തലശ്ശേരി: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നിര്‍മിച്ച മാതൃകയില്‍ ക്രിസ്മസ് റാന്തലുണ്ടാക്കി സി.എസ്.ഐ. വൈദികന്‍. റവ. ഡോ. ജി.എസ്.ഫ്രാന്‍സിസ് ആണ് ക്രിസ്മസ് റാന്തലുണ്ടാക്കി കായ്യത്ത് റോഡിലെ വീട്ടില്‍ തൂക്കിയത്.

മുളകൊണ്ടുള്ള ഒരു കൂടുണ്ടാക്കി അതിനെ വര്‍ണക്കടലാസുകൊണ്ട് പൊതിയുകയാണ് ആദ്യം ചെയ്യുന്നത്. അതിന്റെ പുറത്ത് 'ഹാപ്പി ക്രിസ്മസ്' എന്നും 'ബ്രൈറ്റ് ന്യൂ ഇയര്‍' എന്നും രേഖപ്പെടുത്തിയ കടലാസ് ഒട്ടിച്ചു. കടലാസ് പൂക്കളും കുരിശുമുണ്ടാക്കി അടിവശത്തായി തൂക്കുകയും ചെയ്തു. അകത്ത് വൈദ്യുതബള്‍ബാണ് തെളിക്കുന്നത്.

1839-ലാണ് ഗുണ്ടര്‍ട്ട് ഇല്ലിക്കുന്നിലെത്തിയത്. ക്രിസ്മസ് കാലത്ത് അദ്ദേഹം താമസിച്ച ഇല്ലിക്കുന്നിലെ ബംഗ്ലാവിലും അവിടെയുള്ള പള്ളിയിലും ഇത്തരം റാന്തലാണ് തൂക്കിയിരുന്നത്. അക്കാലത്ത് റാന്തലിന്റെ ഉള്ളില്‍ മെഴുകുതിരിയാണ് തെളിച്ചിരുന്നത്.

ക്രിസ്മസ് നക്ഷത്രം വ്യാപകമാകുന്നതിനുമുമ്പ് ബാസല്‍മിഷന്‍ പള്ളികളിലും ആംഗ്ലിക്കന്‍ പള്ളികളിലും തൂക്കിയിരുന്നത് റാന്തലുകളാണ്. ക്രിസ്മസ് റാന്തല്‍ തയ്യാറാക്കാന്‍ ചെലവും കുറവാണ്. റാന്തലുണ്ടാക്കാന്‍ വെറും 50 രൂപ മതിയാകുമെന്ന് ഫ്രാന്‍സിസ് അച്ചന്‍ പറഞ്ഞു.