൊപ്പം രാജ്യവും നമ്മുടെ സമൂഹവും ഒക്കെ മാറി. കമ്യൂണിസത്തിന് ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ നടുക്കത്തോടെയാണ് കണ്ടത്. പകരം കടന്നുവന്ന ലോകം എന്താണ്. ഫാസിസമാണോ, തീവ്രദേശീയതയാണോ. വിപ്ലവത്തിന്റെ മാറ്റം പരിസ്ഥിതിസമരങ്ങളിലേക്കും കുടിവെള്ളസമരങ്ങളിലേക്കും അടിസ്ഥാന ആവശ്യസമരങ്ങളിലേക്കും മാറുന്നത് സ്വീകാര്യമാണ്. മതത്തിന്റെ അധിനിവേശങ്ങള്‍ക്കുനേരെ സംസാരിക്കാനുള്ള ഊര്‍ജമാണ് വേണ്ടത്-പി.ടി.തോമസ് പറയുന്നു.

ഇപ്പോള്‍ ഭാര്യയും മകളും കൂടെയുണ്ട്. മകള്‍ രാധ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷില്‍ ഗവേഷണത്തിന് പഠിക്കുന്നു. ഒഴിവുസമയം മുഴുവന്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യും. അതൊരു തൊഴില്‍കൂടിയാണ്. ഒടുവില്‍ സീമോന്‍ ദബുവ്വെയുടെ ഒരു പുസ്തകമാണ് വിവര്‍ത്തനം ചെയ്യുന്നത്.

കമ്യൂണിസത്തിന് ഇന്ന് ലോകമാസകലം സംഭവിച്ച കൊടും തകര്‍ച്ച ചരിത്രത്തിന്റെ അനിവാര്യത തന്നെയാണെന്ന് പി.ടി.തോമസ് ഇപ്പോഴും വിശ്വസിക്കുന്നു. തികഞ്ഞ സ്വേച്ഛാധിപത്യമായി അത് അധഃപതിച്ചുകഴിഞ്ഞു. സ്റ്റാലിന്റെ ഭരണത്തിന്റെ ഇരുണ്ട കാലങ്ങളെക്കുറിച്ച് നമ്മള്‍ കമ്യൂണിസം അവിടെ തകര്‍ത്തതിനുശേഷമാണ് ശരിക്കും അറിയുന്നത്. ഭരണകൂടം ജീര്‍ണിക്കുമ്പോള്‍ ഭീകരമായ അധികാരം മാത്രം ബാക്കിയാവും. അത് എല്ലാറ്റിന്റെയും സര്‍വനാശത്തിലേക്ക് നീങ്ങും. കേരളത്തില്‍ ആദ്യകാല കമ്യൂണിസവും നക്‌സലിസവും ഒക്കെ അന്നത്തെ ഫ്യൂഡല്‍ സാമൂഹിക സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ദൂരം ആഴത്തിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ആശയപരമായും ഭൗതികമായും പോരാട്ടം അനിവാര്യമായിരുന്നു. പ?േക്ഷ ഇന്ന് ഗള്‍ഫ്പണം, ഇടത്തരക്കാരുടെ മെച്ചപ്പെട്ട ജീവിതനിലവാരം, ദാരിദ്ര്യത്തിന്റെ കുറവ്, ആദിവാസിക്ഷേമം തുടങ്ങി പുതിയ മാറ്റങ്ങളുണ്ടായില്ലേ. പ്രസ്ഥാനങ്ങളുടെ ലക്ഷ്യവും ഉത്തരവാദിത്വവും മാറി. എങ്കിലും മാവോയിസവുമൊക്കെ രാജ്യത്തിന്റെ ചില മേഖലകളില്‍ നിലനില്‍ക്കുന്നത് അവിടത്തെ സാമൂഹിക സാഹചര്യം അനുകൂലമായതിനാലാണ്. പ?േക്ഷ എഴുപതുകള്‍ കുറെ നല്ല മനുഷ്യരുടെ ത്യാഗസമ്പുഷ്ടമായ രാഷ്ട്രീയമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെപ്പോലെയുള്ളവര്‍. ഒന്നും നേടിയില്ലെങ്കിലും അതിന്റെ തിളക്കം കുറയുന്നില്ല. ആ കാലത്തെ തീക്കുമിളകള്‍ പിന്നീട് പരിസ്ഥിതിമേഖലയിലും കുടിയിറക്ക് പ്രശ്‌നത്തിലും കുടിവെള്ള പ്രശ്‌നത്തിലും ആഗോളീകരണ വിരുദ്ധ സമരത്തിലും ഒക്കെ രൂപം മാറി കത്തിനില്‍ക്കുന്നുവെന്നു കാണാം. പരിസ്ഥിതി പ്രശ്‌നം ശരിക്കും ആഗോളീകരണത്തിനെതിരെയുള്ള ഒരു പോരാട്ടമാവുന്നില്ലേ. മതം, പൗരത്വം, ദളിത് പ്രശ്‌നങ്ങള്‍, മൂലധന അധിനിവേശ പ്രശ്‌നങ്ങള്‍ എന്നിവ ഒരുകണക്കിനും എഴുപതുകളിലെ നക്‌സലിസത്തിന്റെ രൂപാന്തരത്വം തന്നെയാണ് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

