പയ്യ​ന്നൂര്‍: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ജന ആരോഗ്യ സംരക്ഷണസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാമന്തളി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കടകള്‍ തുറന്നില്ല.

ഹര്‍ത്താല്‍ദിനത്തില്‍ ജന ആരോഗ്യസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ റോഡ് ഉപരോധിച്ചു. നാവിക അക്കാദമിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. രാമന്തളിയിലെ ജനങ്ങള്‍ക്ക് ദുരിതമായ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 50 ദിവസമായി ജന ആരോഗ്യസംരക്ഷണ സമിതി അനിശ്ചിതകാല നിരാഹാരസമരത്തിലാണ്.

പ്രശ്‌നപരിഹാരമില്ലാത്തതിനാലായിരുന്നു ചൊവ്വാഴ്ച റോഡ് ഉപരോധം. പങ്കെടുത്ത 54 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയും ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റിയും സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാറും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസം സമരസമിതി നടത്തിയ റോഡ് ഉപരോധത്തിനിടെ അറസ്റ്റുചെയ്ത് റിമാന്‍ഡിലായ അഞ്ച് സമരസമിതി പ്രവര്‍ത്തകര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച കെ.പി.രാജേന്ദ്രന്‍, സുനില്‍ രാമന്തളി, വിനോദ് കുമാര്‍ രാമന്തളി, കെ.ടി.രതീഷ്, അരുണ്‍ ബാബു എന്നിവരെ ആനയിച്ച് രാമന്തളി സെന്‍ട്രലില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡോ. ഡി.സുരേന്ദ്രനാഥ്, എന്‍.കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

രാമന്തളിയിലെ അനിശ്ചിതകാല നിരാഹാരസമരം അമ്പത്തിഒന്നാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ സമരസമിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാല്‍ നടത്തുന്ന നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക് കടന്നു.