പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നിര്‍മാണവും താവം മേല്‍പ്പാലവും ഡിസംബര്‍ 30-നകം പൂര്‍ത്തീകരിക്കുമെന്ന് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പ്രവൃത്തികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.വി.രാജേഷ് എം.എല്‍.എ. പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം വിളിക്കാന്‍ കെ.എസ്.ടി.പി. എന്‍ജിനീയറെ ചുമതലപ്പെടുത്തിയത്.
 
പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരും ടി.വി.രാജേഷ് എം.എല്‍.എ.യും സന്ദര്‍ശിച്ച് വിലയിരുത്തി. മാടായി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു.

രാമപുരം പാലംപണി നിര്‍ത്തിയത് ദുരിതമാകുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞാഴ്ച മാതൃഭൂമി ചിത്രസഹിതം വാര്‍ത്ത നല്‍കിയിരുന്നു.
 
രാമപുരം പാലത്തിന്റെ അനുബന്ധ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ളത് വേഗം പൂര്‍ത്തീകരിക്കുന്നതിനും കെ.എസ്.ടി.പി.യുടെ ബാക്കിവരുന്ന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭാസ്‌കരന്‍പിടിക മുതല്‍ രാമപുരംവരെ റോഡിന്റെ ഇരുവശവും (600 മീറ്റര്‍) സൗന്ദര്യവത്കരിക്കണമെന്ന് രാജേഷ് നിര്‍ദേശിച്ചു.
 
കുട്ടികളുടെ പാര്‍ക്ക്, പാര്‍ക്കിങ് സൗകര്യം, ഫുഡ് കോര്‍ട്ട്, ടോയ്‌ലെറ്റ്, സോളാര്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാന്‍ ചീഫ് എന്‍ജിനീയര്‍ കണ്‍സള്‍ട്ടന്റിന് നിര്‍ദേശം നല്‍കി.

20.40 കിലോമീറ്ററില്‍ 15 കിലോമീറ്റര്‍ ഡ്രെയ്‌നേജ് പൂര്‍ത്തിയാക്കി. പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള ഡ്രെയ്‌നേജ് ഉടന്‍ പൂര്‍ത്തീകരിക്കും.
 
സ്ഥാപിക്കാന്‍ ബാക്കിയുള്ള പ്രധാന കേന്ദ്രങ്ങളിലെ സോളാര്‍ വിളക്കുകള്‍ ഉടന്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
 
ടി.വി.രാജേഷ് എം.എല്‍.എ., കെ.എസ്.ടി.പി. ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, ടി.ദാമോദരന്‍, ഉണ്ണികൃഷ്ണന്‍, എന്‍.നരസിംഹം, ടി.കെ.ബാലദേവ്, പി.കെ.ദിവാകരന്‍, എസ്.കെ.ആബിദ, പി.കെ.ഹസ്സന്‍കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.