വേനലിലേക്ക് ഇനി അധികദൂരമില്ല. പേമാരി ഇന്നലെ പെയ്തൊഴിഞ്ഞതു പോലെ തോന്നുമ്പോഴും മണ്ണ് വരണ്ടുകിടക്കുകയാണ്. പുലർകാലത്തെ മഞ്ഞുംകുളിരുമില്ല. നനവിന് വഴിതേടുകയാണ് നാട്.
വെള്ളപ്പൊക്കനിയന്ത്രണത്തിനും ഭൂജലപരിപോഷണത്തിനും ഒരേസമയം പരിഹാരം കാണേണ്ടവരായി മാറിയിരിക്കുകയാണ് നമ്മൾ. പരമ്പരാഗതരീതിയിലുള്ള തടയണകളിൽനിന്ന് ജലസംരക്ഷണത്തിന് റബ്ബർ തടയണയെന്ന ആശയത്തിലേക്ക് മാറിച്ചിന്തിക്കുകയാണ് കേരളവും. സംസ്ഥാനത്ത് ആദ്യമായി കാസർകോട് ജില്ലയിലെ അഞ്ച് ജലസ്രോതസ്സുകളിൽ റബ്ബർ തടയണകളും തൃശ്ശൂരിലെ കോൾനിലങ്ങളിൽ റബ്ബർ ബണ്ടുകളും പരീക്ഷണാടിസ്ഥാനത്തിൽ വരുന്നു. ജലപരിപാലനത്തിനും വെള്ളപ്പൊക്ക പ്രതിരോധത്തിനും എറ്റവും ചെലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായതുമാണ് ഈ സാങ്കേതികവിദ്യ.
ഒഡീഷയിലെ ഭുവനേശ്വർ ഐ.സി.എ.ആറിന്റെ കീഴിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്മെന്റിന്റെ സാങ്കേതികസഹായത്തിലാണ് ഇത് നടപ്പാക്കുന്നത്. ഐ.സി.എ.ആറിന്റെ മേൽനോട്ടത്തിൽ ഊട്ടി ബാലകോളയിലെ സില്ലഹോളപുഴയിൽ പൂർത്തിയാക്കിയ റബ്ബർ ചെക്ക്ഡാമാണ് ദക്ഷിണേന്ത്യയിൽ ആദ്യത്തേത്. 2017-ലാണ് ഇത് നാടിന് സമർപ്പിച്ചത്.
അതിന് മുൻപേ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മേഘാലയ, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ റബ്ബർ തടയണ പദ്ധതി പ്രാദേശിക ജലസമ്പുഷ്ടതയ്ക്ക് എറ്റവും പ്രയോജനകരമെന്ന് കണ്ടെത്തിയിരുന്നു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഐ.സി.എ.ആർ. ശാസ്ത്രജ്ഞർ ഇതേപ്പറ്റി പ്രചാരണം നടത്തിയതോടെയാണ് കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി റബ്ബർ തടയണ കേരളത്തിലും വരുന്നത്. ഇതിനായി 2.43 കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകിയിരിക്കുകയാണ് കളക്ടർ ചെയർമാനായ ജില്ലാതലസമിതി.
ജലസേചനവകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. ജലനിയന്ത്രണത്തിനായി കനാലുകളിലുടനീളം നിർമിച്ച ചെളിബണ്ടുകൾക്ക് പകരമാണ് തൃശ്ശൂരിലെ കോൾനിലങ്ങളിൽ റബ്ബർ ബണ്ടുകൾ വരുന്നത്. ഐ.സി.എ.ആർ. ഇതിനായി കൃഷിവകുപ്പിന് മാർഗനിർദേശങ്ങൾ നൽകിയിരിക്കുകയാണ്. ചേർപ്പ് ബ്ലോക്കിലാണ് 15 ലക്ഷം രൂപ ചെലവിൽ പൈലറ്റ് പദ്ധതി വരുന്നത്. കേരള കാർഷിക സർവകലാശാല ഇതിന് മേൽനോട്ടം വഹിക്കും.
