പയ്യന്നൂര്‍: തെര്‍മോക്കോളില്‍ രാമന്തളിയിലെ കെ.എം.അനില്‍കുമാര്‍ തീര്‍ക്കുന്നത് മനോഹരമായ രൂപങ്ങളാണ്. ടൈറ്റാനിക് കപ്പലിന്റെ മാതൃകമുതല്‍ ആനക്കൊമ്പുവരെയുള്ള അന്‍പതിലധികം ശില്പങ്ങളാണ് മൂന്നുവര്‍ഷം കൊണ്ട് ഈ കലാകാരന്‍ രൂപപ്പെടുത്തിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വാള്‍, മണി, ശംഖ്, വിളക്ക്, ഉരുളി എന്നിവയാണ് ശേഖരത്തില്‍ അധികവും. രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന്റെ ശ്രീകോവില്‍മാതൃക ഇതില്‍ മികച്ചുനില്‍ക്കുന്ന പ്രവൃത്തികളിലൊന്നാണ്. അഞ്ചടിയിലധികം വലിപ്പമുണ്ട് ശ്രീകോവിലിനും ടൈറ്റാനിക് മാതൃകയ്ക്കും.

ഇലക്ട്രിക്കല്‍ ജോലികള്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന അനില്‍കുമാര്‍ രാത്രികാലങ്ങളിലാണ് തന്റെ സൃഷ്ടികള്‍ നടത്തുക. വലിയൊരു ഗദയുടെ പണിപ്പുരയിലാണ് ഈ കലാകാരന്‍. ശില്പവൈഭവത്തിനുപുറമെ നല്ലൊരു നാടകനടന്‍ കൂടിയാണ് അനില്‍കുമാര്‍.

നാടകവേദി രാമന്തളിയുടെ പ്രവര്‍ത്തകനായ ഈ കലാകാരന്‍ കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി ജില്ലാ കേരളോത്സവത്തിലെ മികച്ച നടനായിരുന്നു. ആര്‍ട്ടിസ്റ്റ് കൂടിയായ റിട്ട. അധ്യാപകന്‍ ആര്‍.കുഞ്ഞികൃഷ്ണന്റെയും ഭവാനിയുടെയും മകനാണ്. ഭാര്യ രജനി, മകള്‍ അഭിജ്ഞ.