മാറുന്ന ഇന്ത്യ

എഴുപതുകളില്‍ ഒരിക്കല്‍പ്പോലും ഇന്ത്യ ഇങ്ങനെ രാഷ്ട്രീയ ഹിന്ദുത്വത്തിലേക്ക് പരിണമിക്കുമെന്ന് ആരും വിശ്വസിച്ചില്ലെന്നുതന്നെ പറയാം. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചരിത്രത്തില്‍നിന്ന് വലിയ പാഠം പഠിക്കേണ്ടതുണ്ട്. ഇവരിലൊന്നും പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു തിരിച്ചറിവുമില്ല. ഗാന്ധിജിയെ തമസ്‌കരിക്കുകയെന്നാണ് ഇക്കാലത്തെ പുതിയ വിപ്ലവം. ഗാന്ധിജിയില്‍ കാലം ആവശ്യപ്പെടുന്ന ശരികളുണ്ടെന്നു തോന്നുമ്പോഴാണ് ഗാന്ധിജിയെ തമസ്‌കരിക്കാന്‍ ചിലര്‍ വെമ്പല്‍ കാട്ടുന്നത്- തോമസ് പറഞ്ഞു.

വിവര്‍ത്തനം

ഇപ്പോള്‍ വിവര്‍ത്തനമാണ് ഒരു ജീവിതമാര്‍ഗവും രാഷ്ട്രീയ പ്രവര്‍ത്തനവും എന്നു പറയാം. സച്ചിദാനന്ദന്റെ കവിതകള്‍ ഉള്‍പ്പെടെ മലയാളം കവിതകള്‍ നേരത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പില്‍ ഒരു പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു തോമസ്. അത് നല്ല ഒരുകാലമായിരുന്നു എന്ന് അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നു. ജന്മസ്ഥലമായ ചങ്ങനാശ്ശേരിയെ മറന്നു. കാര്‍ത്തികപുരത്തെ മണ്ണിലാണ് ഇപ്പോള്‍ വേരുകള്‍.

ഒരിക്കല്‍ ഒരു സമരത്തിനിടെ തോമസിന് ഗുണ്ടകളുടെ അടിയേറ്റിരുന്നു. അതിനെക്കുറിച്ച് പി.ടി. ഒന്നും പറയാതെ നിസ്സാരമായി ചിരിച്ചു. പക്ഷേ കെ.എസ്.വിനോദിന്റെ നോവലില്‍ അത് വളരെ വ്യക്തമായി വായിക്കാം. 'സ്റ്റീഫനോട് (നോവലില്‍ പി.ടി. തോമസ് പി.ടി.സ്റ്റീഫനാണ്) വിരോധമുള്ള ചിലര്‍ മലപ്പുറത്തുനിന്ന് കുറച്ച് മാപ്പിളമാരെ ഇറക്കി. എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസിപ്പിച്ചു. നാലുദിവസംകൊണ്ട് രണ്ടു പോത്തുകളെ തിന്ന് അവര്‍ തഞ്ചത്തിനൊത്ത് കിട്ടാന്‍ കാത്തിരുന്നു. അവരുടെ സര്‍ക്കാരാണ് ഭരിക്കുന്നത്. സാക്ഷി പറയാന്‍ ഒറ്റൊരുത്തന്‍ നാവനക്കില്ല. തീര്‍ക്കുന്നത് പരസ്യമായിട്ട് വേണമെന്ന് ഉത്തരവ് പുതുക്കിയതിന്റെ ഭാഗമായി കാര്‍ത്തികപുരം ടൗണില്‍വെച്ചു ഒരു വൈകുന്നേരം സ്റ്റീഫനെ അവര്‍ വളഞ്ഞു. ട്യൂട്ടോറിയലില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയാണ് സ്റ്റീഫന്‍. നാട്ടുകാരുടെ മുന്നിലിട്ട് അവര്‍ സ്റ്റീഫനെ അടിച്ചു നിലത്തിട്ടു. വീണുകിടക്കുന്ന സ്റ്റീഫന്റെ വയറ്റത്ത് കേറിയിരുന്നു. അയാളുടെ നെഞ്ചിലേക്ക് ഒരു കത്തി ഉയര്‍ന്നു.....'

'അതോര്‍മയുണ്ടോ പി.ടീ' -എഴുത്തുകാരന്‍ ചോദിച്ചു. അപ്പോള്‍ ഓര്‍മയുണ്ടെന്നും ഇല്ലെന്നും പറയാതെ പി.ടി. സന്ന്യാസിയുടെ ചിരി ചിരിച്ചു.

Content Highlights: Former Naxalite and Activist PT Thomas life story