ർവതും വൈകിച്ചെയ്യുന്നതാണ് പണ്ടാരവകയുടെ കുഴപ്പമെന്നത് പണ്ടേ പറയാറുള്ളതാണ്. ഖജാന അഥവാ ഭണ്ഡാരം അഥവാ പണ്ടാരം  ജനാധിപത്യ സർക്കാരിന്റേതാവട്ടെ, രാജഭരണകാലത്തേതാകട്ടെ ജന്മസിദ്ധമായ എന്തോ പ്രശ്നമാണ് വൈകിക്കൽ. ചിറക്കൽ ചിറ സംരക്ഷണം, നവീകരണം ഇതാ യാഥാർഥ്യമായിപ്പോയെന്ന് മാധ്യമങ്ങൾ എത്രതവണയാണ് സചിത്ര വാർത്തകൾ നൽകിയത്. ലോക്‌സഭാംഗമായിരിക്കെ പി.കെ.ശ്രീമതി മുൻകൈയെടുത്ത് കരട് പദ്ധതി തയ്യാറാക്കി നൽകുകയും സംസ്ഥാന സർക്കാർ അത് തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ വിചാരിച്ചു, ചിറ ശുദ്ധീകരിക്കപ്പെടുകയാണ് എന്ന്.

ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ ചിറയിൽ നടത്തിയപ്പോൾ-2016 ഡിസംബർ എട്ടിനായിരുന്നു അത്- ജനം പ്രതീക്ഷിച്ചു, ചിറ നവീകരണം ഇങ്ങടുത്തെത്തിപ്പോയെന്ന്‌. ജനകീയ സഹകരണത്തോടെ അന്ന് ചിറയിലെ മാലിന്യം വാരി. ആഴ്ചകളോളം നീണ്ട താത്കാലിക പരിപാടി.

അതുകഴിഞ്ഞ്‌ ധനമന്ത്രി ഡോ. തോമസ് ഐസക് നേരിട്ടെത്തി. ചിറ  പരിശോധിച്ച് വിസ്മയകരമെന്ന് പ്രതികരിച്ചു. അതിവേഗം സംരക്ഷണ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. അപ്പോൾ  പദ്ധതിയുടെ വേഗത്തെപ്പറ്റി പുതിയ പ്രതീക്ഷയായി. അന്നത്തെ ജലവിഭവ മന്ത്രി മാത്യു ടി.തോമസും സ്ഥലം സന്ദർശിച്ച് നവീകരണപദ്ധതി അതിവേഗമാക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നി.
അങ്ങനെയാണ് 2.30 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായത്. കഴിഞ്ഞവർഷം മാർച്ച് രണ്ടിന് മന്ത്രി ഇ.പി.ജയരാജൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മാസം പതിനൊന്നായി. ചിറക്കൽ ചിറ കൂടുതൽ മലിനമായി, തീരേ ഉപയോഗയോഗ്യമല്ലാതായി. അതല്ലാതെ ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് ചിറക്കൽ ഭാഗത്തെ റസിഡന്റ്‌സ് അസോസിയേഷൻ ഫെബ്രുവരി രണ്ടിന് ചിറയുടെ കരയിൽ പ്രതിഷേധ ജ്വാല തീർക്കുന്നത്. 

ലജ്ജയുടെ ചിറ

കേരളത്തിലെ മനുഷ്യനിർമിതമായ ഏറ്റവും വലിയ ചിറ, അഥവാ തടാകം ചരിത്രപരമായി വലിയ പ്രാധാന്യമുള്ള 'പുരാവസ്തു' എന്നൊക്കെ അഭിമാനിച്ച് പറയുമ്പോഴും അതിന്റെ അവസ്ഥ ആരെയും ലജ്ജിപ്പിക്കുന്നതാണ്. നൂറകണക്കിനാളുകൾ കുളിക്കുകയും നീന്തിത്തുടിക്കുകയും നീന്തൽ പഠിക്കുകയും ചെയ്ത, എത്രയോ തലമുറകൾ  കുളിർമയേറ്റ ചിറ. അതിൽ ഇപ്പോൾ നീരാടുന്നത് ആയിരക്കണക്കിന് എരണ്ടകളും കുളക്കോഴികളുമാണ്.

