പെരിങ്ങത്തൂര്‍: ഇവര്‍ നാലുപേരുണ്ട്. അമ്മിണി, തുളസി, സുഭാസ്, വേല്‍. ഉറ്റവരും ബന്ധുക്കളുമുണ്ടെന്ന് പറയുന്ന ഇവരെല്ലാം വര്‍ഷങ്ങളായി പെരിങ്ങത്തൂര്‍ ടൗണിലെ ഒരു ഇടുങ്ങിയ കടവരാന്തയില്‍ കഴിയുന്നു. ഒരേ ഇരിപ്പും പിന്നെ കിടപ്പും. ഇടയ്ക്ക് പുറത്തേക്കിറങ്ങും. ആധാര്‍, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ഇവയെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. മലയാളം സംസാരിക്കും.

മലപ്പുറം ജില്ലയിലെ വെങ്ങരയിലാണെന്നാണ് അമ്മിണി പറയുന്നത്. സുഭാസ് കൊടുങ്ങല്ലൂരും. തിരൂരിനടുത്ത ആലത്തൂരില്‍ മക്കളുണ്ടെന്ന് തുളസി. രേവതി, സന്ധ്യ, നന്ദിനി, സരിത ഇതാണ് പേരുകള്‍. തമിഴനാണ് താനെന്ന് അമ്മിണിയെനോക്കി വേല്‍ പറയുന്നു. നാലുപേര്‍ക്കും ഒരുമിച്ചുറങ്ങാനുള്ള സ്ഥലം ഈ കടവരാന്തയിലില്ലെങ്കിലും ഉറക്കം ഇവിടെത്തന്നെ. പ്രാഥമികകൃത്യങ്ങള്‍ നടത്തുന്നതാകട്ടെ പെരിങ്ങത്തൂര്‍ പുഴയോരത്തും.

ആകെയുള്ളത് സിം നഷ്ടപ്പെട്ട ഫോണും ഒരു കീറിയ പഴ്‌സും പിന്നെ ഏതാനും സഞ്ചികളും കുറച്ച് പാത്രങ്ങളും. തുളസിയുടെ പഴ്‌സില്‍ മകളുടെതെന്നുപറയുന്ന ഒരു ഫോണ്‍ നമ്പരും രണ്ട് മരുന്നുചീട്ടുകളും. ചിലപ്പോള്‍ മരുന്നുചീട്ടെടുത്തുകാണിച്ച് ഈ മരുന്ന് സംഘടിപ്പിക്കാമോ എന്ന് ചോദിക്കും.

ഒ.പി. ചീട്ടില്‍ 'ആള്‍ക്കഹോളിക്' എന്ന് ഡോക്ടറുടെ കുറിപ്പുമുണ്ട്. ഇടയ്ക്ക് മദ്യപാനമുണ്ടെന്ന് സമീപത്തുള്ള കടക്കാരുംപറയുന്നു.

പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കൃത്യമായി കിട്ടുന്ന ഉച്ചഭക്ഷണമാണ് ഇവരുടെ വിശപ്പടക്കുന്നത്. ഉച്ചയ്ക്ക് കിട്ടുന്നത് അല്‍പ്പം രാത്രിയിലേക്കും മാറ്റിവെയ്ക്കും. സ്‌കൂള്‍ ഒഴിവുദിവസങ്ങളില്‍ തൊട്ടടുത്ത ആനന്ദ് ഹോട്ടലിലെ രാഘവന്‍ ഭക്ഷണംനല്‍കാറുണ്ട്. ആരും അന്വേഷിച്ചുവരാറില്ലെന്ന് ബന്ധുക്കളെക്കുറിച്ച് ചോദിച്ചാല്‍ പറയും. പഴ്‌സിലെ നമ്പറില്‍ വിളിച്ചപ്പോള്‍ രേവതി താമസിച്ചിരുന്ന സ്ഥലത്തിനടുത്ത ഒരു സ്ത്രീയാണെന്നാണ് മറുപടി ലഭിച്ചത്.

പെരിങ്ങത്തൂര്‍ പാലം നിര്‍മാണസമയത്താണ് ഇവിടെയെത്തിയതെന്ന് അമ്മിണി പറയുന്നു. ഇത് ശരിയാണെങ്കില്‍ 40 വര്‍ഷം കഴിഞ്ഞു. 12 വര്‍ഷമായി ഇവിടെയുണ്ടെന്നാണ് തുളസി പറയുന്നത്. ഒപ്പം സുഭാസുമെത്തി. സുഭാസ് രണ്ടാംഭര്‍ത്താവാണെന്നും പറയുന്നു. മുന്‍പ് ഇയാള്‍ തേപ്പുപണിക്ക് പോയിരുന്നു. പണിയായുധങ്ങള്‍ കളവുപോയതോടെ പണിയും നിര്‍ത്തി.

ബന്ധുക്കളെങ്ങാനും വന്ന് കൂട്ടിക്കൊണ്ടുപോയെങ്കില്‍ എന്ന് പ്രതീക്ഷയുമുണ്ടിവര്‍ക്ക്.