പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണസമിതി അക്കാദമി ഗേറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒരുമാസം പിന്നിട്ടു. സമരപ്പന്തലില്‍ സമരസമിതി വൈസ് ചെയര്‍മാന്‍ പി.കെ.നാരായണന്റെ നിരാഹാരസമരം ഏഴാംദിവസത്തിലേക്ക് കടന്നു.

പയ്യന്നൂര്‍ താലൂക്ക് ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സമരപ്പന്തലിലെത്തി പികെ.നാരായണനെ പരിശോധിച്ചു. ചൊവ്വാഴ്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ സംഘടനകള്‍ സമരപ്പന്തലിലെത്തി. കണ്ണൂരിലെ പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സമരപ്പന്തലിലേക്ക് അനുഭാവപ്രകടനം നടത്തി. ഡോ. ഡി.സുരേന്ദ്രനാഥ്, ഇ.വിശാലാക്ഷന്‍, കസ്തൂരി ദേവന്‍, കെ.ദേവദാസന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചുസംസാരിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, നൗഷാദ് വാഴവളപ്പില്‍, പ്രൊഫ. കെ.രാജഗോപാലന്‍ എന്നിവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

പയ്യന്നൂര്‍ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. പ്രസിഡന്റ് പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് സംസാരിച്ചു. നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുഭാവ ഉപവാസസമരം നടത്തി. പി.പി.ബാലന്‍, വാസുദേവ ആര്‍. പൈ, ദേവപാര്‍വതി, കെ.എം.ഭാനുമതി, കെ.എം.സരസ്വതി, കെ.പി.ഭാര്‍ഗവി, കെ.വി.ദാക്ഷായണി എന്നിവര്‍ ഉപവാസസമരം നടത്തി.

മാലിന്യപ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി രാമന്തളി സെന്‍ട്രലിലേക്ക് പ്രകടനംനടത്തി. കെ.സുനില്‍കുമാര്‍ സംസാരിച്ചു.