ആഫ്രിക്കൻ പായലും ആമ്പലുകളും പിന്നെ മാലിന്യവും നിറഞ്ഞ് മനുഷ്യർക്ക് ഇറങ്ങാൻ പറ്റാത്ത പരുവത്തിലെത്തിയിട്ട് 10 വർഷത്തോളമായി. ജനസാന്ദ്രതയിൽ ജില്ലയിൽത്തന്നെ മുൻനിരയിലുള്ള സ്ഥലം, നൂറുകണക്കിന് വീടുകൾ. ആ വീടുകളിലെയെല്ലാം കിണറുകളെ ജലസമൃദ്ധമാക്കിയത് ഈ ചിറയായിരുന്നു. പക്ഷേ മാലിന്യം നിറഞ്ഞതോടെ, ചെളി ഒഴുകിയെത്തി നിറഞ്ഞതോടെ ചിറക്കൽ ചിറയും വറ്റുന്ന സ്ഥിതിവന്നു. പരിസരത്തെ കിണറുകൾ വറ്റിവരണ്ടു. 

കുളിയും ജപവും നിലച്ച്  മനുഷ്യ സ്പർശമേൽക്കാത്ത അവസ്ഥയിലായ ചിറയെ എങ്ങനെയും രക്ഷിക്കുക എന്നതിനർഥം ചിറക്കൽ മേഖലയിലെ ജലസമൃദ്ധിയെ സംരക്ഷിക്കുക, പ്രകൃതിയെയും ശുദ്ധവായുവിനെയും രക്ഷിക്കുക എന്നതാണ്. 

പക്ഷേ അതിനെല്ലാം ഒരു തടസ്സമുണ്ടായിരുന്നു. ചിറക്കൽ കോവിലകത്തിന്റെ സ്വകാര്യസ്വത്താണ് ചിറ. അത് നവീകരിക്കാൻ കോവിലകത്തിന് തത്കാലം സാധ്യമല്ല. കോവിലകത്തെ ഉത്തരവാദപ്പെട്ടവരുമായി ഗ്രാമപ്പഞ്ചായത്ത് അധികൃതരും സർക്കാർ പ്രതിനിധികളും പലവട്ടം നടത്തിയ ചർച്ചയെ തുടർന്ന് അതിനും വഴിതെളിഞ്ഞു. ചിറയിലെ മാലിന്യം നീക്കി, ചെളിയും മണ്ണും ഖനനംചെയ്ത് മാറ്റി ശുദ്ധജലതടാകമായി സംരക്ഷിക്കാൻ സർക്കാരിനെയും പഞ്ചായത്തിനെയും അനുവദിക്കുന്ന കരാറുണ്ടാക്കി. ഉടമസ്ഥാവകാശം കോവിലകത്തിൽത്തന്നെ നിലനിർത്തി ചിറ സംരക്ഷണം.

നഗരത്തിലെ ആനക്കുളവും ചെട്ട്യാർകുളവും മാലിന്യമുക്തമാക്കിയതിന്റെ അനുഭവം ചിറക്കിലിന്റെ കാര്യത്തിലും പ്രതീക്ഷ ഉണർത്തി. ചെറുകിട ജലസേചനവകുപ്പ് പദ്ധതി തയ്യാറാക്കി സമർപ്പിച്ചു. എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയായിരിക്കെ പ്രത്യേക താത്‌പര്യമെടുത്ത് അതിവേഗം ഉത്തരവിറക്കി. കോവിലകം വക സ്വത്തിന്റെ ഭാഗമാണ് ചിറ എന്നതിനാൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ അന്നത്തെ ജില്ലാ കളക്ടർ മീർ മുഹമ്മദലി ഏറെ പാടുപെട്ടു.

