കണ്ണൂർ: പഴയകാല സ്കൂട്ടർ പ്രേമികളുടെ കൂട്ടായ്മയായ വിന്റേജ് ആൻഡ് ക്ലാസിക് സ്കൂട്ടർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യയാത്ര സംഘടിപ്പിച്ചു. കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലായി പരിപാടി നടത്തി. കണ്ണൂരിൽ പയ്യാമ്പലത്താണ് 34 സ്കൂട്ടർ പ്രേമികൾ ഒത്തുചേർന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും പരിപാടി ഉണ്ടായിരുന്നു. ചെറുപ്പക്കാർമുതൽ പ്രായംചെന്നവർവരെ പങ്കെടുത്തു. ലാംബ്രട്ട, ലാംബി, വിജയ് സൂപ്പർ, ചേതക്, വെസ്പ എന്നീ സ്കൂട്ടറുകൾ പല നിറങ്ങളിലായി നിരത്തിലിറങ്ങിയപ്പോൾ പഴയകാല ഓർമകൾ കണ്ണൂരിലെ റോഡുകളിൽ നിറഞ്ഞുനിന്നു. പഴയകാല സ്കൂട്ടറുകളുടെ സംരക്ഷണമാണ് മുഖ്യ ലക്ഷ്യം എന്ന് പരിപാടി സംഘടിപ്പിച്ച ലിജിൽ, ഹക്കീം, നബീദ് എന്നിവർ പറഞ്ഞു. ക്ലബ്ബിന്റെ സ്ഥാപകൻ ആഷിക്ക് ഗൾഫിൽനിന്ന് വീഡിയോ കോളിലൂടെ പരിപാടിയിൽ പങ്കെടുത്തു.