അഞ്ചരക്കണ്ടി: റോഡ് നവീകരണം കഴിഞ്ഞതോടെ ടൗണില്‍ വാഹനാപകടം പതിവായി. ചെറുതോ വലുതോ ആയ അപകടങ്ങളാണ് മിക്കദിവസവും നടക്കുന്നത്. റോഡ് ടാറിങ് നടത്തിയതോടെ കവലവഴി വാഹനങ്ങള്‍ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ഇത് നിയന്ത്രിക്കാന്‍ നടപടി ഇല്ല.

അശ്രദ്ധയോടെ അമിതവേഗത്തില്‍ കവലവഴി ഇരുഭാഗത്തുനിന്നും വരുന്നവാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് പലപ്പോഴും കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്.

വേഗനിയന്ത്രണ മാര്‍ഗമോ കവല സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകളോ ഇവിടെയില്ല. അഞ്ചരക്കണ്ടി-കണ്ണൂര്‍, ചാലോട്-അഞ്ചരക്കണ്ടി, തലശ്ശേരി-അഞ്ചരക്കണ്ടി, മട്ടന്നൂര്‍-അഞ്ചരക്കണ്ടി എന്നീ റോഡുകള്‍ സംഗമിക്കുന്ന ടൗണ്‍ എല്ലാ സമയത്തും തിരക്കുപിടിച്ച സ്ഥിതിയിലാണ്.

എല്ലാഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക് ഐലന്റ് സൗകര്യം വേണം. അതോടൊപ്പം തലശ്ശേരി-അഞ്ചരക്കണ്ടി-ചാലോട് റോഡില്‍ ടൗണില്‍ ചേരുന്ന ഇരു ഭാഗങ്ങളിലും ഹമ്പ്, വേഗതനിയന്ത്രണ സൗകര്യം എന്നിവ ഏര്‍പ്പെടുത്തണം.

വേഗത നിയന്ത്രണം നടത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.