ശ്രീകണ്ഠപുരം: വിദേശമദ്യക്കടകള്‍ വരുന്നതിനെതിരേ പലയിടത്തും നാട്ടുകാര്‍ സമരം നടത്തുന്നതിനിടെ പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ ചാപ്പക്കടവില്‍ ഒരു വേറിട്ട സമരം. ബിവറേജസ് ഔട്ട്‌ലെറ്റ് ഇവിടെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

പ്രകടനവും പൊതുയോഗവും പരസ്യമായി നടത്തി ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ചാപ്പക്കടവില്‍ വിദേശമദ്യഷാപ്പ് വരുന്നതിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ വിശ്വാസികളുടെ സമരങ്ങള്‍ നടത്തിരുന്നു. എന്നാല്‍, ശ്രീകണ്ഠപുരത്തെയും ഉളിക്കലിലെയും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെ പലരും ജോലിക്കുപോലും പോകാതെ ഏറെദൂരെയുള്ള ആലക്കോട്ടെയും പാടിക്കുന്നിലെയും മദ്യക്കടകള്‍ തേടി പോകാന്‍തുടങ്ങിയതോടെയാണ് നാട്ടില്‍ മദ്യക്കട തുടങ്ങണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയത്.

മദ്യം കിട്ടാതായതോടെ നാട്ടില്‍ വാറ്റ് വര്‍ധിച്ചതായും വിഷമദ്യദുരന്തത്തിന് സാധ്യതയുള്ളതായും മദ്യക്കടയ്ക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നു. മദ്യശാല വരുന്നതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തുള്ളപ്പോഴാണ് ഇവിടത്തെ പുതുമയുള്ള സമരം.

കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തംഗവുമായ ഗോപി കാക്കശ്ശേരി, പയ്യാവൂര്‍ പഞ്ചായത്തംഗവും സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ജോയി ജോസഫ്, സണ്ണി പാറാമ്പയില്‍ എന്നിവര്‍ പൊതുയോഗത്തില്‍ സംസാരിച്ചു.