പഴയങ്ങാടി: പഴയങ്ങാടി പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ആദ്യം മുളകെട്ടിയും പിന്നീട് ഇരുമ്പുപട്ട ഉപയോഗിച്ച് നന്നാക്കിയെങ്കിലും അതിനുചേര്‍ന്നുള്ള ഒരു ഭാഗം ഇപ്പോള്‍ അടര്‍ന്നുതൂങ്ങിയ നിലയിലാണ്.

പത്തുമാസം മുന്‍പാണ് വാഹനമിടിച്ച് കൈവരി ആദ്യം തകര്‍ന്നത്. വാര്‍ത്തയെത്തുടര്‍ന്നാണ് മുള വെച്ചു കെട്ടിയത്. പ്രതിഷേധം ശക്തമായതോടെയാണ് ഇരുമ്പുപട്ട ഉപയോഗിച്ച് നന്നാക്കിയത്.
 
എന്നാല്‍, ഇതിനും വലിയ ഉറപ്പൊന്നുമില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം തകര്‍ന്ന കൈവരിയുടെ ചേര്‍ന്നുള്ള തൂണ്‍ പൊട്ടിത്തൂങ്ങിയ നിലയിലായത്.

കെ.എസ്.ടി.പി. പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പ്രധാന പാലമാണ് പഴയങ്ങാടി. പാലത്തിന്റെ തൂണിന്റെ സിമന്റ് ഇളകിയ നിലയിലായതിനാല്‍ കമ്പി പുറത്തുകാണാം. കൈവരിയാണെങ്കില്‍ അപകടാസ്ഥയിലുമാണ്.
 
തൂങ്ങിക്കിടക്കുന്ന കൈവരിയുടെ തൂണ്‍ തുരുമ്പിച്ച നേര്‍ത്ത കമ്പിയുയുടെ ബലത്തിലാണ് നില്‍ക്കുന്നത്. തോണിയില്‍ മത്സ്യബന്ധനത്തിനായി പോകുന്ന തൊഴിലാളികള്‍ക്കും ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

താവത്തെ റെയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തിയാകാത്ത അവസ്ഥയില്‍ തന്നെ രാപകല്‍ വ്യത്യാസമില്ലാത ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാലമാണിത്.
 
ഈ ഭാഗത്ത് പുതിയ പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. രാത്രിയില്‍ പാലത്തില്‍ വെളിച്ചവുമില്ല.