വാഴക്കർഷകർക്ക് ഇത്രയേറെ തിരിച്ചടിയുണ്ടായ കാലമുണ്ടായിട്ടില്ലെന്ന്‌ പറയുന്നത്‌ അതിശയോക്തിയൊന്നുമല്ല. നേന്ത്രപ്പഴത്തിന് കിലോ 60 രൂപ വരെ ലഭിച്ചിടത്തുനിന്നാണ് 20-ൽ താഴേക്ക്‌ കൂപ്പുകുത്തിയത്. ചെറുതും വലുതുമായി വാഴക്കൃഷി ചെയ്യുന്നവരെ ഇത് ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. 
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന്‌ കിലോയ്ക്ക് 16 രൂപയ്ക്ക് നേന്ത്രപ്പഴം ഇറക്കുമതി ചെയ്യുന്നതിനാലാണ്‌ വില കുത്തനെ ഇടിഞ്ഞതെന്നാണ്‌ കർഷകർ പറയുന്നത്‌. വാഴയുടെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കിയാൽ കർഷകന് നഷ്ടക്കണക്ക്‌ മാറ്റിയെഴുതാനാകുമെന്ന്‌ അഭിപ്രായമുണ്ട്‌. എന്നാൽ, അത്തരത്തിലൊരു ചിന്ത ഗൗരവമായി കർഷകരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്‌. 

ചുവടുവെക്കാം ലാഭത്തിലേക്ക്    
തെങ്ങിലെ ഏതുഭാഗവും ഉപയോഗിക്കാമെന്നപോലെയാണ് വാഴയുടെ കാര്യവും. എന്നാൽ അത്തരത്തിലുള്ള സാധ്യതകൾക്ക് ഇവിടെ വേണ്ടരീതിയിൽ പ്രോത്സാഹനം കിട്ടിയിട്ടില്ല. വാഴയില സദ്യക്കും വാഴക്കാമ്പ് അച്ചാറുണ്ടാക്കാനും പറ്റും. വാഴപ്പഴം ഉണക്കിപ്പൊടിച്ചാൽ ഫൈബർ അംശം കൂടിയ പോഷകാഹാരമുണ്ടാക്കാം. എന്തിനേറെ, വാഴനാരുപയോഗിച്ച് വസ്ത്രങ്ങളും സഞ്ചിയുംവരെ ഉണ്ടാക്കാനും കഴിയുമെന്ന് പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. മീരാ മഞ്ജുഷ പറയുന്നു. ഇവയൊക്കെ വിവിധങ്ങളായ പഠനങ്ങളിലൂടെ തെളിയിച്ചതുമാണ്. അതിനായി കർഷകരെപ്പോലെ അധികൃതരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.       വാഴപ്പഴത്തിന്റെ ഏറ്റവും സാധാരണവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഉത്പന്നം വാഴപ്പഴ ചിപ്സുകളാണ്. എന്നിരുന്നാലും വാഴപ്പഴത്തിൽ നിന്ന് വാണിജ്യപരമായി ലാഭകരമായ നിരവധി ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്ന് പടന്നക്കാട് കാർഷിക കോളേജിലെ അധ്യാപികയായ ഡോ. വി.കൃഷ്ണശ്രീ പറയുന്നു. 
പാകമായ ഘട്ടത്തിൽ വിളവെടുക്കുന്ന വാഴപ്പഴം സാധാരണയായി പാചകാവശ്യങ്ങൾക്കും ചിപ്‌സുണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഈ വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളായ ഫോളേറ്റുകൾ, വിറ്റാമിൻ സി എന്നിവയാണ് കുട്ടികൾക്ക് മുലകുടി നിർത്തുന്ന സമയത്തുള്ള മിശ്രിതങ്ങളിൽ ഉപയോഗിക്കുന്നത്.  