എന്താണ്
റബ്ബർ തടയണകൾ
ഉരുക്ക്, കോൺക്രീറ്റ്, മണ്ണ്, പാറ, മണൽ എന്നിവ ചേർത്തുള്ള പരമ്പരാഗത തടയണ നിർമാണരീതിയിൽനിന്ന് വ്യത്യസ്തമായി റബ്ബർ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയാണ് റബ്ബർ തടയണയുടെ പ്രത്യേകത. ജലസംഭരണിയിൽ കുമിഞ്ഞുകൂടുന്ന അവശിഷ്ടങ്ങൾ ഇടയ്ക്കിടെ പുറന്തള്ളാനുള്ള ക്രമീകരണമാണ് റബ്ബർ തടയണയുടെ സവിശേഷത. മഴക്കാലത്ത് വെള്ളത്തിന്റെ അമിത ഒഴുക്ക് നിയന്ത്രിക്കാനും സംഭരണിയുടെ ഉയരം ആവശ്യമുള്ള ഘട്ടങ്ങളിൽ ഉയർത്താനോ കുറയ്ക്കാനോ എളുപ്പം സാധിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തനരീതി.
സാധ്യതകളും
പ്രയോജനവും
ശരാശരി 10 വർഷത്തെ ആയുസ്സുള്ള സാധാരണതടയണകളുടെ സ്ഥാനത്ത് 15-25 വർഷംവരെ റബ്ബർ തടയണകളുടെ പ്രയോജനമാണ് ഐ.സി.എ.ആർ.മുന്നോട്ടുവെക്കുന്നത്.
ഗ്രാമങ്ങളിലെ ചെറു തടയണകളിൽ അധികവും ഷട്ടറിന്റെ മരപ്പലകകൾ ക്രമേണ ദ്രവിക്കുന്നതുകാരണമാണ് ഉപയോഗയോഗ്യമല്ലാതാകുന്നത്. റബ്ബർ തടയണയിൽ അത്തരം രീതിയില്ല. പക്ഷേ, കോൺക്രീറ്റ് അടിത്തറയും പാർശ്വഭിത്തികളും ഉൾപ്പെടെയുള്ള സാധാരണസംവിധാനം റബ്ബർ തടയണയ്ക്കും വേണം. എങ്കിലും ഷട്ടറുകൾക്കുപകരം വലിയ ഒരുകാറ്റ് തലയണപോലുള്ള പ്രത്യേകതരം റബ്ബർഷീറ്റുപയോഗിച്ചുള്ള സംവിധാനമാണ് അണയിൽ ജലപ്രവാഹത്തെ നിയന്ത്രിക്കുന്നത്.
കനത്തമഴയിൽ വെള്ളപ്പൊക്കം വരുമ്പോൾ അധികജലം എളുപ്പം പുറന്തള്ളാൻ ഈ സംവിധാനത്തിന് പറ്റും. മഴക്കാലത്ത് ഷട്ടറുകൾ തുറന്നുവിട്ടാണ് പരമ്പരാഗത രീതിയിലുള്ള തടയണകളിൽ അമിതജലവിതാനം നിയന്ത്രിക്കുന്നത്. വെള്ളത്തോടൊപ്പം ഒഴുകിവരുന്ന ഒന്നിനെയും റബ്ബർ തടയണകൾ തടഞ്ഞുനിർത്തുന്നില്ല. മഴക്കാലത്ത് വെള്ളപ്പാച്ചിലിൽ ഒഴുകിവരുന്ന മരങ്ങൾ പോലും ഇതിലൂടെ സുഗമമായി കടന്നുപോകാനാകും.
