ശ്രീകണ്ഠപുരം: പ്രകൃതിയോട് ചേര്‍ന്നാണ് കുന്നത്തൂര്‍പാടിയിലെ ചടങ്ങുകള്‍ ഏറെയും. ഇതില്‍ വിശിഷ്ടമായത് ഓലയും പുല്ലും ഉപയോഗിച്ചുള്ള മടപ്പുരയും തിരുമുറ്റത്തെ മണ്‍പീഠവും.

മറ്റ് മുത്തപ്പന്‍ സ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കുന്നത്തൂര്‍പാടിയിലെ തിരുമുറ്റത്ത് മുത്തപ്പന്റെ ഇരിപ്പിടം മണ്‍പീഠമാണ്. മറ്റുദേവസ്ഥാനങ്ങളില്‍ മരത്തിന്റെ പീഠമാണ് മുത്തപ്പനുള്ളത്. കുന്നത്തൂര്‍പാടിയില്‍മാത്രം മണ്ണ് കൊണ്ട് നിര്‍മിച്ച പീഠത്തില്‍ മാത്രമേ മുത്തപ്പന്‍ ഇരിക്കാറുള്ളൂ.

പാടിയില്‍പണിയുടെ ഭാഗമായാണ് കുഴച്ചമണ്ണ് കൊണ്ട് പീഠം ഉണ്ടാക്കുന്നത്. തിരുവപ്പന പള്ളിവേട്ടക്കൊരുങ്ങുന്നതും ഈ മണ്‍പീഠത്തില്‍ കയറിയാണ്. മണ്‍പീഠത്തിലിരുന്നാണ് ഭക്തര്‍ക്ക് ദര്‍ശനം നല്കുന്നതും. ഓരോ ഉത്സവകാലം കഴിയുമ്പോഴും കാടുമൂടുന്ന തിരുമുറ്റത്ത് കാലവര്‍ഷത്തില്‍ മണ്‍പീഠം അലിഞ്ഞില്ലാതാകും. എന്നാല്‍ പാടിയില്‍പണിയുടെ ഭാഗമായി ഒരേ സ്ഥാനത്ത് പീഠം വീണ്ടും പുനഃസ്ഥാപിക്കും.