അങ്ങനെ പദ്ധതി-ചിറയിൽ അടിഞ്ഞ ഒന്നരമീറ്ററിലേറെ ആഴത്തിലുള്ള മണ്ണ് പൂർണമായും ഖനനംചെയ്ത് മാറ്റുക, ഇടിഞ്ഞുപൊളിഞ്ഞുപോയ പടവുകൾ പൂർവസ്ഥിതിയിലാക്കുക, പുറത്തുനിന്ന് ചെളിയും മാലിന്യവും ഒഴുകിയെത്തുന്നത് തടയാൻ ഓവുചാൽ, ചിറ സംരക്ഷണത്തിന് ചുറ്റുമതിൽ.... ആ പദ്ധതിയാണ് കരാർ ഉറപ്പിച്ചിട്ടും പ്രവൃത്തി തുടങ്ങാത്തത്. ഈ വേനലിലെങ്കിലും ചിറക്കൽ മേഖലയിൽ വരൾച്ചയില്ലാതാകണമെങ്കിൽ ചിറ നവീകരിക്കണം. 

കരാറുകാരൻ ഉടനെത്തുമെന്ന്‌

കരാറുകാർ അടുത്താഴ്ചയോടെത്തന്നെ എത്തി പണി തുടങ്ങാൻ നടപടിയെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ചെറുകിട ജലസേചനവകുപ്പ് എക്സിക്യൂട്ടീവ്‌ എൻജിനീയർ ഷാജി പറയുന്നു. ഖനനം ചെയ്തെടുക്കുന്ന ചെളിയും മണലും എവിടെയിടുമെന്ന പ്രശ്നമാണ് പണി വൈകിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് ഇപ്പോൾ ചില സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന്‌  എക്സിക്യൂട്ടീവ്‌ എൻജിനീയർ വ്യക്തമാക്കി.

ചിറക്കൽ ചിറ പൂർവസ്ഥിതിയിലാക്കുന്നത് പ്രദേശത്തിനാകെ ഉന്മേഷം പകരുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ പറയുന്നു. ചിറയുടെ ചുറ്റും നടപ്പാതയുമുണ്ട്. ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം ഫോക്‌ലോർ മ്യൂസിയം, കോലത്തിരിവംശത്തിന്റെ ഭാഗമായ ചിറക്കൽ രാജാക്കന്മാരുടെ ആസ്ഥാന കോവിലകങ്ങൾ- ഇങ്ങനെയെല്ലാം പ്രാധാന്യമുള്ള സ്ഥലത്തുള്ള ജലാശയം സംരക്ഷിക്കാൻ ഇനിയും വൈകുന്നത് വലിയ ക്രൂരതയാണെന്ന് പരക്കെ അഭിപ്രായമുണ്ട്. 

ചിറയുടെ ചരിത്രം

14 ഏക്കർ 70 സെന്റിലുള്ള ചിറക്കൽ ചിറ 1662-ലാണ് ഇന്നത്തെ വിസ്തൃതിയിൽ കുഴിച്ചതെന്നാണ് രേഖകൾ പറയുന്നത്. 357 വർഷം മുമ്പ്. നേര​േത്ത​ ഇവിടെയുണ്ടായിരുന്നത് ബൊമ്മാഞ്ചേരി വയലും അതിന് നടുവിൽ ഒരു കുളവുമായിരുന്നു. ബൊമ്മാഞ്ചേരി കുളമാണ് ചിറക്കൽ ചിറയായത്. ആ മേഖലയിലെ താമസക്കാരെയെല്ലാം കാട്ടാമ്പള്ളിയിലേക്കും മറ്റും മാറ്റുകയായിരുന്നു. പിന്നെയും 20 വർഷത്തിനുശേഷമാണ് ചിറക്കൽ കോവിലകം പണിതീർത്തത്. ചിറക്കൽ ചിറ കല്ലുകൊണ്ട് കെട്ടി പടവുകളെല്ലാമുണ്ടാക്കി നവീകരിച്ചത് 195 കൊല്ലം മുമ്പ് എ.ഡി.1825-ൽ ആയിരുന്നു.


