പിലാത്തറ: വാദ്യകലയുടെ പാരമ്പര്യം വിളിച്ചോതുന്ന ചെറുതാഴത്തിന് വാദ്യകലാഗ്രാമം അംഗീകാരം. ക്ഷേത്ര കലാ അക്കാദമിയാണ് ചെറുതാഴത്തെ വാദ്യകലാഗ്രാമമായി പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു നാടിനെ വാദ്യകലയുടെ ഗ്രാമമായി തിരഞ്ഞെടുക്കുന്നത്. 28-ന് പ്രഖ്യാപനം നടക്കും. അക്കാദമിയുടെ നേതൃത്വത്തില്‍ 86 കുട്ടികള്‍ക്ക് ഇവിടെ വാദ്യപരിശീലനവും തുടങ്ങിയിട്ടുണ്ട്.

ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ടി.വി.രാജേഷ് എം.എല്‍.എ. ചsങ്ങ് ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരിക്കും. തുടര്‍ന്ന് ചെറുതാഴത്തെ വാദ്യകലാകാരന്മാരുടെ വാദ്യപ്രകടനവും 6.30-ന് പൂതനാമോക്ഷം കഥകളിയുമുണ്ടാകും. പത്രസമ്മേളനത്തില്‍ ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, ചെറുതാഴം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.