ഇച്ചിരി പരുത്തിപ്പിണ്ണാക്ക്, ഇച്ചിരി പുല്ല്...പാല് ശറപറാ ഒഴുകും എന്നൊന്നും പറഞ്ഞ്‌ ആരും പറ്റിക്കാൻ വരില്ല. ഇച്ചിരി പുല്ലിന്‌ ഇച്ചിരി ഗുണമേന്മയുള്ള പാല്‌ കിട്ടും. അതേ, അതാണ്‌ കാസർകോട്‌ കുള്ളൻ. 
ആടിനെ പോലെ വളർത്താവുന്ന പശു. മികച്ച പാൽ തരുന്ന ആ കാസർകോട്‌  കുള്ളൻപശുവിന്റെ അമൂല്യമായ കലവറയായി മാറിയിരിക്കുകയാണ്‌ പുല്ലൂർ വിത്തുത്പാദന കേന്ദ്രം. മൂന്ന് വർഷത്തിനിടയിൽ കാസർകോട് കുള്ളൻപശുക്കളുടെ വളർത്തലിൽ ഇവിടെ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം പുതുതായി പിറന്ന 12 കിടാവുകൾ ഉൾപ്പെടെ  36 കാസർകോട് കുള്ളനാണ് ഇപ്പോൾ ഇവിടെയുള്ളത്. ഏഴ് വിത്തുകാളകളും ബാക്കി പശുക്കളുമാണ്. 2017-ൽ  വളർച്ചയെത്തിയ പശുക്കളെ ലേലം ചെയ്ത ശേഷം  കാസർകോടൻ അതിർത്തി ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് കുള്ളൻ പശുക്കളെ ഫാം വാങ്ങിയിരുന്നു. ചിട്ടയായ രീതിയിലുള്ള പശു പരിപാലനമാണ് ഇവയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് മുഖാന്തരം അനുവദിച്ച കാലിത്തീറ്റയും ഫാമിലെ പച്ചപ്പുല്ലും വൈക്കോലും തന്നെയാണ് പ്രധാന ആഹാരം.  
ഫാമിലെ വനിതാ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് പശുവളർത്തൽ. സുലോചന, ശാരദ, എം.വി.പത്മിനി, വി.രാധ, ജാനകി എന്നിവരുൾപ്പെട്ട സംഘമാണ്  പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. 
നിലവിൽ ഒരു വിത്ത് കാള ഉൾപ്പെടെ ആറ് കാസർകോട് കുള്ളൻ ഉരുക്കളെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം ഫാമിലേക്ക് കൊണ്ടുപോകാൻ ഉത്തരവായിട്ടുണ്ട്.   പുതുതായി പണിത തൊഴുത്തിൽ ഉൾപ്പെടെ ഇപ്പോൾ നിറയെ കുള്ളൻ പശുക്കളാണ്. നിലവിലുള്ളവയുടെ ലേല നടപടികൾ പൂർത്തിയായാൽ മാത്രമേ കിടാവുകൾക്ക് ആവശ്യമായ സൗകര്യം ലഭിക്കുകയുള്ളൂ. 
ചെറിയ അധ്വാനത്തിലൂടെ ഗുണമേൻമയുള്ള പാൽ ലഭിക്കുന്നതിനാൽ കാസർകോട് കുള്ളന് ആവശ്യക്കാർ ഏറെയാണ്. വിത്തുത്‌പാദന കേന്ദ്രത്തിലേക്ക് കുള്ളനെ തേടിയെത്തുന്നവരും നിരവധിയാണ്.
മുട്ടക്കോഴി വളർത്തലും ഫാമിൽ തുടങ്ങിയിട്ടുണ്ട്‌.  കോഴി വളർത്തൽ വിജയകരമായതോടെ ലഭിക്കുന്ന 
മുട്ടകൾ അങ്കണവാടികൾക്ക് വിൽക്കുകയാണ്‌.