കാൽനടയാത്രക്കാരുമായി ഒട്ടും സൗഹൃദമല്ലാത്തതാണ് കണ്ണൂർ കോർപ്പറേഷനിലെ നടപ്പാതകൾ. പൊട്ടിപ്പൊളിഞ്ഞതും ഇളകിക്കിടക്കുന്നതുമായ സ്ലാബുകളാണ് പലയിടത്തും. മറ്റു ചിലത് അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിട്ടവ. ഇനിയും ചിലത് കാടുമൂടി യാത്ര അസാധ്യമായവ. ചിലയിടങ്ങളിൽ നടപ്പാത എന്നൊരു സങ്കല്പം പോലുമില്ല! ഇത്തരത്തിൽ നിരവധി നടപ്പാതകൾ കാണാം, കണ്ണൂർ നഗരത്തിന്റെ മുക്കിലും മൂലയിലും.
താവക്കര റോഡ്, എസ്.എൻ. പാർക്ക് റോഡ്,സ്റ്റേഡിയം കോർണർ, കക്കാട് റോഡ്, ജില്ലാ ലൈബ്രറി പരിസരം, ബാങ്ക് റോഡ്, കളക്ടറേറ്റ് മൈതാനം എന്നിവിടങ്ങളിലെല്ലാമുണ്ട് ഇത്തരം നിരവധി പ്രശ്നങ്ങൾ. വാഹനഗതാഗതം പോലെത്തന്നെ കാൽനടയാത്രക്കാർക്കും റോഡിൽ സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്ന വസ്തുത ഭരണാധികാരികൾ മറന്ന മട്ടാണ്. റോഡ് പണിയുമ്പോൾ നിശ്ചിതസ്ഥലം വാഹനഗതാഗതത്തിനും നിശ്ചിതസ്ഥലം കാൽനടയാത്രക്കും മാറ്റിവെക്കണമെന്ന നിബന്ധന പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ദേശീയപാതയിൽ വാഹനാപകടങ്ങൾ പതിവായ പൊടിക്കുണ്ടിൽ ഇത്തരത്തിലുള്ള ഒന്നിലേറെ നടപ്പാതകൾ കാണാം. തകർന്ന ടെലിഫോൺ തൂണുകൾ മാറ്റാത്ത കാഴ്ചയാണ് ഒരിടത്ത്. മറ്റൊരിടത്ത് ആഴ്ചകൾക്കുമുമ്പെ അപകടത്തിൽപ്പെട്ട ലോറിയിൽനിന്ന് ഇറക്കിയ ചെങ്കല്ലുകൾ മാറ്റാത്ത നിലയിലും. രണ്ടിടത്തും റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനം. സ്റ്റേഡിയം കോർണർ, ടൗൺ സ്ക്വയർ, കളക്ടറേറ്റ് മൈതാനം, റെയിൽവേ സ്റ്റേഷൻ കിഴക്കെ കവാടം എന്നിവിടങ്ങളിലെ പാതയോരങ്ങൾ വാഹനങ്ങൾ കൈയടക്കിയ നിലയിലാണ്. ഇതിൽ ഇരുചക്രവാഹനമെന്നോ വലിയ വാഹനമെന്നോ വ്യത്യാസമില്ല. വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല.
വഴിവാണിഭം, കേബിൾകുരുക്ക്, നാൽക്കാലികൾ...
കടയും ഭേദിച്ച് പുറത്ത് നടപ്പാത വരെ നീളുന്ന ഉത്പന്നപ്രദർശനമാണ് മറ്റൊരു ഉൗരാക്കുടുക്ക്. പ്രസ് ക്ലബ്ബ് റോഡ്, സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിലെല്ലാം ഇത്തരം കാഴ്ച കാണാം. പ്രസ് ക്ലബ്ബ് റോഡിൽ വഴിയോരവില്പന റോഡുവരെ നീണ്ടിരിക്കുകയാണ്. സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടിയാവുമ്പോൾ കാൽനടയാത്രക്കാരൻ അപകടത്തിൽപ്പെടുമെന്ന കാര്യം ഉറപ്പ്.