റബ്ബർതടയണകൾ സ്ഥാപിച്ച സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ ഘട്ടം ഘട്ടമായി നെല്ല്, പച്ചക്കറി ഉത്പാദനത്തിൽ 62 ശതമാനം വരെ വിളവുകൂടിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മണ്ണൊലിപ്പ് നിയന്ത്രണം, വെള്ളപ്പൊക്കത്തെ ക്രമീകരിച്ചു നിർത്തൽ, ഭൂഗർഭജലസംരക്ഷണം, ജലപ്രവാഹം നിയന്ത്രിക്കൽ എന്നിവയ്ക്ക് റബ്ബർ തടയണ ഫലപ്രദമെന്നാണ് ഐ.സി.എ.ആറിന്റെ പഠനം. പരമ്പരാഗതരീതിയിൽ മണ്ണും മുളയും മരപ്പലകകളും കൊണ്ട് നിർമിക്കുന്ന കോൾനിലങ്ങളിലെ ചെളിബണ്ടുകൾക്ക് ആയുസ്സ് കുറവാണ്.
വെള്ളപ്പൊക്കത്തിൽ അവ എളുപ്പം നശിക്കുന്നു. എന്നാൽ റബ്ബർ ബണ്ടുകൾ ഈ ന്യൂനത പരിഹരിക്കുമെന്ന ഐ.സി.എ.ആറിന്റെ ഉറപ്പാണ് തൃശ്ശൂരിൽ പൈലറ്റ് പദ്ധതിക്ക് കളമൊരുക്കുന്നത്. എറ്റവും ഉയർന്ന ഉത്പാദനക്ഷമതയുള്ളതും 13,640 ഹെക്ടർ വിസ്തൃതിയുള്ളതുമായ തൃശ്ശൂരിലെ കോൾനിലങ്ങളിൽ പദ്ധതി വിജയിച്ചാൽ രണ്ട് സീസണിലൂടെ വിളവെടുപ്പ് ഇരട്ടിയാക്കാമെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൂട്ടൽ.
തീരപ്രദേശങ്ങളിലെ റബ്ബർ ചെക്ക്ഡാമുകൾ വന്നാൽ കടലിലെ ഉപ്പുവെള്ളം വേലിയേറ്റസമയത്ത് പുഴകളിൽ കലരുന്നത് തടയാനാകുമെന്ന് ഐ.സി.എ.ആർ. വ്യക്തമാക്കുന്നു. വിദേശങ്ങളിലടക്കം റബ്ബർ ചെക്കുഡാമുകളുടെ സാധ്യത വളരെ നേരേത്ത പ്രയോജനപ്പെടുത്തിയതാണ്.
മധൂർ പഞ്ചായത്തിലെ മധുവാഹിനിപ്പുഴയിലെ ഷിറിബാഗിലു, കയ്യൂർ-ചീമേനി പഞ്ചായത്തിലെ ആലന്തട്ട- നാപ്പച്ചാൽ തോടിലെ നാപ്പച്ചാൽ, പിലിക്കോട് പഞ്ചായത്തിലെ മാണിയോട്ട് തോടിൽ കാലിക്കടവ്, വൊർക്കാടി പഞ്ചായത്തിലെ മഞ്ചേശ്വരംപ്പുഴയിൽ കൊമ്പംകുഴി, പനത്തടി പഞ്ചായത്തിലെ മാനടുക്കം-എരിഞ്ഞിലംകോട് തോടിൽ തിമ്മംചാൽ എന്നിവിടങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആറുമുതൽ 15 മീറ്റർവരെ വീതിയുള്ള ഈ ജലസ്രോതസ്സുകളിൽ 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയരമുള്ള ജലസംഭരണിയായിരിക്കും സ്ഥാപിക്കുക
കോൺക്രീറ്റ് തടയണയെക്കാൾ കൂടുതൽ കാലം റബ്ബർ തടയണകൾ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് ഐ.സി.എ.ആർ വ്യക്തമാക്കുന്നു. അഞ്ചു മീറ്റർ വീതിയിലും 1.5 മീറ്റർ ഉയരത്തിലുമുള്ള ഒരു റബ്ബർ തടയണയ്ക്ക് ശരാശരി എട്ടുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 40 ഹെക്ടർ പ്രദേശത്തെ ജലസേചനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥലഘടനയുടെ പശ്ചാത്തലത്തിൽ നിർമാണച്ചെലവിൽ
ഏറ്റക്കുറച്ചിൽ വരാം.