തലശ്ശേരി: നഗരമധ്യത്തിലെ വിദ്യാലയപരിസരങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് -ഒരിടത്ത് അഴുക്കുചാല്‍ പഴയതുപോലെ തന്നെ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു. മറ്റൊരിടത്താകട്ടെ ഓവുചാലിന്റെ സ്ലാബ് ഇളകി അപകടാവസ്ഥയിലും.

കായ്യത്ത് റോഡില്‍ ഗേള്‍സ് എച്ച്.എസ്.എസിനോട് ചേര്‍ന്നുള്ള ഓവുചാലിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. പ്രധാനപാതയായ എം.ജി. റോഡില്‍നിന്ന് കായ്യത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ഈ ഓവുചാല്‍ തുറന്നനിലയിലാണ്.

നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന നഗരത്തിലെ പ്രമുഖ വിദ്യാലയമാണ് ഗേള്‍സ് എച്ച്.എസ്.എസ്. പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും മറ്റും ഓവുചാലില്‍ വലിച്ചെറിഞ്ഞതും കാണാറുണ്ട്.

മലിനജലം കെട്ടിക്കിടക്കുന്നത് കാരണം കടുത്ത ദുര്‍ഗന്ധവും കൊതുകുശല്യവുമുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. സമീപത്തെ കടകളിലുള്ളവരും ഇതുകാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

സ്‌കൂളിലെ ഒരു വിദ്യാര്‍ഥി കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം നവംബറില്‍ 'മാതൃഭൂമി' വാര്‍ത്ത നല്‍കി. ഇതേത്തുടര്‍ന്ന് നഗരസഭാതൊഴിലാളികള്‍ ഓവുചാല്‍ വൃത്തിയാക്കാറുണ്ടായിരുന്നു.

അധികം വൈകാതെ വീണ്ടും പഴയ അവസ്ഥയിലായി. ബി.ഇ.എം.പി. എച്ച്.എസ്.എസിന്റെ മതിലിനോട് ചേര്‍ന്നുള്ള ഓവുചാലിന്റെ സ്ലാബാണ് ഇളകിക്കിടക്കുന്നത്. ഈ സ്ലാബിനടയില്‍ ഒരു ചെങ്കല്‍ കഷണം വെച്ച് താങ്ങിനിര്‍ത്തിയിരിക്കുകയാണ്.

ഇത് കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കാനിടയില്ല. സ്ലാബില്‍ ചവിട്ടിയാല്‍ അടിയിലെ ചെങ്കല്ല് തെന്നി യാത്രക്കാര്‍ ഓവുചാലിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ മാസം ഇതിനടുത്തുള്ള മറ്റൊരു ഓവുചാലില്‍ കാല്‍നടയാത്രക്കാരന്റെ കാല്‍കുടുങ്ങിയതായി പരാതിയുണ്ടായിരുന്നു.