ശ്രീകണ്ഠപുരം: കോണ്‍ഗ്രസ് സംഘടനാസംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ആവശ്യപ്പെട്ടു.

കെ.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംഘടനാ തിരഞ്ഞെടുപ്പുകളില്‍ ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാന്‍ പ്രേരിപ്പിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കിയാണ് പദവിയിലെത്തുന്നതെന്നും വിമര്‍ശനമുണ്ടായി.

പ്രവര്‍ത്തകരെ ഇനിയും തമ്മില്‍ തല്ലിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ദേശീയപാതയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ സുതാര്യമായും ന്യായമായ നഷ്ടപരിഹാരം നല്‍കിയും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനമായി.

കെ.പി.സി.സി. രാഷ്ടീയകാര്യ സമിതിയംഗം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തര്‍, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി.എ.നാരായണന്‍, ഡി.സി. സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, സണ്ണി ജോസഫ് എം.എല്‍.എ, കെ.വി.ഫിലോമിന, രജനി രമാനന്ദ്, പി.ടി.മാത്യു, മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.