ശ്രീകണ്ഠപുരം: മലപ്പട്ടം ഭഗവതി ക്ഷേത്രക്കുളം നവീകരണത്തിനായി ജില്ലാ പഞ്ചായത്തും മലപ്പട്ടം പഞ്ചായത്തും അനുവദിച്ച ഫണ്ട് നഷ്ടമായി. 'ജലം സുലഭം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 25 കുളങ്ങള്‍ നവീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിരുന്നു.

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പട്ടം ക്ഷേത്രക്കുളം നവീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷവും മലപ്പട്ടം പഞ്ചായത്ത് രണ്ടുലക്ഷവുമാണ് നീക്കിവെച്ചത്.

എന്നാല്‍ പൊതുകുളം നവീകരണത്തിന് മാത്രമേ തുക അനുവദിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ നിലപാടെടുത്തതോടെ പണം നഷ്ടപ്പെടുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുമ്പോള്‍ ഇത്തരത്തില്‍ യാതൊരു നിബന്ധനയും പറഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കൂടാതെ നവീകരണം പൂര്‍ത്തിയായാല്‍ ക്ഷേത്രക്കുളം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്‍പ് ദേവസ്വവും പഞ്ചായത്തും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് കാലങ്ങളായി ചെളിനിറഞ്ഞ് ഉപയോഗശൂന്യമായ കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിക്കുകയായിരുന്നു. നാല് മീറ്റര്‍ ആഴമുള്ള കുളം അരയേക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.