തലശ്ശേരി: ബി.ജെ.പി. പ്രവര്‍ത്തകനായിരുന്ന വെണ്ടുട്ടായിലെ മാണിയത്ത് സത്യനെ (38) കൊലപ്പെടുത്തിയ കേസില്‍ വെള്ളിയാഴ്ച വിസ്തരിച്ച രണ്ടുസാക്ഷികളും കൂറുമാറി. സത്യന്‍ ജോലിചെയ്തിരുന്ന കൂത്തുപറമ്പ് പഴയനിരത്തിലെ വീട്ടുടമ രാമചന്ദ്രന്‍, പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ റനീഷ് എന്നിവരാണ് കൂറുമാറിയത്.
സത്യന്റെ കൂടെ ജോലിചെയ്തിരുന്ന അരവിന്ദന്‍, രജീഷ് എന്നിവര്‍ വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനിടെ കൂറുമാറിയിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ശ്രീകല സുരേഷ് മുമ്പാകെ സാക്ഷിവിസ്താരം തിങ്കളാഴ്ച തുടരും.
കൂത്തുപറമ്പ് പഴയനിരത്തില്‍ ഒരുവീട്ടില്‍ ജോലി ചെയ്യുകയായിരുന്ന സത്യനെ അക്രമികള്‍ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പാനുണ്ട ഹെല്‍ത്ത് സെന്ററിനു സമീപം റോഡരികില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2008 മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്​പദമായ സംഭവം. സി.പി.എം. പ്രവര്‍ത്തകരായ എട്ടുപേരാണ് കേസിലെ പ്രതികള്‍.