പഴയ ബസ് സ്റ്റാൻഡിലെ ജില്ലാ മൃഗാസ്പത്രിക്ക് മുന്നിൽ വീതിയേറിയ നടപ്പാതയുണ്ടെങ്കിലും ഇവ ഉന്തുവണ്ടി കച്ചവടക്കാരും തെരുവുകച്ചവടക്കാരും കൈയടക്കിയിരിക്കുകയാണ്. മാനുഷികപരിഗണന മുൻനിർത്തി ആരും ഇത് ചോദ്യംചെയ്യാറില്ലെങ്കിലും പലരും അവസരം മുതലാക്കുന്നതായാണ് കണ്ടുവരുന്നത്.
കാടുവെട്ടിത്തെളിക്കാത്തതും അലഞ്ഞുതിരിയുന്ന നാൽക്കാലികൾ വിശ്രമിക്കുന്നതുമായ പാതകൾ നിരവധി കാണാം. ടെലിഫോൺ ബോക്സ്, കേബിളുകൾ, ആക്രിപ്പരുവത്തിലായി ഉപേക്ഷിച്ച ഇരുചക്രവാഹനം ഇവയൊക്കെയാണ് നടപ്പാതയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഡിവൈഡറിൽ സ്ഥാപിക്കുന്ന കൊടിതോരണങ്ങൾ, വൈദ്യുതത്തൂണുകളിലെയും പാതയോരങ്ങളിലെ മരങ്ങളിലെയും പരസ്യബോർഡുകൾ എന്നിവയും വഴിമുടക്കികളാണ്.
എവിടെ ബൊല്ലാർഡ്സ് ?
ഇരുചക്രവാഹനങ്ങൾ നടപ്പാതയിൽ കയറ്റിയോടിക്കുന്നത് തടയാനായി നടപ്പാക്കുന്ന പുതിയ സംവിധാനമായ ‘ബൊല്ലാർഡ്സ്’ (നടപ്പാതയിൽ തൂണുപോലെ സ്ഥാപിക്കുന്ന സംവിധാനം) ഇതുവരെ കണ്ണൂരിലെത്തിയില്ല. തിരക്കേറിയ സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ നടപ്പാത കൈയേറുന്നത് തടയാനാണ് പൊതുമരാമത്ത് വകുപ്പ് ഇൗ സംവിധാനം ഏർപ്പെടുത്തുന്നത്. നടപ്പാതയിൽ ഒന്നിടവിട്ടും റോഡിൽനിന്നു നടപ്പാതയിലേക്കു കയറുന്ന ഭാഗത്തും 'ബൊല്ലാർഡ്സ്' സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇന്ത്യൻ റോഡ് കോൺഗ്രസ് (െഎ.ആർ.സി.) നിഷ്കർഷിക്കുന്ന സാമഗ്രികൾ ഉപയോഗിച്ചായിരിക്കും ഇത് നിർമിക്കുക. ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയ്ക്ക് കുറുകെ മൂന്നു ബൊല്ലാർഡുകളാണ് വേണ്ടത്. 0.6 മീറ്റർ ഇടവിട്ട് 0.5 മുതൽ 0.7 മീറ്റർവരെ ഉയരത്തിലാണ് ഇവ നിർമിക്കുക. റോഡിൽനിന്ന് നടപ്പാതയിലേക്ക് കയറുന്ന ഭാഗത്ത് 0.8 മീറ്റർ ഇടവിട്ടും സ്ഥാപിക്കും.
ഇരുട്ടിൽ വ്യക്തമായി കാണാൻ പറ്റുന്ന രീതിയിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുമാണ് സ്ഥാപിക്കേണ്ടത്. വ്യത്യസ്തമായ രൂപത്തിലും ആകൃതിയിലും ഇവ നിർമിക്കാം. കൊച്ചി പോലുള്ള വൻ നഗരങ്ങളിൽ നിലവിൽ വന്ന ഇൗ സംവിധാനം എപ്പോൾ ഇവിടെ നടപ്പാകുമെന്ന കാര്യത്തിലാണ് ആശങ്ക.
