കല്യാശ്ശേരി: പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കും അതിഥികള്‍ക്കും വായനയുടെ ലോകം ആസ്വദിക്കാന്‍ വിദ്യാര്‍ഥിസംഘം ലൈബ്രറി സജ്ജീകരണം തുടങ്ങി.

കല്യാശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് വളപട്ടണം പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്കായി ലൈബ്രറി ഒരുങ്ങുന്നത്.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ സാഹിത്യവും സംഗീതവും ആസ്വദിച്ചിരിക്കാന്‍ കഴിയുന്നതരത്തിലുള്ള ആദ്യത്തെ ഓപ്പണ്‍ ലൈബ്രറിയാണിത്.

ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പേരില്‍ എന്‍.എസ്.എസ്. ഒരുക്കുന്ന ലൈബ്രറി 25-ന് 10ന് പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍, സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ പങ്കെടുക്കും.