ശുദ്ധജല സംഭരണിയായി നിലനിർത്തണം


ചിറക്കൽ ചിറ പണ്ടത്തേതുപോലെ ശുദ്ധജല സംഭരണിയായി നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ചിറയിലെ പായലും ആമ്പലുമൊക്കെ തനിയെ ഉണ്ടായതാണെന്ന് കരുതുന്നില്ല. ആരോ കൊണ്ടിട്ടതാവാം. ഏതാനും വർഷംമുമ്പ് വരെ തെളിനീരായിരുന്നു. ഈ ചിറയിൽ മണ്ണനുണ്ടായിരുന്നു മുമ്പ്, മണ്ണൻ എന്നാൽ മുതല. മുതലയോടൊപ്പം ഞാൻ നീന്തിയിട്ടുണ്ട്, പിടികൊടുക്കാതെ രക്ഷപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള പൈതൃക പ്രതീകം കൂടിയാണിത്. ചിറ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനാണ് അനുവാദം നൽകിയത്. ഇനിയെങ്കിലും അത് വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കാം. 


സി.കെ.രവീന്ദ്രവർമ രാജ


പ്രവൃത്തി സമയബന്ധിതമായി തീർക്കണം  

ഒരുപാട് സാംസ്കാരികവും മതപരവുമായ ചടങ്ങുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന, നിരവധി ദേവാലയങ്ങളിലെ ആറാട്ട് നടക്കുന്ന ചിറ കൂടിയാണ് ഞങ്ങളുടെ കിണറുകളെ ജലസമൃദ്ധമാക്കിയ ഈ ചിറ. നവീകരണത്തിനായി രണ്ട് ഉദ്ഘാടനം നടന്നു. രണ്ടിലും ഞങ്ങൾ നന്നായി സഹകരിച്ചതാണ്. എന്നാൽ സമഗ്രപദ്ധതി വൈകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. 

 പ്രവൃത്തി തുടങ്ങിയാൽ സമയബന്ധിതമായി തീർക്കണം. പായലും മറ്റും വാരി വൃത്തിയാക്കിയാൽ പോരാ, വിത്തും കിഴങ്ങുമടക്കം ശാസ്ത്രീയമായി നശിപ്പിക്കാൻ കഴിയണം. അല്ലെങ്കിൽ വീണ്ടും അവ ചിറയെ ഇന്നത്തേതുപോലെ മൂടും.


കെ.എം.പ്രമോദ്, റസിഡന്റ്‌സ് അസോസിയേഷൻ

 പ്രശ്നം പരിഹരിച്ചു,  പണി ഉടൻ 

ചിറക്കൽ ചിറ സംരക്ഷണപദ്ധതി നടപ്പാക്കുന്നത് വൈകിയത് സാങ്കേതികപ്രശ്നങ്ങൾ കൊണ്ടാണ്. അതെല്ലാം തീർത്തപ്പോൾ ഖനനം ചെയ്യുന്ന മണ്ണ് എവിടെ കൊണ്ടിടുമെന്ന പ്രശ്നം വന്നു.  ഇപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞെന്നാണ് ചെറുകിട ജലസേചനവകുപ്പ് അറിയിച്ചിട്ടുള്ളത്. പ്രവൃത്തി വേഗത്തിൽ തുടങ്ങുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ജില്ലാപഞ്ചായത്ത് കഴിയാവുന്നതെല്ലാം ചെയ്യും. നാടിന്റെ പൈതൃകമായ ചിറ സംരക്ഷിക്കേണ്ടത് ജില്ലാപഞ്ചായത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. 


കെ.വി.സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്