പാപ്പിനിശ്ശേരി: അശാസ്ത്രീയമായി നിര്‍മിച്ച റോഡ് വരുത്തിവെച്ച വിനയില്‍ ഉഴലുകയാണ് പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍.
 
സ്‌കൂളിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് ടാറിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞെങ്കിലും ഓവുചാലുകളോ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ മഴക്കാലത്ത് വര്‍ഷങ്ങളായി കുട്ടികള്‍ ദുരിതം അനുഭവിക്കുകയാണ്.

നഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നര വയസ്സ് മുതലുള്ള കുട്ടികള്‍ ഒന്നരയടിയോളം ഉയരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടിലൂടെ നടന്നുവരേണ്ട ഗതികേടിലാണ്.
 
മിക്ക രക്ഷിതാക്കളും കുട്ടികളെ ചുമന്നാണ് സ്‌കൂളില്‍ എത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും.

കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിനിന്നാല്‍ ആഴ്ചകള്‍ക്കുശേഷം മാത്രമേ ശമനമുണ്ടാകുന്നുള്ളൂ.

സ്‌കൂളിലേക്ക് കുട്ടികള്‍ നടന്നുവരുന്ന നടപ്പാതയും ഇതേ അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം തുടങ്ങിയിട്ടും പഞ്ചായത്തിന് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
 
റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ നാട്ടുകാരും രക്ഷിതാക്കളും വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരേ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും രക്ഷിതാക്കളും.