ശ്രീകണ്ഠപുരം: ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികളെ വീടുകളിലേക്ക് കൊണ്ടുവിടാന്‍ പോവുകയായിരുന്ന സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 24 പേര്‍ക്ക് പരിക്ക്. ശ്രീകണ്ഠപുരം കോട്ടൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ചെമ്പന്തൊട്ടി കോറങ്ങോട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിനിടെ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. ബസ്സില്‍ മുപ്പത്തഞ്ചിലേറെ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കോറങ്ങോട് ഇറക്കത്തിലെ വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. കുട്ടികള്‍ നിലവിളിച്ച് കരയുന്നതുകേട്ട് ഓടിയെത്തിയവര്‍ പരിക്കേറ്റവരെ ശ്രീകണ്ഠപുരം രാജീവ്ഗാന്ധി ആസ്​പത്രിയിലെത്തിച്ച് ചികിത്സനല്‍കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ഥികളായ നവതേജ് (എട്ട്), നിരഞ്ജന്‍ (ഏഴ്), മെറിന്‍ രാജന്‍ (ആറ്), എലൈന്‍ (അഞ്ച്), അന്നാ ബെന്നറ്റ് (ആറ്), ഡാന്‍ റോയി (11) അലാന്‍സ റോസ് (അഞ്ച്), അഞ്ചല്‍ മരിയ (ഏഴ്), എയ്ഞ്ചലീന ബ്രജീത്ത (ഒന്‍പത്) ഇവ എയ്ഞ്ചല്‍ എലിസബത്ത് (അഞ്ച്), അസിന്‍ സ്‌കറിയ (ആറ്), അന്ന റോബിന്‍ (ഏഴ്), എലൈന്‍ രാജന്‍ (ഏഴ്), അന്വിത അനീഷ് (അഞ്ച്), എയ്ഞ്ചല്‍ മരിയ റോബിന്‍ (ഏഴ്), അനീറ്റ (11), സിയ ബ്രിജിത്ത (ആറ്), എന്നിവരെയും ബസ് ഡ്രൈവര്‍ ജോജോ (55), അധ്യാപിക ലിഷ അലക്‌സ് (34), ആയ ലിസി (35) എന്നിവരെയും ശ്രീകണ്ഠപുരം രാജീവ്ഗാന്ധി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളായ എയ്ഞ്ചല്‍, അഞ്ചിമ എന്നിവരെ കണ്ണൂര്‍ എ.കെ.ജി. ആസ്​പത്രിയിലും ആല്‍വിന്‍ സ്‌കറിയ (ഒന്‍പത്), അഭിന്‍ സജി (13) എന്നിവരെ തളിപ്പറമ്പ് സഹകരണാസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ഏറെ പേര്‍ക്കും കാലിനും കൈക്കും ഉള്‍പ്പെടെയാണ് പരിക്ക്. സംഭവമറിഞ്ഞ് നിരവധിപേര്‍ അപകടസ്ഥലത്തേക്കും ശ്രീകണ്ഠപുരം രാജീവ്ഗാന്ധി ആസ്​പത്രിയിലേക്കും ഓടിയെത്തി. പരിക്കേറ്റ കുട്ടികളും സ്ഥലത്തെത്തിയ രക്ഷിതാക്കളും അധ്യാപികമാരും ആയമാരും നിലവിളിച്ചു കരയുന്ന കാഴ്ചയാണ് ആസ്​പത്രിയിലുണ്ടായത്.

അപകടസ്ഥലത്ത് ശ്രീകണ്ഠപുരം ഇന്‍സ്‌പെക്ടര്‍ വി.വി.ലതീഷ്, എസ്.ഐ. ഇ.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തിയിരുന്നു.

നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ നിഷിത റഹ്മാന്‍, കൗണ്‍സിലര്‍മാരായ എം.സി.രാഘവന്‍, ജോസഫീന ടീച്ചര്‍, പ്രിന്‍സണ്‍, ഷൈല ജോയി, ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, വ്യാപാരി നേതാവ് സി.സി.മാമു ഹാജി, സി.പി.എം. ഏരിയാ സെക്രട്ടറി എം.വേലായുധന്‍, ജില്ലാ കമ്മറ്റിയംഗം പി.വി.ഗോപിനാഥ്, കോണ്‍ഗ്രസ്‌ േബ്ലാക്ക് പ്രസിഡന്റ് എം.ഒ.മാധവന്‍ മാസ്റ്റര്‍, പി.ജെ.ആന്റണി തുടങ്ങിയവരെല്ലാം ആസ്​പത്രിയില്‍ എത്തിയിരുന്നു.