ഉത്തര കേരളത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായിരുന്നു കാട്ടാമ്പള്ളി കൈപ്പാട്. കാട്ടാമ്പള്ളി കായൽ കണ്ടങ്ങൾ,  കായൽപ്പാടങ്ങൾ... കൈപ്പാടുകളെന്ന് പരമ്പരാഗതമായി പറഞ്ഞുവരുന്ന ഈ നിലങ്ങൾക്ക് പറയാൻ കണ്ണീരിന്റെ കഥയേയുള്ളൂ.. നെല്ലും മീനും കൊണ്ട് സമൃദ്ധമായിരുന്ന വിദൂരഭൂതകാലം ഓർമയുള്ളവർക്ക് ഇപ്പോഴത്തെ കൈപ്പാട് കാണുമ്പോൾ കണ്ണുനിറയും.
മുണ്ടേരി, നാറാത്ത്, ചിറക്കൽ, എളയാവൂർ, കുറ്റ്യാട്ടൂർ, പുഴാതി, കൊളച്ചേരി, ചേലോറ എന്നീ എട്ട് പഞ്ചായത്തുകളിലെ  820 കൃഷിക്കാർ, 2500 ഏക്കർ കൈപ്പാട്... -കാട്ടാമ്പള്ളി കൈപ്പാടിനെ അതിന്റെ സ്വാഭാവികതയിലേക്ക് പുനരാനയിക്കാനുള്ള നിശ്ചയത്തിലാണ് കൃഷിവകുപ്പ്. കൈപ്പാട് ഏരിയാ ഡവലപ്‌മെന്റ് ഏജൻസി മുഖേന 15 കോടി രൂപയുടെ പദ്ധതിയാണ് കാട്ടാമ്പള്ളിയിൽ കൃഷിവകുപ്പ്‌ നടപ്പാക്കുന്നത്‌.
അണകെട്ടിയ വിവാദം
കാട്ടാമ്പള്ളി അണക്കെട്ടാണ് കൈപ്പാടിനെ വിണ്ടുകീറുന്ന തരിശാക്കി മാറ്റിയതെന്ന് 2008-ൽ കാർഷിക സർവകലാശാലയിലെ ഡോ. ബാലചന്ദ്രൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന്‌ അണക്കെട്ടിന്റെ ഷട്ടർ തുറന്ന്‌ ഓരുജലം പാടത്തെത്തുന്നതിന് സൗകര്യമൊരുക്കിയിരുന്നു. കാട്ടാമ്പള്ളി നെൽകൃഷി വികസന ഏജൻസി രൂപവത്കരിച്ച് ആയിരം ഏക്കറോളം കൈപ്പാട്ടിൽ കൃഷി നടത്തി. പക്ഷേ വേണ്ടവിധം വിജയിച്ചില്ല.
കൃഷിക്കാർക്ക് പങ്കാളിത്തമുള്ള കാട്ടാമ്പള്ളി കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയും അതിന്റെ അപ്പക്സ്‌ ബോഡിയായി മലബാർ മേഖലാ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയും നിലവിൽ വന്നതോടെ പുത്തനുണർവാണുണ്ടായത്. കൃഷിമന്ത്രി ചെയർമാനും കാർഷികോത്പാദന കമ്മിഷണർ വൈസ്‌ചെയർമാനും കൃഷി ഡയറക്ടർ മെമ്പർ സെക്രട്ടറിയും ഡോ. ടി.വനജ ​േപ്രാജക്ട് ഡയറക്ടറുമായ കൈപ്പാട് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റി നിലവിൽ വന്നിരിക്കുകയാണ്. 2008-ൽ രൂപവത്‌കരിച്ച കാട്ടാമ്പള്ളി കൃഷിവികസന ഏജൻസി ഈ സൊസൈറ്റിയിൽ ലയിച്ചു. 
പദ്ധതി 55 പഞ്ചായത്തുകളിൽ 
കൈപ്പാട് ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ 55 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൈപ്പാട് നിലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടാമ്പള്ളി മേഖലയ്ക്കാണ് ഇതിൽ ആദ്യ പരിഗണന. 
1968-ൽ കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായത് യാത്രാസൗകര്യത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. കണ്ണൂർ ജില്ലയുടെ വികസനത്തിൽ അതൊരു നാഴികക്കല്ലായി. എന്നാൽ പാലമെന്നതിനപ്പുറം ലക്ഷ്യമിട്ട കാർഷികവികസനം അമ്പേ പരാജയപ്പെടുകയായിരുന്നു. ഓരുജലം കയറുന്നത് തടഞ്ഞാൽ ഒരു വിളക്കുപകരം മൂന്നുവിള കൃഷി നടത്താമെന്നായിരുന്നുകണക്കുകൂട്ടൽ. 
