കൂത്തുപറമ്പ്: ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൂക്കോട്, കോങ്ങാറ്റ, കാനത്തുംചിറ, ഏഴാംമൈല്‍ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എല്‍.പി. സ്‌കൂളിനുമുകളില്‍ വൈദ്യുതത്തൂണ്‍ പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു.
 
കുന്നപ്പാടി സി.എച്ച്. വായനശാലയ്ക്കുസമീപത്തെ കേളോത്ത് ബാലന്റെ വീടിനുമുകളില്‍ മരംവീണ് മേല്‍ക്കൂര തകര്‍ന്നു. പാറേമ്മല്‍ ജിതേഷിന്റെ കൊപ്ര ഡ്രയര്‍ കെട്ടിടത്തിനുമുകളില്‍ മരംവീണു. വെള്ളംവീണ് രണ്ടായിരത്തോളം തേങ്ങ നശിച്ചു.
 
മരം വീണ് ചാത്തമ്പള്ളി ഷൈലജയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മെയിന്‍ സ്ലാബ് തകര്‍ന്നു. പൊന്നമ്പത്ത് യശോദയുടെ വീടിന്റെ സ്റ്റെയര്‍ കെയ്‌സ് മുറിയുടെ മുകളില്‍ മരംവീണ് നാശനഷ്ടമുണ്ടായി.

കോങ്ങാറ്റ മൊയ്യാരത്ത് വായനശാലയ്ക്ക് സമീപത്തെ പൂവാടന്‍ രാജന്റെ വീടിന്റെ മുകളിലും മരംവീണ് നാശനഷ്ടം ഉണ്ടായി.

ഏഴാംമൈല്‍, കാനത്തുംചിറ ഭാഗങ്ങളില്‍ മരംവീണ് നിരവധി വീടുകല്‍ തകര്‍ന്നു. കെ.നാണിയുടെ വീടിനുമുകളില്‍ മരംവീണ് സാരമായി കേടുപറ്റി.
 
കോറോത്താന്‍ ഹൗസില്‍ ദാമോദരന്റെ വീടിനുമുകളില്‍ മരംവീണ് മേല്‍ക്കൂരയും ഞാലിയും തകര്‍ന്നു. ഞേറക്കാട് ഹൗസില്‍ ശാന്തയുടെ വീട് തെങ്ങുവീണ് തകര്‍ന്നു.
 
കോറോത്താന്‍ നാണി, ജാനകിയുടെ ജയദീപം വീട്, പുത്തലത്ത് കുഞ്ഞിരാമന്‍, ഒറവക്കുന്ന് ഹൗസില്‍ കെ.ഷീന, ശ്രീധരന്‍ കണിയാരത്ത്, സജീവന്‍ പഴയേടത്ത്, പത്തലായീന്റവിട മുകന്ദന്റെ വീട്, ഹരീന്ദ്രന്റെ പി.കെ. ഹൗസ്, സുനില്‍കുമാര്‍, ജയവാണി, വാച്ചാലി നളിനി, പി.പി.ചന്ദ്രന്‍, പ്രദീപന്‍ വലിയപറമ്പത്ത് എന്നിവരുടെ വീടുകള്‍ക്കും മരംവീണ് കേടുപറ്റി.

കൈരളി വായനശാല, കാനത്തുംചിറ കള്ളുഷാപ്പ് എന്നിവയ്ക്കും മരംവീണ് കേടുപറ്റി. ഏഴാംമൈല്‍, കാനത്തുംചിറ ഭാഗങ്ങളിലെ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കോട്ടയംപൊയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷബ്‌ന, വൈസ് പ്രസിഡന്റ് പി.സുധാകരന്‍, വാര്‍ഡംഗം കെ.ദീപ തുടങ്ങിയവരും വില്ലേജോഫീസധികൃതരും സന്ദര്‍ശിച്ചു.