തലശ്ശേരി: ഈണങ്ങളുടെ രാജശില്പി സംഗീത സംവിധായകന്‍ കെ.രാഘവന്‍മാസ്റ്ററെ ഇനി തലശ്ശേരി കടല്‍ത്തീരത്ത് കാണാം. പാട്ടിന് ഈണമിടുന്ന മാഷിന്റെ ജീവന്‍ തുടിക്കുന്ന വെങ്കല പ്രതിമ സെന്റിനറി പാര്‍ക്കില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവരണം ചെയ്യും.

സാംസ്‌കാരിക വകുപ്പും നഗരസഭയും ചേര്‍ന്നാണ് മാഷ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ പ്രതിമ ഒരുക്കിയത്. നൂറാം വയസ്സിലേക്ക് കടക്കാന്‍ ഒരു പാട്ടിന്റെ അകലംമാത്രം ബാക്കിവെച്ച് 2013 ഒക്ടോബര്‍ 19-ന് തൊണ്ണുറ്റിയൊന്‍പതാം വയസ്സിലാണ് മാഷ് ഓര്‍മയായത്. അദ്ദേഹത്തിന്റെ സംഗീതപ്രപഞ്ചം ഇന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.

വെങ്കലപ്രതിമയ്ക്കും അനുബന്ധ സൗകര്യവുമൊരുക്കുന്നതിന് 45 ലക്ഷം രൂപയാണ് ചെലവായത്. സ്മാരകത്തിനുമുന്നില്‍ പ്രണാമമര്‍പ്പിക്കുന്നതിനൊപ്പം തൊട്ടടുത്ത മണ്ഡപത്തിലിരുന്ന് ആരാധകര്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കാനും സൗകര്യമുണ്ട്. ശില്പി മനോജ്കുമാറാണ് വെങ്കലപ്രതിമ നിര്‍മിച്ചത്. രാഘവന്‍മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്ത-സംഗീതാവിഷ്‌കാരത്തോടെ തിങ്കളാഴ്ച വൈകീട്ട് ചടങ്ങ് തുടങ്ങും. മ്യുസിഷന്‍ വെല്‍ഫേര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ സംഗീതനിശയും ഇതോടൊപ്പമുണ്ടാവും. ഗാന്ധിജി, എ.പി.ജെ.അബ്ദുല്‍കലാം, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഇ.നാരായണന്‍ എന്നിവരുടെ പ്രതിമകളുള്ള നഗരത്തില്‍ രാഘവന്‍ മാസ്റ്റര്‍ കൂടി.