പയ്യന്നൂര്‍: ഏത് എഴുത്തുകാരനും ഒരു ദേശമുണ്ടാകും. ചെറുപ്പകാലം മുതല്‍ ജീവിതം അനുഭവിച്ച് കഥാപാത്രങ്ങളെ കണ്ടുവളര്‍ന്ന ഒരുദേശം. എഴുത്തിന്റെ അന്‍പതാം വാര്‍ഷികത്തിലേക്കുകടന്ന പരല്‍മീന്‍ നീന്തുന്ന പാടത്തിന്റെ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണനും ഒരുദേശമുണ്ട്. കഥകള്‍ വായിച്ചും ജീവിതം കണ്ടും വളര്‍ന്ന ദേശം. അത് അന്നൂരും പയ്യന്നൂരുമാണ്. സ്വന്തം നാട്ടില്‍ സ്വീകരണം നല്കുന്നതിന്റെ സന്തോഷത്തില്‍ എഴുത്തുകാരന്‍ നേരത്തേതന്നെ എത്തിയിരുന്നു. അമ്മ സി.വി.നാരായണിയമ്മയുടെ അനുഗ്രഹവും വാങ്ങി അമ്മയ്‌ക്കൊപ്പമാണ് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എത്തിയത്.

വീടിന് തൊട്ടടുത്തുള്ള സി.വി.ബാലകൃഷ്ണന്‍ വായിച്ചുവളര്‍ന്ന അന്നൂര്‍ സഞ്ജയന്‍ സ്മാരക വായനശാലയുടെയും അന്നൂരിലെ കലാസാംസ്‌കാരിക സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു ജന്മനാടിന്റെ ആദരം. ആദരസമ്മേളനം അന്നൂര്‍ വില്ലേജ് ഹാളില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മാന്ത്രികസംഗീതത്തിന്റെ പശ്ചാത്തലമൊരുക്കുന്ന മനോഹരമായ സി.വി.യുടെ എഴുത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

വേദിയില്‍ അമ്മ നാരായണിയമ്മയ്ക്ക് തൊട്ടരികിലിരുന്ന് നാടിന്റെ ആദരം ഏറ്റുവാങ്ങിയ സി.വി.ബാലകൃഷ്ണന്‍ ഒടുവില്‍ മറുപടിപ്രസംഗം നടത്തുമ്പോള്‍ ഏറെ വികാരാധീനനായിരുന്നു. വിചിത്രമായ ഓര്‍മകളാണ് എഴുത്തിന് ഊടും പാവുമായതെന്ന് അദ്ദേഹം പറഞ്ഞു. അന്നൂരെന്ന നാടും അവിടെക്കണ്ട ജനങ്ങളും അവരുടെ ജീവിതവുമാണ് എന്നെ എഴുത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ഒപ്പം സഞ്ജയന്‍ വായനശാലയും -അദ്ദേഹം പറഞ്ഞു.

പരല്‍മീന്‍ നീന്തുന്ന പാടത്തിലെ കഥാപാത്രങ്ങളായ ബാര്‍ബര്‍ എന്‍.വി.കൃഷ്ണന്‍, അന്നൂര്‍ യു.പി. സ്‌കൂളില്‍ സി.വി.യുടെ അധ്യാപികയായിരുന്ന ഗ്രേസി, മുന്‍പ് സഞ്ജയന്‍ വായനശാലാ സെക്രട്ടറിയായിരുന്ന കെ.വി.നാരായണന്‍, സഹപാഠി വി.പദ്മിനി, ടെയ്‌ലര്‍ ചുണ്ണാമ്പി കുഞ്ഞമ്പു, സി.കെ.സുധീര്‍ തുടങ്ങിയവര്‍ വേദിയിലെത്തി തങ്ങളുടെ എഴുത്തുകാരനെ പൊന്നാടയണിച്ചു.

പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രന്‍, വി.എം.ദാമോദരന്‍, കെ.യു.യതീന്ദ്രന്‍, എം.ടി.അന്നൂര്‍, പി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ദേശത്തെ സംഗീത കലാകാരന്മാര്‍ ആദരഗാനം ആലപിച്ചു. ബേബി പി.അഥീന ആയുസ്സിന്റെ പുസ്തകത്തെ ആസ്​പദമാക്കി ഏകപാത്രനാടകം അവതരിപ്പിച്ചു.