പാക്കറ്റ് ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിന് മറ്റ് ധാന്യപ്പൊടികളോടൊപ്പം വാഴപ്പഴം ഉണക്കിപ്പൊടിച്ചുചേർക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉണക്കിപ്പൊടിച്ച വാഴപ്പഴത്താൽ പോഷക സമ്പുഷ്ടമായ ന്യൂഡിൽസ്, റൊട്ടി, ബിസ്കറ്റ് തുടങ്ങിയവ ഉണ്ടാക്കാനും സാധിക്കും. 
വാഴപ്പഴത്തിൽനിന്നുള്ള വാണിജ്യപരമായ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ നൂതന സാങ്കേതികവിദ്യകൾ വഴി സാധ്യമാകും. 
പ്രോട്ടീൻ ആവശ്യകത നിറവേറ്റുന്നതിനായി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അനുയോജ്യമായ പാനീയമാണ് വാഴപ്പഴസത്ത്‌. 
ചെറിയതോതിൽ പഴുത്ത വാഴപ്പഴം ഹൽവ തയ്യാറാക്കാനും പഴുത്ത വാഴപ്പഴംകൊണ്ട്‌ ജാം ഉണ്ടാക്കാനും ഫ്രൂട്ട് ബാർ ഉണ്ടാക്കാനും കഴിയുമെന്നും 'പെക്റ്റിൻ' അടങ്ങിയ വാഴത്തൊലി ജെല്ലി ആഹാരങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാമെന്നും കൃഷ്ണശ്രീ പറയുന്നു.  

വിപണിയാണ് പ്രശ്‌നം   
കർഷകരും കൃഷിവകുപ്പും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാൻ തയ്യാറാണെന്നും വിപണിയാണ് അതിന്റെ മുന്നോട്ടുപോക്കിന് വില്ലനായി നിൽക്കുന്നതെന്നും കാസർകോട് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.വീണാറാണി പറയുന്നു. 
വാഴനാരുപയോഗിച്ച് സഞ്ചിയുണ്ടാക്കുന്നതടക്കമുള്ള പരിശീലനങ്ങൾ കർഷകർക്ക് നൽകിയിട്ടുണ്ട്. ഉത്പന്നങ്ങൾ ഉണ്ടാക്കിയാലും വിപണി കണ്ടെത്താൻ പറ്റാത്ത സ്ഥിതിയാണ്. മത്സരിക്കേണ്ടത് വൻകിട കമ്പനികളോടുമാണ്. ഏത് ഉത്പന്നമായാലും ഗുണഭോക്താക്കൾക്ക് വിലകുറഞ്ഞ് കിട്ടിയാൽ മതി. അതിന്റെ ഗുണനിലവാരത്തെപ്പറ്റി ചിന്തിക്കുന്നില്ല. അതിന് ഉദാഹരണമാണ് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾക്ക് മറുനാട്ടിൽനിന്നും വരുന്ന പഴങ്ങൾക്കിടയിൽ അർഹിക്കുന്ന വില ലഭിക്കാതെ പോകുന്നത്. ഇക്കാരണത്താൽ കൃഷിവകുപ്പ് ആരംഭിച്ച ഇക്കോ ഷോപ്പുകളത്രയും പൂട്ടേണ്ട സ്ഥിതിയാണെന്നും വീണാറാണി പറയുന്നു.   

മടിക്കൈ കണ്ണീരിൽ
കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷി ചെയ്യുന്ന മടിക്കൈ പഞ്ചായത്തിലാണ് ഈ പ്രതിസന്ധി കൂടുതലായും ബാധിക്കുന്നത്‌. 90 ശതമാനവും ജൈവവളം ഉപയോഗിച്ച് 600 മുതൽ 700 വരെ കർഷകരാണ് ഇവിടെ വാഴക്കൃഷിയിലൂടെ ജീവിതമാർഗം കണ്ടെത്തുന്നത്. വാഴപ്പഴത്തിന് വിലകുറഞ്ഞപ്പോഴാകട്ടെ മാസങ്ങളോളം അവർചെയ്ത പരിശ്രമംപോലും വെറുതെയായ സ്ഥിതിയും. 