മണ്ണിന്റെ മനംമാറ്റം
പട്ടുവം, ഏഴോം മേഖലയിലെ ഇപ്പോഴത്തെ സ്വാഭാവിക കൈപ്പാട് പോലെ കണ്ടലുകളാൽ ചുറ്റപ്പെട്ട ലവണരസമുള്ള ചെളിയായിരുന്നു അതേവരെ കാട്ടാമ്പള്ളി പാടങ്ങളിലും. കൂനയിൽ  ഞാറ്റടിയുണ്ടാക്കി അത് കൊത്തിച്ചാടി നിരത്തിയാണ്‌ കൈപ്പാട് കൃഷി. 
പക്ഷേ അണകെട്ടിയതോടെ പുഴയൊഴുക്കിന്റെ സ്വാഭാവികത പോയി. വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും അനുഭവം നഷ്ടമായി. ആവാസവ്യവസ്ഥയിൽ വരുത്തിയ മാറ്റം കൂടുതൽ പ്രദേശത്തും ക്രമേണ പാടങ്ങൾ വിണ്ടുകീറുന്നതിലേക്കാണെത്തിച്ചത്. ഇതിനെതിരായി കൃഷിക്കാർ സമരം നടത്തിയതിനെത്തുടർന്നാണ് 2008-ൽ സംസ്ഥാന സർക്കാർ ഡോ. ബാലചന്ദ്രൻ കമ്മിഷനെ പഠനത്തിനായി നിയോഗിച്ചത്. കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നതും കളക്ടർ ചെയർമാനായി കാട്ടാമ്പള്ളി കൃഷി വികസന ഏജൻസി രൂപവത്‌കരിച്ചതും. 

 

വെള്ളക്കെട്ട്‌ മാറ്റണം, പുഴയുടെ ആഴം കൂട്ടണം
അണക്കെട്ടിന്റെ ഷട്ടർ  തുറക്കണമെന്നതടക്കമുള്ള  വിദഗ്ധസമിതി ശുപാർശ നടപ്പാക്കിയിട്ടും കൈപ്പാട് മേഖലയിൽ കൃഷിയുടെ മാന്ദ്യം തുടരുന്നതെന്തുകൊണ്ടാണെന്നാണ് കൈപ്പാട് ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി പരിശോധിച്ചത്. ഡോ. വനജയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായത് കൃഷിയിറക്കേണ്ട സമയമായ ജൂണിൽ കൈപ്പാടിൽ അമിത വെള്ളക്കെട്ടുണ്ടാകുന്നുവെന്നതാണ്. 
പുഴയുടെ ആഴം പലേടത്തും കുറഞ്ഞുപോയിട്ടുണ്ട്. അടുത്തകാലത്ത് മൂന്ന് പാലങ്ങളാണ് കൈപ്പാട് മേഖലയിൽ നിർമിച്ചത്. മുണ്ടേരിക്കടവ്, വാരംകടവ്, പുല്ലൂപ്പിക്കടവ് പാലങ്ങൾ. ഈ നിർമിതികളുമായി ബന്ധപ്പെട്ട് വൻതോതിൽ മണ്ണും കല്ലും മറ്റും പുഴയിൽ നീക്കംചെയ്യപ്പെടാതെ കിടക്കുന്നുണ്ട്‌. 
അത് സ്വാഭാവികമായ ഒഴുക്കില്ലാതാക്കുന്നു. വേലിയേറ്റമുണ്ടാകുന്നതുപോലെ വേലിയിറക്കമുണ്ടാകുന്നില്ലന്ന പ്രശ്നവുമുണ്ട്. പുഴയുടെ കരയിടിച്ചിൽ കാരണം വയലിൽ വെള്ളക്കെട്ടുണ്ടാകുന്നു. സ്വാഭാവികമായ വേലിയേറ്റവും വേലിയിറക്കവും ഉറപ്പാക്കുക, വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുക ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കാണ് 15 കോടി രൂപ- 
നബാർഡ് ഫണ്ടിൽനിന്നുള്ള 10 കോടി രൂപയും ഫിഷറീസ് വകുപ്പിൽനിന്നുള്ള 
അഞ്ചുകോടി രൂപയും- അനുവദിച്ചിട്ടുള്ളത്. കേരള ലാൻഡ് ഡവലപ്‌മെന്റ് ബോർഡാണ് വിശദ പദ്ധതിരേഖ തയ്യാറാക്കി പ്രവൃത്തികൾ നിർവഹിക്കുക.  
