വന്ധ്യതാചികിത്സാരംഗത്തെ പ്രതീക്ഷയായ ഹോമിയോ ആസ്പത്രി-ജനനി, തുറന്നിട്ടും പ്രവൃത്തി തുടങ്ങാത്ത ആറ്റടപ്പയിലെ ഡയാലിസിസ് സെന്റർ, മലിനീകരണത്തിന്റെ പിടിയിലമർന്ന് പുനരുദ്ധാരണം തേടുന്ന പടന്നപ്പാലവും കക്കാട് പുഴയും കാനാമ്പുഴയും... കണ്ണൂർ കോർപ്പറേഷൻ ഭരണാധികാരികളുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും കീറാമുട്ടികളുമായ വിഷയങ്ങൾ. കണ്ണൂർ കോർപ്പറേഷൻ വികസനസെമിനാറിൽ ചർച്ചയായത് ഇൗ വിഷയങ്ങ
ളെല്ലാം. 
  13-ാം പഞ്ചവത്സരപദ്ധതി പ്രകാരമുള്ള നാലാം വാർഷികപദ്ധതിയിലേക്കുള്ള കരട് രേഖയിലാണ് ചർച്ച നടന്നത്. ചൊവ്വാഴ്ച നവനീതം ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ. നേരത്തെ 19 വർക്കിങ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് പദ്ധതി നിർദ്ദേശങ്ങൾ കോർപ്പറേഷനിലെ 55 വാർഡ് കമ്മിറ്റികളും ചർച്ച ചെയ്തു. പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. അവ ക്രോഡീകരിച്ചാണ് കരട് പദ്ധതിരേഖ പ്രസിദ്ധീകരിച്ചത്. കേരള സർക്കാരിന്റെ നവകേരള പദ്ധതിയുമായി ഏകോപിപ്പിച്ചുകൊണ്ട് ഹരിതകേരളം, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം തുടങ്ങിയ മേഖലകളിലും ദുരന്തനിവാരണപദ്ധതികൾക്കുമായി വിവിധ പദ്ധതികൾ കരട് രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അമൃത് പദ്ധതി
ജലവിതരണം, അഴുക്കുചാൽ സംവിധാനം, നഗര ഗതാഗതസംവിധാനം, ഉദ്യാനങ്ങൾ-പൊതു ഇടങ്ങൾ എന്നീ മേഖലകളാണ് അമൃത് പദ്ധതിയുടെ കീഴിലുള്ളത്. കണ്ണൂർ കോർപ്പറേഷന് 225.7 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോർപ്പറേഷൻ പരിധിയിൽ അമൃത് പദ്ധതിപ്രകാരം നടപ്പാക്കുന്ന പദ്ധതികൾ
വാട്ടർ സപ്ലൈ *ജെ.െഎ.സി.എ.പട്ടുവം പദ്ധതിയുടെ വാട്ടർലൈനിൽനിന്നും കോർപ്പറേഷൻ പരിധിയിലേക്ക് വെള്ളം എത്തിക്കാനുള്ള പുതിയ ലൈൻ സ്ഥാപിക്കൽ * പള്ളിക്കുന്നിലും എടക്കാട് അഭയനികേതൻ പരിസരത്തും പുതിയ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്ന പദ്ധതി 
* പുഴാതി സോണൽ ഏരിയയിലെ പഴയ വാട്ടർലൈനുകൾ മാറ്റിസ്ഥാപിക്കൽ. സ്റ്റോം വാട്ടർ ഡ്രൈനേജ് *പഴയ ഓവുചാലുകൾ പുനർനിർമ്മിക്കുക, പുതിയവ പണിയുക.
 പാർക്കുകൾ, പൊതു ഇടങ്ങൾ * എസ്.എൻ.പാർക്ക് നവീകരണം(അനുവദിച്ചത് 1.25 കോടി), രാജേന്ദ്ര പാർക്ക് നവീകരണം, അവേര ഗ്രാമമന്ദിരം പാർക്ക് നവീകരണം(അനുവദിച്ചത്  1.48 കോടി രൂപ) * ചേലോറ മാലിന്യസംസ്കരണകേന്ദ്രത്തിന് സമീപം പുതിയ പാർക്ക് * കാപ്പാട് ശിശുമന്ദിരം പാർക്ക് * ആനക്കുളം പാർക്ക് * പയ്യാമ്പലത്ത് പുതിയ പാർക്ക് (എല്ലാറ്റിനുമുൾപ്പെടെ അനുവദിച്ചത് 1.87 കോടി രൂപ).
