മട്ടന്നൂര്‍: ജൈവവളവും വെള്ളവും നല്‍കി കുട്ടികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളാണ് അടുത്ത മൂന്നുമാസത്തേക്ക് കല്ലൂര്‍ ന്യൂ യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചയൂണിനുപയോഗിക്കുക. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കുട്ടികളും പി.ടി.എ.യും ചേര്‍ന്ന് നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.

തഴച്ചുവളര്‍ന്ന ചീരയും പടവലവും പയറും വെണ്ടയും പാവക്കയും. സീഡംഗങ്ങളുടെ അധ്വാനത്തിന് ഇരട്ടിവിളവാണ് കിട്ടിയത്. രാവിലെയും വൈകുന്നേരവും കുട്ടികള്‍ വെള്ളമൊഴിക്കുകയും വളം ചേര്‍ക്കുകയും ജൈവകീടനാശിനികള്‍ മാത്രമുപയോഗിച്ച് കീടനിയന്ത്രണം നടത്തുകയും ചെയ്താണ് കൃഷിപരിപാലിച്ചത്.

പി.ടി.എ വൈസ് പ്രസിഡന്റും കര്‍ഷകനുമായ വി.നാരായണനും സീഡ് ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.അഞ്ചുവും കുട്ടികളുടെ കൂടെയുണ്ടായിരുന്നു.

വിളവെടുപ്പുദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ സി.വി.ശശീന്ദ്രന്‍ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ബി.പൊന്നു, പി.ടി.എ. പ്രസിഡന്റ് കെ.ജയന്‍, പ്രഥമാധ്യാപകന്റെ ചാര്‍ജുള്ള അധ്യാപകന്‍ ഇ.പ്രസാദ്, മേരിജോര്‍ജ്, വി.നാരായണന്‍, എ.പ്രിയന്‍, കെ.കെ.അഞ്ചു എന്നിവര്‍ സംസാരിച്ചു.