തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 61 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. റെയില്‍വേ സ്റ്റേഷന് സമീപത്തെ പഴയ കെ.എസ്.ബി.സി. ഗോഡൗണിന് അരികില്‍നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി നാരങ്ങാപ്പുറത്ത് താഴെ കൊല്ലത്ത് ഹൗസില്‍ വി.സി.ഷുക്കൂറിനെ (67) കസ്റ്റഡിയിലെടുത്തു.

തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ചെറുകിട കച്ചവടക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനനടത്തുന്നത് ഷുക്കൂറാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മംഗളൂരുവില്‍നിന്ന് തീവണ്ടിയിലാണ് തലശ്ശേരിയിലെത്തിക്കുന്നത്. 3420 പായ്ക്കറ്റ് ഹാന്‍സ്, 340 പായ്ക്കറ്റ് കൂള്‍ ലിപ് എന്നിവയുള്‍പ്പെടെ 61 കിലോഗ്രാം ലഹരി ഉത്പന്നങ്ങളാണ് പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി.പ്രമോദ്, പി.എം.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു.ഷെനിത്ത് രാജ്, സി.അഭിലാഷ്, കെ.കെ.സമീര്‍, പി.ജെലീഷ്, ലെനിന്‍ എഡ്വേര്‍ഡ് എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞമാസം 120 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ തലശ്ശേരിയില്‍നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.