ഇരിട്ടി: കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനാതിര്‍ത്തിയായ കൂട്ടപുഴയിലുണ്ടായ അതിര്‍ത്തിത്തര്‍ക്കം പരിഹാരമില്ലാതെ നീളവേ റവന്യൂസംഘം അതിര്‍ത്തിയില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കര്‍ണാടക വനംവകുപ്പിന്റെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ സര്‍വേ നടത്തിയിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറി തലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ പറഞ്ഞു.

പാലംനിര്‍മാണ സമയത്ത് മാക്കൂട്ടം റോഡിനോടും കൂട്ടുപുഴ പാലത്തിനോടും ചേര്‍ന്ന് കര്‍ണാടക സ്ഥാപിച്ച സര്‍വേക്കല്ല് അല്ലാതെ പുതുതായി ൈകയേറ്റം ഒന്നും നടന്നിട്ടില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് പരിശോധനയെന്നാണ് റവന്യൂസംഘവും കര്‍ണാടക വനംവകുപ്പ് സംഘവും പറയുന്നത്.

ബുധനാഴ്ച തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി അംഗീകരിച്ച് സ്ഥാപിച്ച സര്‍വേക്കല്ല് കണ്ടെത്തി.

സംസ്ഥാന പുനഃസംഘടനാ സമയത്ത് സ്ഥാപിച്ച സര്‍വേക്കല്ലാണ് കണ്ടെത്തിയത്. തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളും മാക്കൂട്ടം വനമേഖലയും രേഖപ്പെടുത്തിയ സര്‍വേക്കല്ലാണ് കണ്ടെത്തിയത്.

കൂട്ടപുഴ സ്‌നേഹഭവന് സമീപം വനാതിര്‍ത്തിയിലാണ് ഇത് സ്ഥാപിച്ചത്. തര്‍ക്കം പരിഹരിക്കുന്നതിന് ഇത് പ്രധാന തെളിവാണ്. കൂട്ടപുഴ പുഴവരെ തങ്ങളുടെ ഭൂമിയാണെന്ന കര്‍ണാടക വനംവകുപ്പിന്റെ ഇതുവരേയുള്ള അവകാശവാദത്തെ പൊളിക്കുന്നതാണ് പുതിയ തെളിവ്.

പുഴയോട് ചേര്‍ന്ന ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് കര്‍ണാടക വനംവകുപ്പ് കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം തടഞ്ഞത്. എന്നാല്‍, മാക്കൂട്ടം റോഡിനോട് ചേര്‍ന്ന ഭാഗംവരെ കേരളത്തിന്റെ റവന്യൂഭൂമിയാണെന്ന രേഖയുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

ഇരിട്ടി തഹസില്‍ദാര്‍ക്ക് പുറമേ ഹെഡ് സര്‍വേയര്‍ ടി.പി.മുഹമ്മദ് ഷെരീഫ്, െഡപ്യൂട്ടി തഹസില്‍ദാര്‍ എം.ലക്ഷ്മണന്‍, താലൂക്ക് സര്‍വേയര്‍ വി.കെ.സുരേഷ്, അയ്യന്‍കുന്ന് വില്ലേജ് ഓഫീസര്‍ നിരീഷ്‌കുമാര്‍, വിളമന വില്ലേജ് ഓഫീസര്‍ സിബിമാത്യു എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.

സംയുക്ത സര്‍വേയ്ക്ക് സാധ്യത

സംസ്ഥാനാന്തരപാത എന്ന പരിഗണനവെച്ച് പാലത്തിന്റെ നിര്‍മാണത്തിന് അനുമതിനല്‍കാമെന്ന് കര്‍ണാടക വനംമന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോവുകയായിരുന്നു.

ഇതിനിടയില്‍ നിരവധി തവണ കര്‍ണാടക വനംവകുപ്പതിര്‍ത്തിയില്‍ പരിശോധനയും നടത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് ചിഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംയുക്ത സര്‍വേയും പിന്നീട് ഉണ്ടാവും.