പയ്യന്നൂര്‍: ജനാധിപത്യ സംവിധാനമുള്ള ഈ നാട്ടില്‍ ജനങ്ങള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും ന്യായമായ സമരത്തില്‍ ഇടപെട്ട് ചര്‍ച്ച് നടത്തി പരിഹരിക്കേണ്ടത് ഭരണകൂടങ്ങളാണെന്നും പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി.രാജഗോപാല്‍ പറഞ്ഞു. രാമന്തളി മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായമായ ആവശ്യത്തിനുവേണ്ടി ഒരുജനത സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. ആര് ജയിക്കും ആര് തോല്‍ക്കും എന്നല്ല പ്രശ്‌നം. ഒരു നാടിന്റെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ പിടിവാശി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാരയില്‍ സുകുമാരന്‍, വി.എം.പവിത്രന്‍ എന്നിവരും പി.വി.രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു.

രാമന്തളി മാലിന്യവിരുദ്ധ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കളെ കരിനിയമം അടക്കമുള്ള കേസുകള്‍ ചാര്‍ത്തി നല്ലനടപ്പിന് വിധിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിക്കുന്നതിനായി പയ്യന്നൂര്‍ ജനജാഗ്രതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് 'എന്താണ് സര്‍, നല്ലനടപ്പ്' എന്ന പേരില്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നടത്തും. കൂടംകുളം സമരനായകന്‍ എസ്.പി.ഉദയകുമാര്‍, എഴുത്തുകാരന്‍ ടി.പി.രാജീവന്‍, ഗീതാനന്ദന്‍, മഞ്ചേരി സുന്ദര്‍രാജ് എന്നിവര്‍ പങ്കെടുക്കും.

നാവിക അക്കാദമി പയ്യന്നൂര്‍ ഗേറ്റിനുമുന്നില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 77-ാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ സമരസമിതി പ്രവര്‍ത്തകന്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ സമരപ്പന്തലില്‍ തത്സമയ ചിത്രരചന നടത്തി. വൈകുന്നേരം രാമന്തളി സെന്‍ട്രലില്‍ പ്രകടനം നടത്തി.

തിങ്കളാഴ്ച വൈകുന്നേരം ആറിന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തും.