പുതിയതെരു: പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ ജില്ലയിലെ വിവധ ഭാഗങ്ങളില്‍നിന്നെത്തിയ 1098 കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു. ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ഭക്തസേവാസമിതി വൊളന്റിയര്‍മാര്‍ ദേവസ്വത്തിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും മധുരപലഹാരവും പാലും വിതരണം ചെയ്തു.

മേല്‍ശാന്തി മുക്കിഴി ഇല്ലത്ത് പദ്മനാഭന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യക്ഷരം കുറിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി.

മയ്യില്‍: മയ്യില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം കുട്ടികളെ എഴുത്തിനിരുത്തി. എഴുത്തുകാരന്‍ വി.എച്ച്.നിഷാദാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. കര്‍ണാടകയിലെ ഹുസൂരില്‍നിന്നുള്ള നാടോടിക്കുട്ടികളായ യുവരാജും വിനോദും ആദ്യക്ഷരം കുറിച്ചവരില്‍പ്പെടുന്നു.

ചെക്കിക്കുളം: ചെക്കിക്കുളം കൃഷ്ണപിള്ള വായനശാല സംഘടിപ്പിച്ച എഴുത്തിനിരുത്ത് സാഹിത്യകാരി ശാന്ത കാവുമ്പായി ഉദ്ഘാടനം ചെയ്തു. എ.അശോകന്‍ അധ്യക്ഷത വഹിച്ചു. സി.മുരളി, സി.സുകുമാരന്‍, പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

കൂടാളി: കൂടാളി യോഗിനിമാതാ ആശ്രമത്തില്‍ വിജയദശമി ആഘോഷത്തിന് വിനോദ് മുകുന്ദന്‍ നേതൃത്വം നല്‍കി. വിവിധ പൂജകള്‍ നടന്നു. ഉച്ചയ്ക്ക് സദ്യയുമുണ്ടായിരുന്നു.

കൂടാളി താറ്റേൃാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കാര ഭട്ടതിരി ഇല്ലത്ത് കൃഷ്ണന്‍ ഭട്ടതിരി ആദ്യക്ഷരം കുറിച്ചു. പ്രത്യേക പുജകളും വഴിപാടുകളും നടന്നു. 22 പേര്‍ ഹരിശ്രീ കുറിച്ചു.

പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിക്കാന്‍ രാവിലെതന്നെ കുട്ടികള്‍ എത്തിയിരുന്നു. മംഗലത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഹരിശ്രീ കുറിച്ചു. കൂടാളി നമ്പീശന്‍ ഭാഗവതരുടെ സംഗീതക്കച്ചേരിയും നടന്നു. താറ്റ്യോട് എല്‍.പി. സ്‌കൂളിലും കൂടാളി വിവേകാനന്ദ സ്‌കൂളിലും കുട്ടികളെ എഴുത്തിനിരുത്തി.

കണ്ണാടിപ്പൊയില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും നിരവധി കുട്ടികളെ എഴുത്തിനിരുത്തി.