കഷ്ടം കാഴ്ചപരിമിതരുടെ കാര്യം
നടപ്പാതയിലെ കച്ചവടം, അനധികൃത പാർക്കിങ്, ഇതിനോടൊപ്പം മോട്ടോർ സൈക്കിളുകാരുടെ അഭ്യാസവും. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ളതാണ് നടപ്പാതയെന്നാണ് ചില മോട്ടോർ സൈക്കിളുകാരുടെ ചിന്ത. കാഴ്ചപരിമിതനായ ഒരാൾ ഒറ്റയ്ക്ക് നടക്കാൻ തീരുമാനിച്ചാൽ കാര്യം പരുങ്ങലിലായതുതന്നെ.
അന്താരാഷ്ട്ര നിലവാരം നിലനിർത്താനായി ചില നഗരങ്ങളിൽ നടപ്പാതയിൽ കാഴ്ചപരിമിതർക്ക് സഞ്ചരിക്കാൻ സഹായകമായി മഞ്ഞവരയിട്ടിട്ടുണ്ട്. പക്ഷേ, ഇതിനിടയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഈ വരകൾകൊണ്ട് ഒരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണ്. കാഴ്ചപരിമിതർ റോഡ് മുറിച്ചുകടക്കാൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ സഹായംതന്നെ തേടണം. ‘വൈറ്റ് കെയിൻ’ (വെള്ളവടി) കാണിച്ചാൽ വാഹനങ്ങൾ റോഡ് മുറിച്ചുകടക്കാൻ പലപ്പോഴും നിർത്താറില്ല. സിഗ്നലുകളിൽ റോഡ് മുറിച്ചുകടക്കുന്നതിന് ഓഡിയോ സിഗ്നൽ കൂടി ലഭ്യമാക്കണമെന്നതാണ് കാഴ്ചപരിമിതരുടെ ആവശ്യം.
ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുടെ കാര്യം ഇതിലേറെ കഷ്ടമാണ്.
സഞ്ചാരസ്വാതന്ത്ര്യം വേണം
കാഴ്ചയില്ലാത്തവരടക്കമുള്ള ഭിന്നശേഷിക്കാർക്ക് അവകാശപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം ഇവിടെ ലഭ്യമല്ല. വൈറ്റ് കെയിനുപയോഗിച്ച് നടക്കണമെങ്കിൽ അനുയോജ്യമായ നടപ്പാത വേണം. പൊട്ടിപ്പൊളിഞ്ഞതും സ്ലാബ് ഇളകിക്കിടക്കുന്നതുമായ പാതയിലൂടെ എങ്ങനെ യാത്രചെയ്യാനാണ്. 2016-ൽ നിലവിൽവന്ന ‘റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസയബിലിറ്റീസ് ആക്ട്’ പ്രകാരമുള്ള ഒരു കാര്യവും ഇവിടെ നടക്കുന്നില്ല. സ്വാതന്ത്ര്യസഞ്ചാരം അനുവദിക്കുന്നതിനുള്ള കാര്യങ്ങൾ സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒരുക്കണം
-സി.കെ.അബൂബക്കർ
സംസ്ഥാന ജന. സെക്രട്ടറി
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്
നിയമലംഘനങ്ങൾക്കെതിരെ
നടപടിയില്ല
റോഡിൽ 1.5 മീറ്റർ സ്ഥലം കാൽനടയ്ക്കായി വിടണമെന്നാണ് ഹൈക്കോടതി നിർദേശം. ഇത് നഗരത്തിൽ ഒരിടത്തും പാലിക്കുന്നില്ല. കണ്ണൂർ പ്രസ് ക്ലബ്ബ് പരിസരത്ത് ഒതുങ്ങിയിരുന്ന തെരുവോര കച്ചവടം റെയിൽവേ കിഴക്കെ കവാടം വരെ നീണ്ടുകഴിഞ്ഞു. പോലീസ് ക്വാർട്ടേഴ്സിന് തൊട്ടുമുന്നിലാണ് ഈ നിയമലംഘനം. നടപ്പാതകൾ കൈയേറുന്ന ബങ്കുകളാണ് മറ്റൊരു പ്രശ്നം. ഹെഡ് പോസ്റ്റോഫീസ് പരിസരം, കവിത തിയേറ്റർ പരിസരം എന്നിവിടങ്ങളിൽ ബങ്കുകൾ വഴിമുടക്കുന്ന സ്ഥിതിയാണ്. മുനീശ്വരൻ കോവിൽ പരിസരം പോലെ ഏറെ വാഹനത്തിരക്കുള്ള സ്ഥലങ്ങളിൽപോലും സീബ്രാലൈനുമില്ല. ഈ നിയമലംഘനങ്ങൾക്കെതിരെ കോർപ്പറേഷനോ റവന്യു അധികൃതരോ ഒരു നടപടിയുമെടുക്കുന്നില്ല.
