നടുവില്‍: പരാതികളും സമരങ്ങളും ഒഴിവാക്കാന്‍ പുതിയ തന്ത്രങ്ങളുമായി കരിങ്കല്‍ ഖനനം. ഭൂമി നിരപ്പാക്കുകയാണെന്ന വ്യാജേന പ്രദേശത്തെ കല്ല് മുഴുവന്‍ പൊട്ടിച്ച് കടത്തുന്ന വിദ്യയാണ് ക്രഷര്‍ ഉടമകളും മറ്റും പ്രയോഗിക്കുന്നത്.

കെട്ടിടം നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കുകയാണെന്നാണ് പറയുക. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉള്ളതിനാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് പ്രദേശത്തെ കല്ല് മുഴുവന്‍ കടത്തിക്കൊണ്ടുപോകാന്‍ കഴിയും. ക്രഷറുടമകളും കരാറുകാരും ഒത്തുകൊണ്ടുള്ള ഖനനമാണ് ഇങ്ങനെ നടത്തുന്നത്.

ജെ.സി.ബി., ഹിറ്റാച്ചി, ടിപ്പര്‍ ലോറികള്‍ എന്നിവയുടെ സഹായത്തോടെയാണ് ഖനനം. റോഡിനോട് ചേര്‍ന്ന സ്ഥലമാണെങ്കില്‍ മുന്‍ഭാഗത്ത് ഗ്രീന്‍ വലകൊണ്ട് മറയ്ക്കുകയും ചെയ്യും.

ക്രഷറുകളിലേക്കുവേണ്ട കല്ലുകളാണ് ഇങ്ങനെ കടത്തുന്നത്. നഗരങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഭൂരിപക്ഷം ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്.

മലയോര പ്രദേശത്തുനിന്ന് ഇങ്ങനെ കല്ലുകയറ്റി നിരവധി ലോറികളാണ് ദിവസവും പോകുന്നത്. കാവും കുടി, മുളകുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കരിങ്കല്ല് കടത്തിക്കൊണ്ടുപോകുന്നതായി നാട്ടുകാര്‍ പറയുന്നു.