തളിപ്പറമ്പ്: പ്ലാസ്റ്റിക് സഞ്ചികള്‍ നിയമം മൂലം നിരോധിച്ചതാണെങ്കിലും ഉപയോഗത്തിന് കുറവൊന്നുമില്ല. വ്യാപാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം തന്നെ.
 
ഏഴോം, ചെറുതാഴം പഞ്ചായത്തുകളിലെ നൂറു വീടുകള്‍, സപ്ലൈകോ, മത്സ്യവ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ചായിരുന്നു പഠനം. പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് പഞ്ചായത്തുകളില്‍ ആവശ്യമായ സംവിധാനമില്ല. ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കത്തിക്കുകയാണ് ചെയ്യുന്നത്.
 
പഞ്ചായത്തു പ്രസിഡന്റുമാര്‍, എം.എല്‍.എ എന്നിവരുമായി സംസാരിച്ചപ്പോള്‍ കഴിയാവുന്നതൊക്കെ ചെയ്യാമെന്ന് ഉറപ്പുലഭിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു. കോട്ടണ്‍തുണി, കാര്‍ബോര്‍ഡ് ഉപയോഗം വര്‍ധിപ്പിക്കുക, ഉപയോഗിച്ച പ്ലാസ്റ്റിക് വൃത്തിയായി സൂക്ഷിച്ച് റീസൈക്കിള്‍ ചെയ്യാന്‍ നല്‍കുക തുടങ്ങിയ പരിഹാരങ്ങളാണ് വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്നത്.
 
സപ്ലൈകോ പോലുള്ള സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എം.വി.പ്രസന്നയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ നീലാംബരി, അഞ്ജന, അക്ഷയ, നന്ദന, ഗോപിക കെ.പ്രഭൂജിബിന്‍ എന്നിവരാണ് പഠനം നടത്തിയത്.