-വി.ദേവദാസ്
യാത്രക്കാരൻ
ട്രാഫിക് പോലീസ്
മുൻകൈയെടുക്കണം
താഴെ ചൊവ്വയിൽ റോഡരികിലെ അനധികൃത പാർക്കിങ് സംബന്ധിച്ച് നേരേത്ത ട്രാഫിക് പോലീസിൽ പരാതി നല്കിയിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. റോഡ് വികസനത്തിന് ആനുപാതികമായി നടപ്പാത നിർമിക്കാനും പാർക്കിങ് സൗകര്യം ഒരുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. താഴെ ചൊവ്വ-കാപ്പാട് റോഡിൽ ബസ് നിർത്തുന്നതും ആളിറങ്ങുന്നതും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമെല്ലാം ഒരിടത്താണ്. രാവിലെ നിർത്തിയിടുന്ന ഇത്തരം വാഹനങ്ങൾ മാറ്റുന്നത് വൈകീട്ടോ രാത്രിയോ മാത്രമാണ്. ഇതേപ്രശ്നം താഴെ ചൊവ്വയിൽ ദേശീയപാതയോട് തൊട്ടുള്ള സ്കൂളിനുമുന്നിലും കാണാം.
-എസ്.ഷഹീദ
വാർഡ് കൗൺസിലർ
താഴെ ചൊവ്വ
മാതൃഭൂമിക്ക് പറയാനുള്ളത്
നല്ല വൃത്തിയുള്ള നടപ്പാതയാണ് ഓരോ നഗരത്തിന്റെയും മുഖമുദ്ര. അതില്ലെങ്കിൽ എത്ര വിളക്കുകൾ തെളിയിച്ചാലും തെരുവുകൾ ഇരുണ്ടിരിക്കും. കണ്ണൂരിന്റെ നടപ്പാതകളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പലയിടത്തും പൊട്ടിപ്പൊളിഞ്ഞും അഴുകിയും കിടക്കുകയാണ് നടപ്പാത. റോഡിനോട് ചേർന്ന് ഉയരത്തിലാണെങ്കിൽ അവയിൽ വാഹനങ്ങൾ നിർത്തിയിട്ടിട്ടുമുണ്ടാകും. അതല്ലെങ്കിൽ തെരുവു കച്ചവടക്കാർ െെകയടക്കും.
നടപ്പാതകൾ െെകയേറിയുള്ള ഇരുചക്ര വാഹനങ്ങളുടെ അപകടപ്പാച്ചിലുമുണ്ട്. മികച്ച റോഡുകൾ ഉണ്ടാക്കുന്നതുപോലെ പ്രധാനമാണ് നിലവാരമുള്ള നടപ്പാതകൾ ഉണ്ടാകേണ്ടതും. നടപ്പാത നവീകരണത്തിനായി പ്രത്യേക പദ്ധതികൾ ഉണ്ടായേ തീരൂ. അതിന് കോർപ്പറേഷൻ ഭരണാധികാരികൾ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കേണ്ടതുണ്ട്.