കണ്ണൂര്‍/തലശ്ശേരി: ബി.ജെ.പി. മുന്നേറ്റം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതായി ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിമലാദേവിയുടെ ചിതാഭസ്മനിമജ്ജനയാത്രയ്ക്ക് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡര്‍ കൂടിയായ അവര്‍.

പാലക്കാട് കഞ്ചിക്കോട്ട് വിമലാദേവി എന്ന വീട്ടമ്മയെ കൊലചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി.നേതൃത്വത്തില്‍ ചിതാഭസ്മനിമജ്ജനയാത്ര നടത്തുന്നത്. പാലക്കാട്ട് നിന്ന് പുറപ്പെട്ട രണ്ടുജാഥകളിലൊന്നായ വടക്കന്‍മേഖലാജാഥയാണ് ബുധനാഴ്ച ജില്ലയില്‍ പ്രവേശിച്ചത്. മംഗലാപുരത്ത് നടത്തിയ പ്രസംഗത്തില്‍ കൊലക്കേസ് പ്രതിയായിരുന്നെന്ന കാര്യം എന്തിനാണ് പിണറായി മറച്ചുവെച്ചതെന്ന് ശോഭാസുരേന്ദ്രന്‍ ചോദിച്ചു. ബി.ജെ.പി. തടയാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍നിന്നും പിണറായി പുറത്തിറങ്ങില്ല. പക്ഷേ, അങ്ങനെ തീരുമാനിച്ചിട്ടില്ല. എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ പിറകോട്ട് നയിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് അവര്‍ ആരോപിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല സ്വീകരണം ഉദ്ഘാടനം ചെയ്തു. കൊല്ലുന്നത് ജനാധിപത്യത്തെയാണെന്നും അതിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സി.പി.എം. അക്രമത്തിന് ഇരയാകാത്ത എത്ര രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്ന് അവര്‍ ചോദിച്ചു. മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് എന്‍.രതി അധ്യക്ഷത വഹിച്ചു. ജാഥാ ഉപലീഡര്‍ ജയാസദാനന്ദന്‍, ബി.രാധാമണി, സ്മിത ജയമോഹന്‍, എ.പി.വസന്ത എന്നിവര്‍ സംസാരിച്ചു. ശോഭാരാജന്‍, ഷീബ ഉണ്ണിക്കൃഷ്ണന്‍, സി.പി.സംഗീത എന്നിവര്‍ പങ്കെടുത്തു. മട്ടന്നൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കി.

ചിതാഭസ്മനിമജ്ജനയാത്രയുടെ ബുധനാഴ്ചത്തെ സമാപനം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്നു. ഹിന്ദു െഎക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി ജ്യോതി അധ്യക്ഷയായിരുന്നു. വി.കെ.സജീവന്‍, ഒ.എം.ശാലിന, ആനിയമ്മ രാജേന്ദ്രന്‍, ജയ സദാനന്ദന്‍, ബി.രാധാമണി, ശോഭാ രാജന്‍, ഷീബാ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശോഭാ സുരേന്ദ്രന്‍ മറുപടിപ്രസംഗം നടത്തി

ജാഥ മൂന്നിന് മഞ്ചേശ്വരത്ത് സമാപിക്കും. രേണു സുരേഷ് നയിക്കുന്ന തെക്കന്‍മേഖലാജാഥയുടെ സമാപനം ഇതേദിവസം തിരുവനന്തപുരം തിരുവല്ലത്താണ്.