കടലായി സൗത്ത് യു.പി.സ്‌കൂളിലെ കൊച്ചുകുട്ടികൾ സ്‌കൂൾമുറ്റത്ത് വിളയിച്ചത് നൂറുമേനി. അതും ഗ്രോബാഗിൽ. അധികം സ്ഥലമില്ലാത്തിടത്ത് പച്ചക്കറിക്കൃഷി സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു സ്‌കൂൾ അധികൃതരും പി.ടി.എ.യും. സ്‌കൂളിന്റെ പടിഞ്ഞാറെ വശത്തെ ഇടുങ്ങിയ സ്ഥലത്ത് ഗ്രോബാഗിൽ കൃഷി തുടങ്ങിയതോടെ കുട്ടികൾക്കും അധ്യാപകർക്കും ആവേശമായി. പിന്നെ വിത്തിടലും ചെടി നടലും വളമിടലും വെള്ളമൊഴിക്കലുമെല്ലാം തകൃതിയായി. 50 ഗ്രോബാഗുകളിലായി തക്കാളി, വെണ്ട, പച്ചമുളക്, ഇഞ്ചി, ക്വാളിഫ്‌ളവർ, പുതീന, പയർ, ചീര, പപ്പായ, വഴുതിന എല്ലാം സമൃദ്ധിയോടെ 
വിളയിച്ചു. 
   രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപും ക്ലാസിന് ശേഷവും കുട്ടികൾ തോട്ടത്തിലായിരിക്കും. വെള്ളമൊഴിച്ചും വളമിട്ടും ചെടിവളരുന്നതും നോക്കി അവർ ഇരുന്നു. പൂവിട്ടതും കായ വന്നതും കൗതുകത്തോടെയാണ് അവർ വീക്ഷിച്ചത്. പി.ടി.എ.പ്രസിഡന്റ് പി.പി.ഷെറീഫിന്റെ മേൽനോട്ടത്തിലാണ് കൃഷി. പ്രഥമാധ്യാപിക കെ.റീന, കാർഷിക ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്ന പി.കെ.സന്ധ്യ, വിദ്യാർഥികളായ ഋതുനന്ദ, സായിയ, മുഹമ്മദ് റാസ്, അർഷിമ, വൈഗ, ഹിബ, മുഹമ്മദ്, ശാരദ്, ഷസീം, ആദേശ്, റിഷാൽ, ഷഹൽ എന്നിവരും കൃഷിത്തോട്ടത്തെ പരിപാലിക്കുന്നു. ഷെറീഫ് കൊണ്ടുവന്ന ചോളവും സ്‌കൂൾമുറ്റത്ത് വളർന്നുവലുതായി. കളനശീകരണത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് പുതയിടലും തോട്ടത്തിലുണ്ട്.
   സ്‌കൂളിലെ കൃഷിയും തോട്ടവും കണ്ട് നാട്ടുകാരിലും ഇപ്പോൾ കാർഷികാഭിരുചി വർധിച്ചുവരുന്നുണ്ടെന്ന് കൃഷി ഓഫീസർ പറഞ്ഞു. സ്‌കൂൾ തോട്ടത്തിൽ വളമിടാനും വെള്ളമൊഴിക്കാനും സമീപവാസികളും എത്താറുണ്ടെന്ന് പ്രഥമാധ്യാപിക അറിയിച്ചു. കൃഷി വകുപ്പിന്റെ കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായവും ലഭിച്ചു. കൃഷി ഓഫീസർ പി.രാജശ്രീ, അസി.കൃഷി ഓഫീസർ പി.വിമ്മി, കൃഷി അസിസ്റ്റന്റ് എം.പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങളും നൽകിവരുന്നു.