നവീകരണം തേടുകയാണ് കീഴല്ലൂരിലെ പമ്പിങ്‌ സ്റ്റേഷനും മൈലാടിയിലെ ജലശുദ്ധീകരണ കേന്ദ്രവും. 1971 -ൽ ആണ്‌ ജലവിതരണ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്‌.  കണ്ണൂർ, തലശ്ശേരി, മാഹി എന്നിവിടങ്ങളിലേക്ക് മുടക്കമില്ലാതെ ജലവിതരണം നടത്തിയിരുന്ന കേന്ദ്രമാണിത്. എന്നാൽ പിന്നീട്  കണ്ണൂരിലേക്കുള്ള ജലവിതരണം ഒഴിവാക്കി. പകരം തലശ്ശേരി നഗരസഭ, മാഹി, പഞ്ചായത്തുകളായ ധർമ്മടം, ന്യൂമാഹി എന്നിവിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ പതിനായിരേത്താളം ഉപഭോക്താ
ക്കളുണ്ട്.
  അരനൂറ്റാണ്ട് പിന്നിട്ട പമ്പിങ്‌ സ്റ്റേഷനിലും ജലശുദ്ധീകരണകേന്ദ്രത്തിലും ഓഫീസ് കെട്ടിടങ്ങൾക്കുൾപ്പെടെ നവീകരണം ആവശ്യമായിവന്നിരിക്കുകയാണ്. ജലവിതരണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കൂടെക്കൂടെയുള്ള പൈപ്പുപൊട്ടലുകൾ ആയിരുന്നു. നിരവധികാലം ഇങ്ങനെ കടന്നുപോയെങ്കിലും പിന്നീട് വിതരണ ശൃംഖലയുടെ പ്രധാന ഭാഗമായ പൈപ്പുകൾ നവീകരിച്ചു. 
 പാലത്തിന്റെ അടിയിൽ സ്ഥാപിച്ച ഷട്ടറുകൾ ചേരുന്ന ഭാഗത്തെ സിമന്റ്‌ തേപ്പുകൾ അടർന്ന നിലയിലാണ്. ആറ്‌ ഷട്ടറുകളിൽ ഒന്നിന്റെ വടം പൊട്ടിക്കിടക്കുകയാണ്. ശുദ്ധീകരണ ശാലയിൽ ശുദ്ധീകരണ ഉപകരണങ്ങൾ മാറ്റി സ്ഥാപിേക്കണ്ടതുൾപ്പെടെ നിരവധി നവീകരണ പ്രവൃത്തികളും നടത്താനുണ്ട്. 
തരംതാഴ്ത്തി
സബ്ഡിവിഷൻ ആയിരുന്ന കീഴല്ലൂർ ഇപ്പോൾ സെക്ഷൻ ഓഫീസാക്കി മാറ്റി. ജീവനക്കാരുടെ എണ്ണത്തിലും അത്‌ മാറ്റമുണ്ടാക്കി.    ജലവിതരണ കേന്ദ്രത്തിനും ശുദ്ധീകരണ യൂണിറ്റിലെ  അനുബന്ധ ഓഫീസുകൾക്കും കാലാനുസൃതമായ നവീകരണം നടക്കാതായി. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിച്ചു. 
  ജനറേറ്റർ, മോട്ടോറുകൾ തുടങ്ങി നിരവധി ഇരുമ്പുപകരണങ്ങൾക്ക്‌ തുരുമ്പുകയറുകയാണിപ്പോൾ. പദ്ധതി പ്രദേശമാകെ കാടുകയറി. ജലസംഭരണിയുടെ ചോർച്ച തടയാനും കഴിഞ്ഞിട്ടില്ല. 
നല്ല വെള്ളം
മറ്റെവിടെനിന്ന് ലഭിക്കുന്ന വെള്ളത്തെക്കാളും ശുദ്ധവും നിലവാരമുള്ളതുമാണ് അഞ്ചരക്കണ്ടിപ്പുഴയിൽ നിന്നും ശേഖരിക്കുന്ന വെള്ളം. അതുകൊണ്ടുതന്നെ ശദ്ധീകരിക്കുന്നതിനുള്ള ചെലവും കുറവാണ്. കീഴല്ലൂർ പമ്പിങ്‌ സ്റ്റേഷനും മൈലാടി ശുദ്ധീകരണ കേന്ദ്രവും അടുത്തായതിനാൽ കുറഞ്ഞ ചെലവിൽ വെള്ളമെത്തിക്കാനും  കഴിയുന്നുണ്ട്. 
ക്വാർട്ടേഴ്സ്‌ കാട്ടിൽ
ജീവനക്കാർക്കായി കീഴല്ലൂരിലും അഞ്ചരക്കണ്ടി മൈലാടിയിലും പണിത ക്വാർട്ടേഴ്സുകൾ താമസക്കാരില്ലാതെ കാടുകയറി നശിക്കുകയാണ്. രണ്ടിടങ്ങളിലും ചെറുതും വലുതുമായ 20-ഓളം താമസയോഗ്യമായ കെട്ടിടങ്ങളാണ് ചുരുങ്ങിയ കാലംകൊണ്ട് ജീർണാവസ്ഥയിലായത്. ഇപ്പോൾ കീഴല്ലൂരിലെ പമ്പിങ്‌ ഹൗസിലും മൈലാടിയിലെ ശുദ്ധീകരണ കേന്ദ്രത്തിലും കൂടി 14 ജീവനക്കാർ മാത്രമാണുള്ളത്. ഇതിൽ വളരെ ചുരുക്കം പേർ മാത്രമാണ് ക്വാർട്ടേഴ്സ് ഉപയോഗിക്കുന്നത്. 

നന്നാക്കാൻ 
നടപടി തുടങ്ങി
ചില പ്രവൃത്തികൾക്കുള്ള ടെൻഡറായിക്കഴിഞ്ഞു. പ്ലാന്റ്‌ നവീകരണത്തിനും മെക്കാനിക്കൽ-ഇലക്‌ട്രിക്കൽ പോരായ്മകൾ പരിഹരിക്കാനും നടപടി വരുകയാണ്.
ഫിൽറ്റർ ബെഡ് മാറ്റി സ്ഥാപിക്കാൻ പദ്ധതി രൂപവത്കരിക്കും. 
-എസ്. കല്പന
 അസി.എക്സിക്യുട്ടീവ് എൻജിനീയർ,
 കെ.ഡബ്ല്യു.എ. തലശ്ശേരി

 

പാഴ്വസ്തുക്കൾ ലേലംചെയ്യും
കീഴല്ലൂർ ജലസംഭരണകേന്ദ്രത്തോട്‌ ചേർന്നുകിടക്കുന്ന ഉപയോഗശൂന്യമായ ഉപകരണങ്ങൾ ലേലംചെയ്ത് ഒഴിവാക്കും. ഉപയോഗശൂന്യമായ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കി  സ്ഥലം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ നിർദേശങ്ങൾ സമർപ്പിക്കും. കീഴല്ലൂർ  സംഭരണിയും മൈലാടി ശുദ്ധീകരണ കേന്ദ്രവും നവീകരിക്കുന്നതിനുള്ള നടപടി ഘട്ടം ഘട്ടമായി നടപ്പാക്കും.
-കെ. രമേശൻ 
എക്സിക്യുട്ടീവ് എൻജിനീയർ, കെ.ഡബ്ല്യു.എ., കണ്ണൂർ