പഴയങ്ങാടി: മാടായിപ്പാറയില്‍ വീണ്ടും തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ദാരികന്‍ കോട്ട, സബ് സ്റ്റേഷന്‍ ഭാഗങ്ങളിലാണ് ഏക്കറോളം പുല്‍മേടുകള്‍ കത്തിനശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച തെക്കിനാക്കില്‍ കോട്ടയ്ക്കുസമീപം അഞ്ച് ഏക്കറോളം സ്ഥലത്തെ പുല്‍മേടുകള്‍ കത്തിനശിച്ചിരുന്നു. നാട്ടുകാരും പയ്യന്നൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് തീ യണച്ചത്. സമൂഹദ്രോഹികള്‍ തീയിട്ടതാണെന്നാണ് സംശയം.

ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ അപൂര്‍വയിനം സസ്യങ്ങള്‍ തീപ്പിടിത്തം കാരണം നശിക്കുന്നു. ഇത് മാടായിപ്പാറയുടെ വൈവിധ്യത്തിനുതന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.

ഇതിനെതിരേ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.