 

കർഷകരുടെ 'കഷ്ടകാലം'      
ആയിരം വാഴകൾ കൃഷിചെയ്യാൻ ഒരു കർഷകന് ചുരുങ്ങിയത് ഒന്നരലക്ഷം രൂപ ചെലവുവരും. വാഴനടാൻ നിലമൊരുക്കുന്നതുമുതൽ കുലകൊത്തുന്നതു വരെയാണിത്. മഴക്കാലത്ത് വെള്ളംകയറിയാൽ പിന്നീടുള്ള ആറുമാസം കൃഷിചെയ്യാൻ പറ്റാത്ത സ്ഥിതിയാകും. 
ഇത്രയും വാഴക്കുലയ്ക്ക് കുറഞ്ഞത് അഞ്ചുലക്ഷമെങ്കിലും കിട്ടിയാൽ മാത്രമേ കർഷകർക്ക് ലാഭം കിട്ടൂ. എന്നാൽ ഇപ്പോൾ കിട്ടുന്നതാകട്ടെ കഷ്ടി രണ്ടുലക്ഷം രൂപവരെയാണെന്ന് കർഷകർ പറയുന്നു. ഇതിൽ മനുഷ്യാധ്വാനത്തിന്റെ ചെലവുപോലും കിട്ടുന്നില്ല. ഇതുകൊണ്ടുവേണം ആറുമാസത്തോളം കഴിഞ്ഞുപോകാൻ. 12 വർഷത്തോളമായി വാഴക്കൃഷി ചെയ്യുന്നവരാണ് മടിക്കൈയിലെ കർഷകർ. കേരളത്തിലെ പഴം-പച്ചക്കറിമേഖലയുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിതമായ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിലിലെ (വി.എഫ്.പി.സി.കെ.) മടിക്കൈ വിപണി ഓഫീസ് വഴിയാണ് ഇവർ വിൽപ്പന നടത്തുന്നത്. 
എന്നാൽ സംസ്ഥാനത്തെ കർഷകരുടെ ഉന്നമനത്തിനുവേണ്ടി സർക്കാർ അനുവദിച്ച തുക ഉദ്യോഗസ്ഥർ വിനിയോഗിക്കാത്തതിനാൽ പാഴായിപ്പോയെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. 
ഇതിനെതിരെ കാക്കനാട് വി.എഫ്.പി.സി.കെ. ഹെഡ് ഓഫീസിൽ പ്രതിഷേധ മാർച്ചുൾ​െപ്പടെ നടന്നിരുന്നു. ഇൻഷുറൻസ് ചെയ്ത വാഴകൾ നശിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്നും ഇടവിളകൃഷിക്ക് പ്രഖ്യാപിച്ച ഫണ്ട് കൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും കർഷകരുടെ ഭാഗത്തുനിന്നും വലിയതോതിൽ പരാതിഉയരുന്നുണ്ട്. 

 

കർഷക സൊസൈറ്റി രൂപവത്കരിക്കണം
നിലവിൽ നേന്ത്രവാഴയുടെ വിപണി ഇതര സംസ്ഥാനങ്ങളിലെ വൻകിടക്കച്ചവടക്കാർ ഒത്തുചേർന്ന് തകർത്തിരിക്കുകയാണ്. അതിൽനിന്ന്‌ കർഷകരെ കരകയറ്റാൻ സൊസൈറ്റി രൂപവത്കരിക്കണം. ഈ ആശയം മുൻ കളക്ടർ കെ.ജീവൻബാബു മുന്നോട്ടുവച്ചിട്ടുള്ളതാണ്. ഇതിന് സർക്കാർ ഒരു പദ്ധതി തയ്യാറാക്കണം. ഇതിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും അർഹിക്കുന്ന വില ലഭ്യമാക്കാനും സാധിക്കും. ഇത് കർഷകന് എന്നും അടിസ്ഥാന വില ലഭിക്കാൻ സഹായകമാകും.   
      സി.പ്രഭാകരൻ 
പ്രസിഡന്റ്, മടിക്കൈ പഞ്ചായത്ത്