അന്താരാഷ്ട്രതലത്തിൽ ആദ്യമായി ഉരു ടൂറിസം പദ്ധതിയുമായി ബി.ആർ.ഡി.സി. രംഗത്ത്. 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരുവാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആർ.ഡി.സി. സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് ബി.ആർ.ഡി.സി. മാനേജിങ് ഡയറക്ടർ ടി.കെ.മൻസൂർ അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായി.
ഉരുനിർമാണത്തിന് പേരുകേട്ട ഉത്തരമലബാറിൽവെച്ചുതന്നെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി മാർച്ചിൽ ടെൻഡർ വിളിച്ച് നിർമാതാക്കളെ തീരുമാനിക്കും. ഉരുവിന്റെ നിർമാണം പൂർത്തിയാക്കി ഈവർഷം അവസാനത്തോടെ നീറ്റിലിറക്കും. സംസ്ഥാനത്ത് ഹൗസ് ബോട്ടടക്കമുള്ള ടൂറിസമുണ്ടെങ്കിലും കായലിൽക്കൂടിയുള്ള ഉരു ടൂറിസം ആദ്യമാണ്. ഹൗസ് ബോട്ടിനുള്ളിൽ ലഭ്യമാകുന്ന എല്ലാവിധ സൗകര്യങ്ങളും ഉരുവിലും ലഭിക്കുന്ന രീതിയിലാണ് ഉരു നിർമിക്കുന്നത്. ഹൗസ് ബോട്ടുകളെ അപേക്ഷിച്ച് കൂടുതൽ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കലാണ് ലക്ഷ്യം. കേരളത്തിലെ 44 നദികളിൽ ചരിത്രകഥകളുറങ്ങുന്ന 16 നദികളിലൂടെയാണ് ഉരു സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ ഒരു ഉരുവാണ് നിർമിക്കുക.
വിദേശ-ആഭ്യന്തര ടൂറിസ്റ്റുകൾക്ക് നദിയോരസഞ്ചാര ടൂറിസത്തിലൂടെ ഉത്തരമലബാർ സാംസ്കാരികത്തനിമ അടുത്തറിയാനും നമ്മുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനും സാധിക്കും. യക്ഷഗാനം, പാവകളി, കോൽക്കളി, അലാമിക്കളി, ദഫ്മുട്ട്, ഒപ്പന എന്നിവയ്ക്കുപുറമേ ആദിവാസി ഗോത്രവിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി, മാൻ കളി എന്നിവയുമൊക്കെ തനതുരൂപത്തിൽ വിദേശികൾക്ക് കാണാൻ അവസരമൊരുക്കും. ഇതോടൊപ്പം കണ്ണൂർ-കാസർകോട് ജില്ലകളിലെ രുചി ആസ്വദിക്കാനും പൗരാണികതയും ജൈവവൈവിധ്യങ്ങളുറങ്ങുന്ന കാവുകളും ക്ഷേത്രങ്ങളും പള്ളികളുംമറ്റും കണ്ട്, അവയുടെ ചരിത്രപ്രാധാന്യമറിയാനും കഴിയും.
ഓരോ ടൂറിസ്റ്റിന്റെയും വരവിന്റെ ഉദ്ദേശ്യങ്ങളറിഞ്ഞ് അവരവരുടെ ആശയാഭിലാഷങ്ങൾക്കനുസൃതമായ പാക്കേജുകളൊരുക്കി അനുഭവവേദ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ, കളക്ടർ ഡോ. ഡി.സജിത്ത് ബാബു, ഗിരീഷ് പറക്കാട് എന്നിവർ സംബന്ധിച്ചു.