പേരാവൂര്‍: പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന 28-ാം മൈലിലെ സെമിനാരി വില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍നിന്ന് മലിനജലം കുടിവെള്ളസ്രോതസ്സിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. ഇതിനെതിരേ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചു.

വിവിധ പ്രദേശങ്ങളില്‍ കൃഷിക്കും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന കാഞ്ഞിരപ്പുഴ മലിനമാക്കുന്നതിനെതിരേയാണ് പാറമടയുടെ സമീപവാസികള്‍ കര്‍മസമിതി രൂപവത്കരിച്ചത്.
 
സെമിനാരി വില്ലയ്ക്ക് സമീപത്തെ വനാതിര്‍ത്തിയിലെ മലമുകളില്‍നിന്നാണ് കാഞ്ഞിരപ്പുഴ ഉദ്ഭവിക്കുന്നത്.
 
ഈ പുഴയിലും പ്രദേശത്തെ പൊതുകുളത്തിലും ഈ മലിനജലം കലര്‍ന്നിട്ടുണ്ട്. എം സാന്‍ഡിനായി പാറപ്പൊടി കഴുകിയ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് കര്‍മസമിതി ആരോപിക്കുന്നു.

സമീപപ്രദേശങ്ങളായ പൂളക്കുറ്റി, വെള്ളറ, നിടുംപുറംചാല്‍, താന്നിക്കുന്ന്, അത്തൂര്‍ എന്നിവിടങ്ങളില്‍ കാഞ്ഞിരപ്പുഴയില്‍നിന്ന് കുളിക്കാനും മറ്റും വെള്ളമുപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും കണ്ണ് നീറ്റലും പതിവാകുന്നതായി കര്‍മസമിതി കണ്‍വീനര്‍ സതീഷ് റോയല്‍ പറഞ്ഞു.
 
പാറമടയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരും കുടിവെള്ളത്തിന് ആശ്രയിക്കുന്നതും കാഞ്ഞിരപ്പുഴയെയാണ്. പുഴയില്‍ അഴുക്കുജലം കലര്‍ന്നതോടെ വെള്ളറ, താഴെവെള്ളറ കോളനിവാസികള്‍ ദുരിതത്തിലുമാണ്.

പാറമടയില്‍ എം സാന്‍ഡ് നിര്‍മിക്കുന്നതിന് അനുമതിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത എം സാന്‍ഡ് നിര്‍മാണത്തിനെതിരേ കളക്ടര്‍ക്ക് പരാതി നല്കാന്‍ കര്‍മസമിതി തീരുമാനിച്ചിട്ടുണ്ട്.
 
സതീഷ് റോയല്‍ കണ്‍വീനറായും കെ.വി.റെജി ചെയര്‍മാനുമായിട്ടുള്ള കര്‍മസമിതി പാറമടയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം, 28-ാം മൈലിലെ പാറമടയില്‍ എം സാന്‍ഡ് നിര്‍മിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി പറഞ്ഞു.
 
പാറമടയ്ക്ക് അനുമതി നല്കിയത് മാസങ്ങള്‍ക്കുമുന്‍പാണെന്നും പഞ്ചായത്തിലെ മിനുട്‌സ് പരിശോധിച്ചശേഷം എം സാന്‍ഡ് നിര്‍മിക്കുന്നതിനെതിരേ നടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു.