ഇരിട്ടി: ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ട് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ എട്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മേഖലയില്‍ ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി. പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്, കല്ലറ, വെള്ളരിവയല്‍, മൈലാടുംപാറ, അണക്കെട്ട് എസ്.ടി. കോളനി, മഠത്തില്‍ കുടുംബ കോളനി എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പ്രദേശത്ത് വൈദ്യുതബന്ധം പൂര്‍ണമായും തകര്‍ന്നു.

ഉരുപ്പുംകുണ്ട്-പന്നിമൂല റോഡില്‍ വാഹനഗതാഗതം സ്തംഭിച്ചു. കൂറ്റന്‍ മരങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി. റബ്ബര്‍, തെങ്ങ്, വാഴ, കവുങ്ങ്, മരച്ചീനി എന്നിവയ്ക്കാണ് കാനത്ത നാശം ഉണ്ടായത്. കാറ്റിന്റെ ശക്തിയില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പത്ത് മീറ്റര്‍വരെ പാറിപ്പോയി.
House
ആറളം ഉരുപ്പുംകുണ്ടിലെ ജോയി ജോസഫ് കൊല്ലംകോട്ട് 
തറപ്പിന്റെ വീട്ടിനുമുകളിൽ മരം വീണനിലയിൽ 
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭീതിവിതച്ച് കാറ്റ് കടന്നുപോയത്. ഏകദേശം ഒന്നര മിനുട്ട് മാത്രമാണ് കാറ്റ് ശക്തമായി വീശിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനുള്ളില്‍ കൂറ്റന്‍ മരങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തിയിരുന്നു.

രണ്ട് ഡസനോളം പേരുടെ കൃഷിക്കാണ് നാശമുണ്ടായത്. ഉരുപ്പുംകുണ്ടിലെ ജോയി ജോസഫ് കൊല്ലംകോട്ട് തറപ്പില്‍, ബാബു കുട്ടിയാനിയില്‍, ബിജു തുരത്തേല്‍, സാബു തുരത്തേല്‍, എല്‍ദോ നാലുവേലില്‍, മാത്യു ഈന്തുങ്കല്‍, ഷാജി കുരയ്ക്കനാല്‍, അന്നക്കുട്ടി പാറപ്പുറത്ത് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവരുടെ കൃഷിയും നശിച്ചിട്ടുണ്ട്.

മാത്യു ഈന്തുങ്കലിന്റെ വീടിന്റെ ഷീറ്റ് പത്ത് മീറ്ററോളം പാറിപ്പോയി. തുരത്തേല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂരയില്‍നിന്ന് ഷീറ്റ് വീണ് ഡൈനിങ് ഹാളിലെ മേശയും കസേരയും തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Post
കാറ്റിൽ പന്നിമൂല റോഡിലെ വൈദ്യുതത്തൂൺ
തകർന്ന നിലയിൽ
ഉരുപ്പുംകുണ്ട്, കല്ലറ ഭാഗങ്ങളിലെ പൗലോസ് നാലുവേലില്‍, തേന്നാത്ത് തോമസ്, ജേക്കബ് തിരുമുറ്റത്തില്‍, ടി.ടി.തോമസ് കൊല്ലംകോട് തറപ്പേല്‍, സുരേഷ് ഗീതാനിവാസ്, ഗീത ഗീതാനിവാസ്, ബിജു കുഴിച്ചിറ, മാധവത്ത് ജോസഫ്, നെല്ലിക്കല്‍ ചാക്കോ എന്നിവരുടെ റബ്ബര്‍, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് വ്യാപകമായി നിശിച്ചത്. വെള്ളരിവയലിലെ കാരായി വത്സല, കുരയ്ക്കനാല്‍ സ്‌കറിയ, പതിരിക്കല്‍ ശശി, മണിക്കാംകുഴി ജിമ്മി, എന്നിവരുടെ വിളകള്‍ക്കും നാശം നേരിട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെയും ആറളം വില്ലേജ് ഓഫീസര്‍ സി.ഡി.മഹേഷിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു. ഇരിട്ടിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് റോഡിലെ ഗതാഗതതടസ്സങ്ങള്‍ നീക്കിയത്.