നഗര ഗതാഗതം * കോർപ്പറേഷൻ പരിധിയിലെ നടപ്പാതകളുടെ നവീകരണവും പുതിയവ നിർമ്മിക്കലും (അനുവദിച്ചത് 7.41 കോടി രൂപ) * കോർപ്പറേഷൻ പരിധിയിൽ മൾട്ടിലെവൽ കാർപാർക്കിങ്  കേന്ദ്രം സ്ഥാപിക്കൽ(9.34 കോടി രൂപ).
കോർപ്പറേഷന് പുതിയ കെട്ടിടം 
ഭരണകാലാവധി തീരുംമു​േമ്പ
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി തീരുന്നതിനുമുമ്പ് കോർപ്പറേഷന് പുതിയ ഓഫീസ് കെട്ടിടം പണിയുക എന്നതാണ് ലക്ഷ്യമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മേയർ സുമാ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. വന്ധ്യതാചികിത്സാരംഗത്ത് പ്രസിദ്ധമായ ജനനി ഹോമിയോ ആസ്പത്രിക്കുവേണ്ടി എളയാവൂരിൽ 30 സെന്റ് സ്ഥലം കണ്ടെത്തി അനുവദിക്കാൻ കഴിഞ്ഞത് ഭരണസമിതിയുടെ പ്രധാനനേട്ടങ്ങളിലൊ
ന്നാണ്. 
  ഉദ്ഘാടനം കഴിഞ്ഞിട്ടും രോഗികൾക്ക് പ്രയോജനപ്പെടാത്തവിധത്തിൽ തുടരുന്ന ആറ്റടപ്പയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ദുർഗന്ധപൂരിതമായ പടന്നപ്പാലത്ത് വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിക്കൽ, കക്കാട് പുഴ-കാനാമ്പുഴ പുനരുദ്ധാരണം എന്നിവയും അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവൃത്തികളാണ്. വികസനകാര്യത്തിൽ കക്ഷിഭേദമില്ലാത്ത സഹകരണവും പൊതുജനങ്ങളുടെ പ്രോത്സാഹനവുമുണ്ടെങ്കിൽ ഇതെല്ലാം സഫലമാക്കാനാവും -അവർ 
പറഞ്ഞു.
  പല പദ്ധതികളും നേരാംവണ്ണം പൂർത്തിയാകാത്തത് ഭരണസമിതിയുടെ കുറ്റമല്ലെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് പറഞ്ഞു. പൂർത്തീകരിച്ച പദ്ധതികളുടെ തുക പോലും ലഭിക്കാത്തതിനാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. ബില്ലുകൾ ട്രഷറിയിൽനിന്നും പാസാകാത്തത് വൻപ്രശ്നങ്ങൾക്കാണ് ഇടയാക്കുന്നത്. 55 കോടിയുടെ പദ്ധതിയാണ് ആദ്യം കോർപ്പറേഷൻ കെട്ടിടത്തിനായി സമർപ്പിച്ചത്. ഇതിന് സർക്കാർ അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് 30 കോടി രൂപയുടെ പദ്ധതി വീണ്ടും സമർപ്പിച്ചിട്ടുണ്ട്. ഇത് കിഫ്ബിയുടെ പരിഗണനയിലാണുള്ളത് -അദ്ദേഹം പറഞ്ഞു.
  കേരളജനതയെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്നും പ്രളയകാലത്ത് ഇത് കൂടുതൽ വ്യക്തമായതായും എൽ.ഡി.എഫ്. കക്ഷിനേതാവ് എൻ.ബാലകൃഷ്ണൻ പറഞ്ഞു. കോർപ്പറേഷനിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം തേടുന്ന ബൃഹത്തായ മാലിന്യപ്ലാന്റ് സ്ഥാപിക്കുക എന്നത് ഏറെ പ്രധാനമാണെന്നും അദ്ദേഹം 
പറഞ്ഞു.
 വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ജമിനി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വെള്ളോറ രാജൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. പി.ഇന്ദിര, മരാമത്ത്കാര്യ സ്ഥിരംസിതി അധ്യക്ഷൻ അഡ്വ. ടി.ഒ. മോഹനൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.വി.രത്നാകരൻ, കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു, പദ്ധതി ആസൂത്രണ റിസോഴ്സ് പേഴ്സൺ പി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി.സീനത്ത്, സി.കെ.വിനോദ്, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ അമൃത രാമകൃഷ്ണൻ, സി.സമീർ തുടങ്ങിയവർ 
സംബന്ധിച്ചു.