അഞ്ച് പഞ്ചായത്തുകൾകൂടി
കാട്ടാമ്പള്ളി കൈപ്പാട് ഏരിയാ വികസനസൊസൈറ്റിയുടെ പരിധിയിൽ അഞ്ച് പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. എരഞ്ഞോളി, പിണറായി, ധർമടം, ചൊക്ലി, കരിയാട് പഞ്ചായത്തുകളെയാണ് കൂട്ടിച്ചേർക്കുക. നിലവിലുള്ള 
എട്ട് പഞ്ചായത്തുകളിലെ കൈപ്പാട് കൃഷി വികസനത്തിന് മാത്രമായാണ് ഇപ്പോൾ 15 കോടി രൂപ അനുവദിച്ചിട്ടുള്ളത്. 

 

പ്രകൃത്യാ ജൈവകൃഷി ചെയ്യുന്ന, പ്രളയജലത്തെ ഭൂഗർഭത്തിലേക്ക് കൂടുതൽ വേഗത്തിൽ ഒഴുക്കാൻ കഴിവുള്ള വലിയ തണ്ണീർത്തടമായ കൈപ്പാടിന്റെ സംരക്ഷണവും വികസനവും കാലഘട്ടത്തിന്റെ ആവശ്യമാണ്. കൈപ്പാട് സംരക്ഷണത്തിനായി സർക്കാർ രൂപവത്‌കരിച്ച ഏജൻസി അതി വേഗത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയുമാണ്. കർഷകസമൂഹം സർവാത്മനാ സഹകരിച്ച് പദ്ധതി വിജയത്തിലെത്തിക്കണം.
ഡോ. ടി.വനജ
           ഡയറക്ടർ, കൈപ്പാട് വികസന ഏജൻസി
നട്ടാൽ മാത്രം മതി, വളം വേണ്ട. നല്ല ആദായമുള്ളതായിരുന്നു കൈപ്പാട് കൃഷി. മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിയിരിക്കെയാണ് കാട്ടാമ്പള്ളി കൈപ്പാടിന് മോചനമുണ്ടാകുമെന്ന പ്രതീക്ഷയുണർന്നത്. പക്ഷേ വേണ്ടത്ര തുടർ പ്രവർത്തനമുണ്ടായില്ല. ഇപ്പോൾ അതിനുള്ള പദ്ധതി വരുന്നുവെന്നത് പ്രതീക്ഷയുണ്ടാക്കുന്നു. കാട്ടാമ്പള്ളി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാതിരുന്നതാണ് കൃഷിനാശത്തിന് കാരണം. പാടത്തുനിന്ന് വെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയിരുന്ന കൈത്തോടുകൾ പലതും അടഞ്ഞുപോയി. അണക്കെട്ടിന്റെ ദ്രവിച്ച ഷട്ടറുകൾ മാറ്റുക, കൈത്തോടുകളുണ്ടാക്കുക തുടങ്ങിയ പ്രവൃത്തികൾ നടത്തണം
   സി.എച്ച്.മുഹമ്മദ്കുട്ടി
    കൈപ്പാട് കർഷകൻ, കണ്ണാടിപ്പറമ്പ്
40 കൊല്ലമാണ് ഞങ്ങൾ സമരം ചെയ്തത്. അണക്കെട്ട് വരുന്നതിനുമുമ്പത്തെപ്പോലെ  കൈപ്പാട് കൃഷിചെയ്യാൻ പറ്റണമെന്ന ആഗ്രഹത്തോടെയായിരുന്നു സമരം. 2008-ൽ ബാലചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഷട്ടർ തുറന്നു. സമരം വിജയിച്ചെങ്കിലും കൈപ്പാട് കൃഷി പൂർണരൂപത്തിൽ പുനരാരംഭിക്കാനായില്ല. വെള്ളക്കെട്ടടക്കമുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട്. കാട്ടാമ്പള്ളി പദ്ധതിപ്രദേശത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൈപ്പാട് നെൽകൃഷി വികസനത്തിനുള്ള പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പ്രതീക്ഷയുണ്ടാക്കുന്നു.
കുഞ്ഞിമാമു മാസ്റ്റർ
      കൈപ്പാട് കർഷകൻ, ചേലോറ