പയ്യന്നൂര്‍: എല്‍.എസ്.എസ്.-യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. പയ്യന്നൂര്‍ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം മണ്ഡലംതല പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ അനുമോദന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. പൊതുവിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കണം. നല്ല പഠനാന്തരീക്ഷമുണ്ടാകണം. ഓരോ സ്‌കൂളിലും ഇതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

എല്‍.എസ്.എസ്.-യു.എസ്.എസ്. പരീക്ഷകളില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച പയ്യന്നൂര്‍ ഉപജില്ലയിലെ കുട്ടികളെ അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.എസ്.സുവര്‍ണ, മികച്ച പി.ടി.എ.ക്കുള്ള സംസ്ഥാന-ജില്ലാ അവാര്‍ഡുകള്‍ നേടിയ കോറോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരെയും അനുമോദിച്ചു. സി.കൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉപഹാര സമര്‍പ്പണം നടത്തി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, ഡി.ഡി.ഇ. യു.കരുണാകരന്‍, എം.ഉബൈദുള്ള, രവീന്ദ്രന്‍ കാവിലെ വളപ്പില്‍, ടി.വി.വിനോദ്, സി.കെ.ബിന്ദു, ടി.എസ്.രാമചന്ദ്രന്‍, എം.വി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.